ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസില്‍ അന്തിമ കുറ്റപത്രം നല്‍കാന്‍ ആറുമാസം കഴിയുമെന്ന് എന്‍ഫോഴ്സ്മെന്‍റ്. എം.ശിവശങ്കറിന്‍റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സി.എം. രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കി. അതേസമയം കോടതി രേഖപ്പെടുത്തിയ സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റിന് കൈമാറാന്‍ കസ്റ്റംസ് വിസമ്മതിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വപ്നയ്ക്കും സരിത്തിനുമെതിരെ എന്‍ഫോഴ്സ്മെന്‍റ് ഒക്ടോബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെ സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ കോഴയിടപാടുകളും നിയന്ത്രിച്ചത് യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ചേര്‍ന്നാണെന്ന കണ്ടെത്തലുമായി വ്യാഴാഴ്ച അനുബന്ധ കുറ്റപത്രം നല്‍കി.എന്നാല്‍ അന്വേഷണം തുടരുകയാണെന്നും അന്തിമ കുറ്റപത്രം നല്‍കാന്‍ ആറുമാസം കഴിയുമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് വ്യക്തമാക്കുന്നത്. 

ശിവശങ്കറിന്‍റെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രധാന പ്രതികളായ റബിന്‍സ്, കെ.ടി. റമീസ് തുടങ്ങിയവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയോടു സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് തേടിയിരുന്നു. ഇതിലെ ചില വിവരങ്ങള്‍ക്ക് ഊരാളുങ്കല്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇതടക്കമുള്ള വിവരങ്ങള്‍ വച്ച് സി.എം. രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും.

അതേസമയം കസ്റ്റംസിന്‍റെ അപേക്ഷ പ്രകാരം കോടതി രേഖപ്പെടുത്തിയ സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റിന് കൈമാറാന്‍ കസ്റ്റംസ് വിസമ്മതിച്ചു. രഹസ്യമൊഴി അനുസരിച്ച് സ്വര്‍ണക്കടത്തിലെ ഉന്നതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നാണ് കസ്റ്റംസ് പറയുന്നത്.

English Summary: Gold smuggling case, ED final charge sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com