ഉണ്ണികുളത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫ്: എന്ഡിഎ ഭരിച്ച ആവിണിശേരി എല്ഡിഎഫിന്
Mail This Article
കോട്ടയം∙ സംസ്ഥാനത്തെ പഞ്ചായത്ത് ഭരണ സമിതികൾ അധികാരമേറ്റു. വിവിധ പഞ്ചായത്തുകളിൽ അധ്യക്ഷ പദവി അലങ്കരിക്കുന്നവർ ആരൊക്കെയെന്ന് അറിയാം.
തിരുവനന്തപുരം
∙ തിരുവനന്തപുരം പാങ്ങോട്ട് എസ്ഡിപിഐ പിന്തുണയോടെ ലഭിച്ച പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം വേണ്ടെന്നു വച്ചു. പ്രസിഡന്റായതിനു പിന്നാലെ സിപിഎമ്മിലെ ദിലീപ് രാജിവച്ചു. പാങ്ങോട് പഞ്ചായത്തിലാണ് 2 എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ സിപിഎമ്മിലെ ദിലീപ് പ്രസിഡന്റായത്. സിപിഎം 8, കോൺഗ്രസ് 7, എസ്ഡിപിഐ 2, വെൽഫെയർ പാർട്ടി 2 എന്നിങ്ങനെയാണ് ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിലെ കക്ഷിനില. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയപ്പോൾ സിപിഎം സ്ഥാനാർഥിക്ക് എസ്ഡിപിഐ അംഗങ്ങൾ പിന്തുണ നൽകുകയായിരുന്നു. കോൺഗ്രസിലെ എം.എം.ഷാഫി 9 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിലെ ദിലീപ് 10 വോട്ടുകൾ നേടി.
കൊല്ലം
∙ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഇളമ്പള്ളൂർ പഞ്ചായത്തിൽ യുഡിഎഫിന്റെയും എൻഡിഎയുടെയും പിന്തുണയോടെ സ്വതന്ത്ര ആമിന ഷെരീഫ് പ്രസിഡന്റ്. എൽഡിഎഫ് 10, യുഡിഎഫ് 4, എൻഡിഎ 6, സ്വതന്ത്ര 1 എന്നിങ്ങനെയായിരുന്നു കക്ഷി നില.
∙ തൂക്കു പഞ്ചായത്തായിരുന്ന മൺറോതുരുത്തിൽ നടന്ന നറുക്കെടുപ്പിൽ യുഡിഎഫിനു ജയം.
∙ കല്ലുവാതുക്കൽ പഞ്ചായത്തിൽ എൻഡിഎ ഭരണം പിടിച്ചു. ചരിത്രത്തിൽ ആദ്യമായാണു ജില്ലയിൽ ബിജെപി ഒരു പഞ്ചായത്ത് പിടിച്ചത്.
∙ തെക്കുംഭാഗം പഞ്ചായത്തിൽ നറുക്കെടുപ്പിൽ യുഡിഎഫിന് വിജയം. യുഡിഎഫ് 6 , എൽഡിഎഫ് 5, ബിജെപി 1, സ്വതന്ത്ര 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. സ്വതന്ത്രയെ എൽഡിഎഫ് പിന്തുണച്ചതോടെ രണ്ടു മുന്നണികൾക്കും ഒരേ നിലയെത്തിയതിനാൽ നറുക്കെടുപ്പ് നടത്തുകയായിരുന്നു.
∙ അനിശ്ചിതത്വത്തിലായിരുന്ന പോരുവഴി പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ. ആദ്യ റൗണ്ടിൽ രണ്ടു വോട്ട് യുഡിഎഫിനും ഒരു വോട്ട് എൽഡിഎഫിനും ചെയ്തു. ഇതോടെ ബിജെപി പുറത്തായി. തുടർന്നു രണ്ടാം റൗണ്ടിൽ 3 വോട്ടും എസ്ഡിപിഐ യുഡിഎഫിനു ചെയ്തോടെ യുഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫ് 5 – എൽഡിഎഫ് – 5 എൻഡിഎ 5 എസ്ഡിപിഐ 3 എന്നിങ്ങനെയായിരുന്നു ആദ്യ കക്ഷി നില.
