എറണാകുളത്തും ഷിഗെല്ല? 56കാരിയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്ക്
Mail This Article
കൊച്ചി ∙ എറണാകുളം ജില്ലയിൽ ഷിഗെല്ല എന്ന് സംശയിക്കുന്ന രോഗബാധ റിപ്പോർട്ട് ചെയ്തു. 56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിയാണു പനിയെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 23നു ചികിത്സ തേടിയത്. ഷിഗെല്ലയാണോയെന്നു കണ്ടെത്താനായി സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ആരോഗ്യ വിഭാഗം അടിയന്തര യോഗം ചേർന്നു സാഹചര്യം വിലയിരുത്തി. ജില്ല മെഡിക്കൽ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. വിവേക് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ആരോഗ്യ വിഭാഗവും മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധരും ഭക്ഷ്യസുരക്ഷ വിഭാഗവും ചോറ്റാനിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറും ആരോഗ്യ പ്രവർത്തകരും പ്രദേശത്തു സന്ദർശനം നടത്തി.
കുടിവെള്ള സ്രോതസ്സിലെ സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള തുടർ പരിശോധനകൾ സ്ഥലത്തു നടത്തും. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. വയറിളക്കരോഗങ്ങൾക്കു പ്രധാന കാരണങ്ങളിലൊന്നാണു ഷിഗെല്ല ബാക്ടീരിയ.
English Summary : Case suspecting shigella reported in Kochi