സെക്രട്ടേറിയറ്റ് ഹൗസ്കീപ്പിങ്ങിൽ എൻഐഎ പരിശോധന; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു
Mail This Article
തിരുവനന്തപുരം∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തിൽ പരിശോധന നടത്തി. സ്വർണക്കടത്തു കേസിലെ പ്രതികൾ സെക്രട്ടേറിയറ്റിലെത്തിയതിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചു.
ഹൗസ് കീപ്പിങ് വിഭാഗത്തിലെ സെർവറുകളിലാണു സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതൽ ഈ വർഷം ജൂലൈ 5 വരെയുള്ള ദൃശ്യങ്ങളാണ് എൻഐഎ ആവശ്യപ്പെട്ടത്. ഒരു വർഷത്തെ ദൃശ്യങ്ങൾ പകർത്താൻ വലിയ ചെലവു വരുമെന്നതിനാൽ എൻഐഎയ്ക്ക് ആവശ്യമുള്ള ദൃശ്യങ്ങൾ അവർ ശേഖരിക്കട്ടെയെന്നാണ് സർക്കാർ നിലപാട്. ഇതനുസരിച്ച് പലപ്പോഴായി എൻഐഎ ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലെത്തി ഹാർഡ് ഡിസ്കുകളിൽ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്.
സെക്രട്ടേറിയറ്റിലും അനക്സിലുമായി 83 ക്യാമറകളാണുള്ളത്. ദൃശ്യങ്ങൾ സൂക്ഷിക്കുന്നതിന് ആധുനിക ഹാർഡ് ഡിസ്കുകൾ വാങ്ങാനായി പൊതുഭരണവകുപ്പ് ടെൻഡർ വിളിച്ചിട്ടുണ്ട്.
English Summary: NIA came to collect CCTV visuals of gold smuggling case accused in Kerala Secretariat