∙ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന നെടുവത്തൂർ പഞ്ചായത്തിൽ വിമതയെ യുഡിഎഫ് പിന്തുണച്ചതോടെ സീറ്റുകൾ തുല്യമായി. തുടർന്നു നടന്ന നറുക്കെടുപ്പിൽ യുഡിഎഫിനു വിജയം. യുഡിഎഫ് 6 , എൽഡിഎഫ് 4, എൻഡിഎ 7, യുഡിഎഫ് വിമത – 1. യുഡിഎഫ് വിമത സത്യഭാമ പ്രസിഡന്റായി.
പത്തനംതിട്ട
∙ റാന്നി പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ എൽഡിഎഫ് അധികാരത്തിൽ. കേരള കോൺഗ്രസ് എമ്മിന്റെ ശോഭാ ചാർളി പ്രസിഡന്റായി. എൽഡിഎഫും യുഡിഎഫും അഞ്ചു വീതം അംഗങ്ങളുമായി തുല്യത പാലിച്ചപ്പോൾ സ്വതന്ത്ര അംഗത്തെ പ്രസിഡന്റാക്കി ഭരണം പിടിക്കാനുള്ള യുഡിഎഫ് നീക്കമാണ് ബിജെപി പിന്തുണയോടെ എൽഡിഎഫ് തകർത്തത്. ബിജെപിയുടെ 2 അംഗങ്ങളും എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണച്ചു.
∙ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫിലെ ബിനു ജോസഫ് പ്രസിഡന്റായി. എൽഡിഎഫും എൻഡിഎയും 5 വീതം സീറ്റുകളുമായി തുല്യത പാലിച്ച പഞ്ചായത്തിൽ എസ്ഡിപിഐയുടെ ഒരംഗം എൽഡിഎഫിന് വോട്ടു ചെയ്യുകയായിരുന്നു. 2 അംഗങ്ങളുള്ള യുഡിഎഫ് വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം ബിനു രാജിവച്ചു.
∙ റാന്നി അങ്ങാടിയിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫിനു ഭരണം. സിപിഎമ്മിലെ ബിന്ദു റെജി പ്രസിഡന്റായി.
∙ തോട്ടപ്പുഴശേരി പഞ്ചായത്തിൽ ക്വോറം തികയാത്തതിനാൽ യോഗം പിരിഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നില്ല.
∙ ചിറ്റാർ പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റായി. ചിറ്റാറിൽ കോൺഗ്രസിന് 2 പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉണ്ടായിരുന്നു. ഇതിൽ സജി കുളത്തിങ്കൽ എന്ന സ്ഥാനാർഥിയെ എൽഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. സിപിഎമ്മിലെ കരുത്തനായ എം.എസ്.രാജേന്ദ്രനെ പരാജയപ്പെടുത്തിയ ആളാണ് സജി കുളത്തിങ്കൽ.
∙ കോഴഞ്ചേരിയിൽ നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ ജിജി വർഗീസ് പ്രസിഡന്റായി. ഇവിടെ സ്വതന്ത്രൻ യുഡിഎഫിന് വോട്ടു ചെയ്തിട്ട് ബാലറ്റിനു പിന്നിൽ ഒപ്പിടേണ്ടതിനു പകരം സ്ഥാനാർഥിയുടെ പേരെഴുതിയിരുന്നു. ഇതോടെ വോട്ട് വരണാധികാരി അസാധുവാക്കി. എൽഡിഎഫിനും യുഡിഎഫിനും 5 വീതം വോട്ടാണ് ഉണ്ടായിരുന്നത്. നറുക്കെടുക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടതിനെത്തുടർന്ന് കലക്ടർ ഇടപെട്ടു.
∙ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി സിപിഎമ്മിലെ രേഷ്മ മറിയം റോയി തിരഞ്ഞെടുക്കപ്പെട്ടു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
ആലപ്പുഴ
∙ യുഡിഎഫ് വലിയ കക്ഷിയായ മാന്നാർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് അംഗം പ്രസിഡന്റായി. ഒരു കോൺഗ്രസ് അംഗം എൽഡിഎഫിനാണ് വോട്ട് ചെയ്തത്. ഇവിടെ യുഡിഎഫ് 9, എൽഡിഎഫ് 8, ബിജെപി 1 എന്നതായിരുന്നു കക്ഷിനില.
∙ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് അംഗം പ്രസിഡന്റായി. 6 ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനും വിട്ടു നിന്നു.
