ADVERTISEMENT

കൂടത്തായി അടക്കം കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് കെ.ജി.സൈമൺ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്ഥാനത്തുനിന്നു വിരമിച്ച ഇദ്ദേഹത്തിനു പറയാനുള്ളത് കുറ്റാന്വേഷണ കഥകളെ വെല്ലുന്ന അന്വേഷണത്തിന്റെ വിവരങ്ങളാണ്. അന്വേഷണത്തിലെ ‘സൈമണിഫിക്കേഷ’ന്റെ കഥകൾ കെ.ജി.സൈമൺ പങ്കുവയ്ക്കുന്നു.

∙ കൊലപാതകി കൂടെത്തന്നെ (1988- തെന്മല സരസ്വതി വധക്കേസ്)

1998ൽ മൂന്നാർ തെന്മല എസ്റ്റേറ്റിലെ വീട്ടുജോലിക്കാരി സരസ്വതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ ആദ്യം ഞെട്ടിയത് അന്വേഷണ സംഘം. പട്ടാപ്പകലാണ് സരസ്വതി കൊലപ്പെട്ടത്. ചെവി അറുത്ത് കമ്മലുകളും മാലയും മോഷ്ടിച്ചിരുന്നു.

സൈമൺ പറയുന്നു: അന്ന് ഞാൻ മൂന്നാറിൽ സിഐ. കൊലപാതകി എസ്റ്റേറ്റിൽത്തന്നെയുണ്ട് എന്ന് ആദ്യമേ തോന്നി. എല്ലാവരുടെയും യാത്രകളും നീക്കങ്ങളും പരിശോധിച്ചെങ്കിലും ആരെയും സംശയിക്കാൻ പറ്റുന്നില്ല. അപ്പോഴാണ് സരസ്വതിയുടെ വീടിനു തൊട്ടടുത്ത് മറയൂരിൽനിന്നു വന്ന ഒരു യുവാവിനെ കണ്ടെത്തുന്നത്.

നല്ല ആരോഗ്യമുള്ളയാൾ. നാട്ടുകാർ എല്ലാം ഉറപ്പിച്ചു: ഇയാൾ തന്നെ കൊലപാതകി. സാഹചര്യത്തെളിവുകളും ഉണ്ട്. പക്ഷേ, അവൻ കുറ്റം സമ്മതിച്ചില്ല. വീണ്ടും ചോദ്യം ചെയ്തപ്പോൾ എസ്റ്റേറ്റിലെ ഒരു ജീവനക്കാരനെ വഴിക്കുവച്ചു കണ്ട കാര്യം അവൻ പറഞ്ഞു. അതു നാഗരാജായിരുന്നു. കേസന്വേഷണ സമയത്ത് പൊലീസിനെ സഹായിച്ച നാഗരാജിന്റെ ലയത്തിൽ ഇരുന്നാണു പലപ്പോഴും പൊലീസ് മൊഴിയെടുത്തതും കേസന്വേഷണ വിവരങ്ങൾ സംസാരിച്ചതും.

നാഗരാജ് എപ്പോഴും പൊലീസിന്റെ കൂടെയുണ്ടുതാനും. മറയൂരുകാരൻ പറയുന്നത് പച്ചക്കള്ളമെന്നായിരുന്നു നാഗരാജിന്റെ മൊഴി. എന്നാൽ, നാഗരാജിന്റെ താമസസ്ഥലം പരിശോധിച്ചപ്പോൾ മാല പണയം വച്ചതായി കണ്ടെത്തി. ആ മാലയുടെ തൂക്കവും സരസ്വതിയുടെ മാലയുടെ തൂക്കവും ഒന്നു തന്നെ. മാല കണ്ടെടുത്തു. അതു സരസ്വതിയുടേതു തന്നെയായിരുന്നു. നാഗരാജിനു കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടെ നിന്നയാൾ തന്നെയാണ് കൊലപാതകി എന്നതു സിനിമയിൽ മാത്രമല്ല സംഭവിക്കുക.

∙ ‘എയ്റോപ്ലെയിൻ’ രക്ഷയ്ക്കെത്തി (2011–നേര്യമംഗലം വിജയമ്മ വധക്കേസ്)

തലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം 2011ൽ കിണറ്റിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. തിരിച്ചറിയാൻ പറ്റിയില്ല. ആർക്കും പരാതിയുമില്ല. അതായിരുന്നു നേര്യമംഗലത്തെ കൊലപാതകം. അന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്നു സൈമൺ.

സൈമൺ പറയുന്നു: കേരളത്തിലെ കാണാതായ എല്ലാ സ്ത്രീകളുടെയും എഫ്ഐആർ എടുത്തു. ഒരു ക്ലൂ പോലും കിട്ടിയില്ല. ഒടുവിൽ ഒരു ‘എയ്റോപ്ലെയിൻ’ രക്ഷയ്ക്കെത്തി. കൊല്ലപ്പെട്ട സ്ത്രീയുടെ അടിവസ്ത്രത്തിൽനിന്ന് എയ്റോപ്ലെയിൻ എന്ന കമ്പനിയുടെ പേരു കിട്ടി. വില കുറഞ്ഞ വസ്ത്രമായിരുന്നു അത്. അതിനു പിന്നാലെയായി അന്വേഷണം.

