ADVERTISEMENT

തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ വാങ്ങിയ വിവാദഭൂമി സർക്കാരിനു കൈമാറുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു. വസന്തയില്‍നിന്നു വാങ്ങി ഭൂമി നൽകാനുള്ള നീക്കത്തെ കുട്ടികൾ നിരസിച്ചിരുന്നു. സർക്കാർ ഭൂമി നൽകിയാൽ മാത്രമേ സ്വീകരിക്കൂവെന്നു മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും വ്യക്തമാക്കുകയും ചെയ്തു.  

രാവിലെ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പില്‍ ബോബി മുഖ്യമന്ത്രിയെ കാണണമെന്ന് ആഗ്രഹം പങ്കുവച്ചിരുന്നു. ‘എനിക്കൊരു കാര്യം മനസ്സിലായത് ആ കുട്ടികൾക്ക് ആ രേഖകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈകൊണ്ട് ലഭിക്കണമെന്നാണ്. ഞാൻ ആലോചിച്ചപ്പോൾ അത് കുട്ടികളുടെ ന്യായമായ ആഗ്രഹമാണെന്നാണ് തോന്നിയത്. മാത്രവുമല്ല നമ്മുടെ മുഖ്യമന്ത്രി അത് നൽകുവാൻ ഏറെ അനുയോജ്യനുമാണ്. 

അദ്ദേഹം പല കാര്യങ്ങളിലും ഈ കുട്ടികളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോൾ ഇക്കാര്യം ഞാൻതന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ടു അപേക്ഷിക്കുവാൻ പോവുകയാണ്. അങ്ങയുടെ കൈ കൊണ്ട് തന്നെ ഈ രേഖകൾ കുട്ടികൾക്ക്‌ നൽകണമെന്ന്. അതിനായി മുഖ്യമന്ത്രിയെ നേരിൽകണ്ട് ഇക്കാര്യം അറിയിക്കാനായി ഞാൻ തിരുവനന്തപുരത്ത് തുടരുകയാണ്.’– ബോബി കുറിച്ചു. 

അതേസമയം, ഭൂമി തന്റേതു തന്നെയെന്നും പട്ടയമുള്ള ഭൂമിയാണെന്നും ആവര്‍ത്തിച്ചു പരാതിക്കാരി വസന്ത രംഗത്തെത്തി. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരമടയ്ക്കുന്ന ഭൂമിയില്‍ ആണെന്നും കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിച്ചശേഷം ബോബി ചെമ്മണ്ണൂരിനു ഭൂമി നല്‍കാമെന്നും വസന്ത പറഞ്ഞു. 

English Summary: Will Handover the Controversial Land in Neyyattinkara to Government, Says Boby Chemmanur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com