ചൈനയ്ക്കെതിരെ വീണ്ടും ‘ട്രംപ്’ കാർഡ്; ‘ടിബറ്റൻ ബില്ലിൽ’ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ്
Mail This Article
വാഷിങ്ടൻ∙ ചൈനയുമായുള്ള ബന്ധത്തിൽ മറ്റൊരു തലത്തിൽക്കൂടി പ്രതിസന്ധി സൃഷ്ടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടിബറ്റിൽ യുഎസ് കോൺസുലേറ്റ് സ്ഥാപിക്കുക അടക്കമുള്ള വ്യവസ്ഥകളടങ്ങിയ ബില്ലിൽ ട്രംപ് ഒപ്പുവച്ചു. ചൈനയുടെ ഇടപെടലില്ലാതെ അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാൻ ടിബറ്റൻ ബുദ്ധ സമൂഹത്തെ പ്രാപ്തമാക്കുന്ന തരത്തിൽ ഒരു രാജ്യാന്തര സഖ്യം രൂപീകരിക്കാനും ഈ ബില്ലിൽ വ്യവസ്ഥയുണ്ട്.
ദി ടിബറ്റൻ പോളിസി ആൻഡ് സപ്പോർട്ട് ആക്ട് ഓഫ് 2020 എന്ന പേരിലുള്ള ബില്ലിൽ ടിബറ്റുമായി ബന്ധപ്പെടുന്ന വിവിധ പദ്ധതികളും പരിഷ്കരിച്ചവയും വീണ്ടും നിയമാനുസൃതമാക്കുന്നവയും ഉൾപ്പെടെയുള്ള വ്യവസ്ഥകളും ഉണ്ട്. കോവിഡിനെത്തുടർന്നു നൽകുന്ന 2.3 ട്രില്യൺ യുഎസ് ഡോളറിന്റെ ആശ്വാസധന പാക്കേജിനൊപ്പം ഞാറാഴ്ചയാണ് ടിബറ്റ് ബില്ലിനും ട്രംപ് അംഗീകാരം നൽകിയത്. ചൈനയുടെ പ്രതിഷേധം വകവയ്ക്കാതെ യുഎസ് സെനറ്റ് കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നൽകിയിരുന്നു.
പ്രസിഡന്റിന്റെ ഒപ്പോടെ ബിൽ നിയമമായി. ടിബറ്റിൽ ടിബറ്റൻ സമൂഹത്തിനു പിന്തുണ നൽകുന്ന സർക്കാരിതര സംഘടനകളെ സഹായിക്കുന്നത് ഇതോടെ നിയമാനുസൃതമായി. ടിബറ്റിലെ ലാസയിൽ യുഎസ് കോൺസുലേറ്റ് സ്ഥാപിക്കാതെ ഇനി യുഎസിൽ പുതിയ ചൈനീസ് കോൺസുലറ്റ് സ്ഥാപിക്കാൻ അനുമതിയില്ല.
ടിബറ്റിനു വേണ്ടിയുള്ള സ്പെഷൽ യുഎസ് കോഓർഡിനേറ്റർക്കു ചെലവഴിക്കാനായി 1 മില്യൺ യുഎസ് ഡോളറും അനുവദിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. നിലവിലുള്ള 14ാം ദലൈലാമയെ ചൈന ‘വിഘടനവാദി’യായാണ് കണക്കാക്കുന്നത്. ചൈനയിൽനിന്ന് ടിബറ്റിനെ വിഘടിപ്പിക്കാനാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നാണ് അവരുടെ നിലപാട്.
English Summary: Donald Trump Defies China, Signs bill to Stop Interference in Selection of Dalai Lama’s Successor