സിപിഎമ്മിന്റെയും വെള്ളാപ്പള്ളിയുടെയും ലക്ഷ്യം ഒന്ന്; ഇത് അപകടം: ലീഗ് മറുപടി
Mail This Article
കോഴിക്കോട്∙ മുസ്‌ലിം ലീഗിൽ വർഗീയത ആരോപിച്ച് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുകയാണ് വെള്ളാപ്പള്ളി നടേശനും സിപിഎമ്മും ചെയ്യുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി. അതിതീവ്ര വർഗീയത ഉണ്ടാക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. തന്റെ പാർട്ടി അകപ്പെട്ട അമളിയിൽ നിന്ന് രക്ഷപ്പെടാനാണ് എ. വിജയരാഘവൻ ലീഗിനെതിരെ വിമർശനം ഉന്നയിക്കുന്നത്. ബിജെപിയെ സഹായിക്കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്നും ഇ.ടി. കോഴിക്കോട് പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം. മുസ്‌ലിം ലീഗ് നേതാക്കള്‍ ക്രൈസ്തവ സഭകളുടെ തിണ്ണനിരങ്ങുന്നത് അശ്ലീലമായ ഒത്തുകളിയുടെ ഭാഗമായാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളില്‍ മുസ്‌ലിം സമുദായം അപ്രമാദിത്തം നേടി.
ഈ വിവേചനം ക്രൈസ്തവ സഭകള്‍ ചർച്ച ചെയ്യാൻ തുടങ്ങിയതോടെയാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയതെന്നും ഇത് അപകടമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അതിനാൽ സാമൂഹ്യനീതിക്കായി ഭൂരിപക്ഷ സമുദായം വോട്ടുബാങ്കായി മാറേണ്ട കാലം അതിക്രമിച്ചെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
English Summary : Muslim League reply To Vellappally Natesan