നേതൃത്വം ഇടപെട്ടു; സിപിഐയെ വെട്ടി നേടിയ ഉപാധ്യക്ഷ സ്ഥാനം തിരികെ നല്കും
Mail This Article
തിരുവനന്തപുരം ∙ സിപിഐയെ വെട്ടി നേടിയെടുത്ത നെടുമങ്ങാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സ്ഥാനം സിപിഎം രാജിവയ്ക്കുന്നു. ഇതു സംബന്ധിച്ചു സിപിഎം ജില്ലാ നേതൃത്വം പാർട്ടി ഏരിയാ നേതൃത്വത്തിനു നിർദേശം നൽകി. എൽഡിഎഫിലെ ധാരണപ്രകാരം വൈസ് ചെയർമാൻ സ്ഥാനം സിപിഐക്കായിരുന്നിതിനാൽ എസ്.രവീന്ദ്രനെ ഇവിടെ പാർട്ടി സ്ഥാനാർഥിയാക്കി. എന്നാൽ, സിപിഎം അപ്രതീക്ഷിതമായി പി.ഹരികേശൻ നായരെ മത്സരത്തിനിറക്കുകയതോടെ രവീന്ദ്രൻ തോറ്റു.
സിപിഎമ്മിന്റെ 24 വോട്ടുകൾ നേടി ഹരികേശൻനായർ വിജയിച്ചു. സ്വന്തം പാർട്ടി അംഗങ്ങളുടെ 3 വോട്ടുകൾ മാത്രം നേടിയ സിപിഐ സ്ഥാനാർഥി വോട്ടെടുപ്പിൽ യുഡിഎഫിനും എൻഡിഎയ്ക്കും ഏറ്റവും പിന്നിലായി. മുന്നണി മര്യാദകൾ ലംഘിച്ചതായി സിപിഐ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണു സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടത്. വൈസ് ചെയർമാൻ സ്ഥാനം ഹരികേശൻ നായർ രാജിവച്ചാൽ ഈ സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടത്താൻ തീയതിയും സമയവും സ്ഥലവും നിശ്ചയിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ വിജ്ഞാപനമിറക്കണം.
English Summary : Nedumangad Muncipality vice chairman election