∙ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ കോൺഗ്രസ് അംഗം പ്രസിഡന്റായി.
∙ യുഡിഎഫ് വലിയ കക്ഷിയായ മുട്ടാർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് അംഗം മെർലിൻ ബൈജു പ്രസിഡന്റായി. യുഡിഎഫ് 6, എൽഡിഎഫ് 5 എന്നതായിരുന്നു കക്ഷിനില.
∙ ചിങ്ങോലി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നില്ല. 13ൽ 7 അംഗങ്ങളുള്ള യുഡിഎഫിൽ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു തർക്കമുണ്ടായിരുന്നു. രണ്ടുപേർക്കായി മൂന്നും രണ്ടും വർഷം വീതം പ്രസിഡന്റ് സ്ഥാനമെന്നു കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ 2 വർഷം ലഭിക്കേണ്ട അംഗവും മറ്റൊരു അംഗവും വോട്ടെടുപ്പിന് എത്തിയില്ല. ഹാജരായ 5 യുഡിഎഫ് അംഗങ്ങളും റജിസ്റ്ററിൽ ഒപ്പിട്ടില്ല. ഒപ്പിട്ടാൽ 6 അംഗങ്ങളുള്ള എൽഡിഎഫിനു പ്രസിഡന്റ് സ്ഥാനം ലഭിക്കും എന്നതായിരുന്നു സ്ഥിതി. യോഗത്തിന്റെ ക്വോറം തികയാൻ 7 അംഗങ്ങൾ പങ്കെടുക്കണം. ഇവിടെ ഉച്ച കഴിഞ്ഞു വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്താലും സത്യപ്രതിജ്ഞ നടക്കാത്ത സ്ഥിതിയാണ്. പ്രസിഡന്റിനു മുന്നിലാണ് വൈസ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്.
∙ തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് വോട്ടും നേടി എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി ബീന ബിജു ജയിച്ചു; പിന്നാലെ രാജി വച്ചു. ഇവിടെ ബിജെപിയാണ് വലിയ കക്ഷി – 5 സീറ്റ്. എൽഡിഎഫ് – 4, യുഡിഎഫ് – 3, സ്വതന്ത്രൻ – 1. യുഡിഎഫ് പിന്തുണ വേണ്ടെന്നായിരുന്നു എൽഡിഎഫ് നിലപാട്.
∙ പാണ്ടനാട് പഞ്ചായത്തിൽ ആദ്യമായി ബിജെപിക്കു പ്രസിഡന്റ് പദം. ആശ വി.നായരാണു പ്രസിഡന്റ്. 13ൽ 6 അംഗങ്ങളാണു ബിജെപിക്കുള്ളത്. എൽഡിഎഫ് – 5, യുഡിഎഫ് – 2. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ യുഡിഎഫ് പുറത്തായതോടെ ബിജെപിയും എൽഡിഎഫും തമ്മിലായിരുന്നു മത്സരം.
എറണാകുളം
∙ വാഴക്കുളം ഗ്രാമപഞ്ചായത്ത്, വെങ്ങോല ഗ്രാമപഞ്ചായത്ത്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ ക്വാറം തികയാതിരുന്നതിനെ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നില്ല. ക്വാറം തികഞ്ഞില്ല. 20 അംഗങ്ങളുള്ള വാഴക്കുളം പഞ്ചായത്തിൽ യുഡിഎഫിന്റെ 11 അംഗങ്ങളാണ് വിട്ടു നിന്നത്. 23 അംഗങ്ങളുള്ള വെങ്ങോലയിൽ ട്വന്റി ട്വന്റിയുടെ എട്ട് അംഗങ്ങളും എൽഡിഎഫിന്റെ ആറ് അംഗങ്ങളും വിട്ടു നിന്നു. 15 അംഗങ്ങളുള്ള വാഴക്കുളം ബ്ലോക്കിൽ യുഡിഎഫിന്റെ അഞ്ച് അംഗങ്ങളും ട്വന്റി ട്വന്റിയുടെ നാല് അംഗങ്ങളും ഹാജരായില്ല. ഇവിടങ്ങളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും.
