ADVERTISEMENT

തിരുവനന്തപുരം∙ സര്‍ക്കാര്‍ പ്രോജക്ടില്‍ ജോലി നേടാനായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹാജരാക്കിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം തൈക്കാടുണ്ടായിരുന്ന സ്ഥാപനം മുഖേന ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. സ്ഥാപനത്തിന്റെ ഉടമകളെ കണ്ടെത്തി പ്രതിയാക്കാനുള്ള ശ്രമത്തിലാണ് കന്റോണ്‍മെന്റ് പൊലീസ്.

ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാര്‍ക്കില്‍ സ്വകാര്യ കണ്‍സല്‍ട്ടന്‍സിയായ പിഡബ്ല്യുസി വഴി ജോലി നേടിയപ്പോള്‍ സ്വപ്ന പറഞ്ഞത് ബികോം ബിരുദധാരിയെന്നായിരുന്നു. മുംബൈയിലെ ബാബാ സാഹിബ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. ഇത് വ്യാജമെന്നുള്ള കണ്ടെത്തലിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തതും ഉറവിടം കണ്ടെത്തിയതും.

2017ലാണ് സ്വപ്ന സര്‍ട്ടിഫിക്കറ്റ് നേടുന്നത്. പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. ഇടനിലക്കാരായത് തൈക്കാട് പ്രവര്‍ത്തിച്ചിരുന്ന എഡ്യൂക്കേഷന്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനവും. ഈ സ്ഥാപനത്തില്‍ ബന്ധപ്പെട്ടാണ് സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഒരു ലക്ഷത്തോളം രൂപയും നല്‍കി. ഇവരാണ് പഞ്ചാബിലെ സ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിനല്‍കിയത്.

തൈക്കാടുള്ള സ്ഥാപനം പൂട്ടിപ്പോയി. അതിനാല്‍ ഉടമസ്ഥരെ കണ്ടെത്തിയിട്ടില്ല. കണ്ടെത്തി പ്രതിചേര്‍ക്കാനാണ് സിഐ ഷാഫിയുടെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിന്റെ നീക്കം. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി 20 ലക്ഷത്തോളം രൂപ ശമ്പളമായി സ്വപ്ന കൈപ്പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനപ്പുറം അന്വേഷണം മുന്നോട്ട് പോയിരുന്നില്ല.

English Summary: Swapna Suresh's fake degree certificate given by Punjab institute, says police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com