മൂവാറ്റുപുഴ, ആലുവ പ്രദേശങ്ങളിൽ മാത്രം വിൽക്കുന്നതാണ് ഇതെന്ന് കണ്ടെത്തി. ആ പ്രദേശത്തെ ഹോം നഴ്സുമാരെപ്പറ്റി അന്വേഷിച്ചു. ആയിരത്തിലധികം പേരുണ്ട്. അവരിൽനിന്ന് അഞ്ചുപേരിലേക്ക് എത്തി. അതിൽ ഒരാളുടേതായിരുന്നു മുഖംപോലും തിരിച്ചറിയാൻ പറ്റാത്ത ആ മൃതദേഹം. കോതമംഗലം പല്ലാരിമംഗലം സ്വദേശി വിജയമ്മ.

വിജയമ്മയ്ക്ക് മൂവാറ്റുപുഴയിലെ ഒരു ലോഡ്ജ് മാനേജരുമായി ബന്ധമുണ്ടെന്നു കണ്ടെത്തി. മാനേജരായ പയ്യൻ അപ്പോഴേക്കും പൊലീസിൽ ചേർന്നിരുന്നു. മൃതദേഹം പൊങ്ങിയ വിവരം അറിഞ്ഞ് അയാൾ അതെപ്പറ്റി അന്വേഷിച്ചതായി വിവരം കിട്ടി. അതു വിജയമ്മയാണെന്നു പേടിച്ചെന്ന് അയാൾ പറഞ്ഞെന്നു കേട്ടതോടെ സംശയമായി.

എന്തിന് വിജയമ്മയെപ്പറ്റി പറയണം? ആ ഒരു വാക്കിലാണ് സംശയം വന്നത്. പൊലീസ് ട്രെയിനിയായി ജോലി നേടിയ അൻസനും ബന്ധു ഷെബിനുമാണ് കുറ്റവാളികളെന്ന് അതോടെ നിഗമനത്തിലെത്തി. ക്ഷമയോടെ ഓരോ തെളിവും ശേഖരിച്ചു വന്നതാണ് ഈ കേസ് തെളിയാൻ കാരണം.

∙ 19 വർഷത്തിനു ശേഷം സത്യം പുറത്ത് (1995–ചങ്ങനാശേരി മഹാദേവൻ വധക്കേസ്)

ചങ്ങനാശേരി മതുമൂലയിലെ മഹാദേവനെന്ന ബാലനെ കാണാനില്ല. നേരത്തേയും വീടുവിട്ടു പോയിട്ടുണ്ട് ഈ കുട്ടി. അങ്ങനെതന്നെ പോയിരിക്കാമെന്നാണ് എല്ലാവരും കരുതിയത്. പണം തന്നാൽ മഹാദേവനെ വിട്ടുകൊടുക്കാമെന്നു പറയുന്ന ഫോൺ വിളികളും കത്തുകളും വീട്ടുകാർക്കു കിട്ടിയിരുന്നു. ഈ കേസ് അവസാനിപ്പിക്കാൻ കോടതിയിലേക്ക് റിപ്പോർട്ട് പോയി.

ഹൈക്കോടതി ഇടപെട്ടു. അങ്ങനെയാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്. അന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്നു സൈമൺ. കുട്ടി സ്ഥലം വിടാൻ സാധ്യത കുറവാണെന്ന് ആദ്യമേ മനസ്സിലായി. അങ്ങനെ ബുദ്ധിമുട്ടി ജീവിക്കാനൊന്നും താൽപര്യമില്ലാത്തയാളായിരുന്നു മഹാദേവൻ. 15 രൂപ മാത്രമായിരുന്നു കാണാതാകുമ്പോൾ കൈവശമുണ്ടായിരുന്നത്.

കാണാതായ ദിവസം ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി വലിയ ഘോഷയാത്ര നടന്ന ദിവസമാണ്. ബസുകൾ കുറവ്. കുട്ടി പുറത്തു പോകാനുള്ള സാധ്യതയും കുറവ്. അതിനിടെ, മഹാദേവൻ സൈക്കിൾ നന്നാക്കാൻ പോയ വിവരം ലഭിച്ചു. സൈക്കിൾ കട നടത്തുന്നയാളായിരുന്നു ഹരികുമാർ. മഹാദേവനെ കാണാതായതു മുതൽ ഹരികുമാറിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നിരുന്നു.

രാവിലെ വീട്ടിൽനിന്നിറങ്ങുന്ന ഹരികുമാർ രാത്രി വൈകിയേ വീട്ടിൽ എത്തുമായിരുന്നുള്ളൂ. ഇത് ആരും ശ്രദ്ധിച്ചിരുന്നില്ലെന്നു മാത്രം. അന്വേഷണം ഹരികുമാറിലേക്ക് എത്തി. മഹാദേവന്റെ മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ചയാളെയും കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു. ഇരു മൃതദേഹങ്ങളും മറിയപ്പള്ളിയിലെ വെള്ളക്കെട്ടിലാണ് മറവു ചെയ്തത്.

ഇവിടെ നിന്ന് ശാസ്ത്രീയമായി അവശിഷ്ടങ്ങൾ കണ്ടെത്താനായി. മഹാദേവൻ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത് 19 വർഷങ്ങൾക്കു ശേഷമാണ്. എത്ര വർഷം കഴി‍ഞ്ഞാലും കൊലപാതകയിലേക്ക് എത്തിക്കുന്ന ഒരു തെളിവ് അവശേഷിച്ചിട്ടുണ്ടാകുമെന്ന് സൈമൺ പറയുന്നു.

English Summary: KG Simon retired from service sharing his experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com