∙ ഇലഞ്ഞി പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസിലെ അന്നമ്മ ആൻഡ്രൂസ് പ്രസിഡന്റായി. അന്നമ്മ ആൻഡ്രൂസിന് എട്ടും കേരള കോൺഗ്രസിലെ (ജോസഫ്) പ്രീതി അനിലിന് നാലും വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് (4), കേരള കോൺഗ്രസ് -ജേക്കബ് (1), സിപിഎം (1), സിപിഐ (1), കേരള കോൺഗ്രസ് എം (1) പാർട്ടികൾ ഈ നീക്കത്തിൽ ഒരുമിച്ചു. ബിജെപിയുടെ ഏക അംഗം അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
തൃശൂർ
∙ എൻഡിഎ ഭരിച്ചിരുന്ന അവിണിശേരി പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫിനു ഭരണം. തൊട്ടുപിന്നാലെ കോൺഗ്രസ് പിന്തുണ വേണ്ടെന്നു പ്രഖ്യാപിച്ച് എൽഡിഎഫ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു.
∙ വേളൂക്കര, കൈപ്പറമ്പ് പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫിനു ഭരണം.
പാലക്കാട്
∙ മലമ്പുഴ അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ടി.പി.ശ്രീദേവിക്ക് സിപിഎം അംഗം ലളിതാംബികയുടെ വോട്ട് ലഭിച്ചു.
∙ മങ്കര പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന്, സിപിഎം, കോൺഗ്രസ് തുല്യനില വന്നു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസിലെ ഗോകുൽദാസിന് പ്രസിഡന്റ് സ്ഥാനം.
∙ അലത്തൂർ കാവശേരി പഞ്ചായത്തിൽ യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന്. ഇവിടെ യുഡിഎഫിനും എൽഡിഎഫിനും 8 സീറ്റ് വീതമായിരുന്നു.
∙ കുഴൽമന്ദം പഞ്ചായത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് ടോസിലൂടെ മുൻ പഞ്ചായത്ത് ഉപാധ്യക്ഷ കോൺഗ്രസിലെ മിനി നാരായണൻ തിരഞ്ഞെടുക്കപ്പെട്ടു. 8-8-1 നിലയിൽ ആയിരുന്നു. ബിജെപി മാറി നിന്നു.
മലപ്പുറം
∙ ഇഎംഎസിന്റെ ജന്മഗൃഹം നിലനിൽക്കുന്ന ഏലംകുളം പഞ്ചായത്ത് 40 വർഷത്തിനുശേഷം യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലൂടെയാണു ഭരണം നേടിയത്. ഇവിടെ യുഡിഎഫും എൽഡിഎഫും 8 വാർഡുകളില്‍ വീതം വിജയിച്ചിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി സി.സുകുമാരനാണ് പ്രസിഡന്റ്.
∙ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയ നിറമരുതൂർ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ എൽഡിഎഫിന്. ആകെയുള്ള 17 വാർഡുകളിൽ യുഡിഎഫ് ഒൻപതും എൽഡിഎഫ് എട്ടും വാർഡുകളിൽ വിജയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്‍ലിംലീഗ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെയാണു നറുക്കെടുപ്പു വേണ്ടിവന്നത്. പഞ്ചായത്ത് രൂപീകരിച്ചശേഷം ആദ്യമായി ഭരണം പിടിക്കാനുള്ള അവസരമാണ് യുഡിഎഫിനു നഷ്ടമായത്.
കോഴിക്കോട്
∙ കടലുണ്ടി പഞ്ചായത്ത് പ്രസിഡൻ്റായി എട്ടാം വാർഡ് മണ്ണൂർ നോർത്ത് അംഗം എൽഡിഎഫിലെ വി.അനുഷ (സിപിഎം) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് തിരഞ്ഞെടുപ്പിൽനിന്നു വിട്ടു നിന്നു. പട്ടിക ജാതി വനിത സംവരണമായ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ആളില്ലാതിരുന്നതാണ് യുഡിഎഫ് വിട്ടു നിൽക്കാൻ കാരണം.
∙ ഉണ്ണികുളം – നറുക്കെടുപ്പിൽ യുഡിഎഫിലെ ഇന്ദിര ഏറാടിയിൽ പ്രസിഡന്റ്.
∙ അഴിയൂർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ആയിഷ ഉമ്മർ (ലീഗ്) പ്രസിഡന്റ് ആയി.
Content Highlights: Who all are heading Grama Panchayats?