സർക്കാരുമായി ഇടഞ്ഞു; ആലിബാബയുടെ അടിത്തറ മാന്താൻ ചൈന: എവിടെ ജാക്ക് മാ?
Mail This Article
ബെയ്ജിങ്∙ സർക്കാരുമായി ഇടഞ്ഞതോടെ ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ നേരിടുന്നത് കടുത്ത പ്രതിസന്ധി. രണ്ടുമാസമായി അദ്ദേഹം പൊതു വേദികളിൽനിന്നു വിട്ടുനിന്നതോടെ വ്യാവസായിക ലോകത്ത് സംശയങ്ങൾ ഉയരാൻ തുടങ്ങി. ഒക്ടോബറിൽ ഷാങ്ഹായ്‌യിൽ നടന്ന പരിപാടിയിൽ ജാക്ക് മാ ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചു പ്രസംഗിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെയായിരുന്നു ജാക്കിന്റെ പ്രതികരണം.
'ചൈനക്കാര്‍ പറയുന്നതു പോലെ, നിങ്ങള്‍ 100,000 യുവാന്‍ ബാങ്കില്‍നിന്നു കടമെടുത്താല്‍ നിങ്ങള്‍ക്ക് ചെറിയ പേടിയുണ്ടാകും. നിങ്ങള്‍ 10 ലക്ഷം യുവാനാണ് കടമെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്കും ബാങ്കിനും പേടിയുണ്ടാകും. അതേസമയം നിങ്ങള്‍ 1 ബില്ല്യന്‍ ഡോളറാണ് കടമെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്കു ഭയമേ കാണില്ല, മറിച്ച് ബാങ്കിനു പേടിയുണ്ടാകും'- എന്നു പറഞ്ഞതാണ് ജാക്ക് മായെ കെണിയിലാക്കിയത്.
ചൈനയ്ക്ക് ഒരു സാമ്പത്തിക പരിസ്ഥിതി ഇല്ലാ എന്നു പറഞ്ഞത് അധികാരികള്‍ ഗൗരവത്തിലെടുക്കുകയായിരുന്നു. ചൈനീസ് ബാങ്കുകള്‍ പണയം വയ്ക്കല്‍ കടകളാണെന്നും മാ പറഞ്ഞു. ഇതിനാല്‍ ചിലര്‍ വന്‍ തുക കടമെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും വലിയ ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫറിങ്) അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനു രണ്ടാഴ്ച മുൻപാണ് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെക്കുറിച്ച്, ചൈനയെ ചൊടിപ്പിച്ച, ഈ വാചകം മാ തന്റെ ഒരു പ്രസംഗത്തില്‍ പറഞ്ഞത്.
ഇതോടെ ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാൺ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. നവംബറിൽ ജാക്ക് മായുടെ ഫിനാൻഷ്യൽ ടെക്ക് കമ്പനിയായ ആന്റ് ഗ്രൂപ്പിനു വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം പ്രസിഡന്റ് ഷി ചിൻപിങ് നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു.
ഷാങ്ഹായ്, ഹോങ്കോങ് സ്‌റ്റോക് എക്‌ചേഞ്ചുകളിലായി 35 ബില്ല്യന്‍ ഡോളര്‍ മൂല്യത്തിലുള്ള, ലോകം ഇന്നേവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ഐപിഒ മാറ്റിവയ്ക്കപ്പെടുകയായിരുന്നു. നിയമത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട ശേഷം മതി ഐപിഒ എന്നാണ് അധികാരികള്‍ പറഞ്ഞത്. ഈ വാര്‍ത്ത വന്നതോടെ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്സ്‌ചേഞ്ചിലും ആലിബാബയുടെ ഓഹരികള്‍ മൂക്കു കുത്തി.
ധാരാളം ലാഭമുണ്ടാക്കുന്ന ഒന്നായിരുന്നു ആന്റ് കമ്പനി. ഐപിഒ വഴി 34.5 ബില്ല്യന്‍ ഡോളര്‍ ഉണ്ടാക്കാനാണ് കമ്പനി ശ്രമിച്ചത്. ഈ തുകയുടെ വലിയൊരു പങ്കും ചെറുകിട ലോണുകളായി നല്‍കാനാണ് മാ നീക്കം നടത്തിയത്. അതേസമയം, ചൈനീസ് ബാങ്കുകള്‍ക്ക് ലോണ്‍ നല്‍കാന്‍ അധികം ആസ്തിയുമില്ല. ചെറുകിട ലോണ്‍ ബിസിനസ് അതിവേഗമാണ് ചൈനയില്‍ വളരുന്നത്. ആന്റിന്റെ ഉപയോക്താക്കള്‍ ധാരാളമായി ചെറുകിട ലോണുകള്‍ എടുത്തു കൂട്ടുന്നുമുണ്ട്. കൂടുതല്‍ മൂലധനവുമായി ആന്റ് ഇറങ്ങിയാല്‍ തങ്ങള്‍ക്കു തട്ടുകിട്ടുമെന്ന തോന്നല്‍ തന്നെയായിരിക്കാം ബെയ്ജിങ്ങിനെക്കൊണ്ട് ഇതു ചെയ്യിച്ചതെന്നു കരുതുന്നു.
1990കളിൽ വെറും 800 രൂപ പ്രതിമാസ ശമ്പളം വാങ്ങി അധ്യാപക ജോലി ചെയ്തിരുന്ന മാ യുന്‍ എന്ന യുവാവാണ് പിന്നീട് ആലിബാബയുടെ തലവനായി മാറിയത്. 1999ല്‍ തന്റെ 17 സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരംഭിച്ച ആലിബാബ എന്ന ഓണ്‍ലൈന്‍ സ്റ്റോർ ജാക്ക് മായെ ശതകോടീശ്വരനാക്കി.
ഇന്റര്‍നെറ്റിന്‍റെ സാധ്യത തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തിയതാണ് ജാക്ക് മായെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാക്കിയത്. 18 പേരെ വച്ച് െവറും 1.40 ലക്ഷം രൂപ മുടക്കി ആരംഭിച്ച ആലിബാബയുടെ ഇന്നത്തെ മൂല്യം 29 ലക്ഷം കോടി രൂപയാണ്. ഒരു ലക്ഷത്തിലേറെ പേര്‍ ആലിബാബയിൽ ജോലി ചെയ്യുന്നു. ഒരു ദിവസം ആലിബാബയുടെ വെബ്സൈറ്റിലെത്തി ഉത്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം 10 കോടിയാണ്.
ഇന്റര്‍നെറ്റിനു മേല്‍ ഈ കമ്പനികള്‍ക്കുള്ള പ്രഭാവമാണ് ഇവയ്‌ക്കെതിരെ നീങ്ങാന്‍ ചൈനയെ പ്രേരിപ്പിച്ചത്. അതിനായി കുത്തക വിരുദ്ധ നിയമം കഴിഞ്ഞ മാസം ചൈന കൊണ്ടുവന്നിരുന്നു. ഇത്രയും കാലം കയറൂരിവിട്ടിരുന്ന ബിസിനസുകാരെയൊക്കെ കുറ്റിയില്‍ കെട്ടാനുള്ള ശ്രമമാണ്. തകര്‍ക്കാനാകാത്ത വിധത്തില്‍ വളര്‍ന്ന കമ്പനി എന്നായിരുന്നു ഒരിക്കല്‍ മായുടെ കമ്പനികളെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഇത്തരം കമ്പനിയല്ല തങ്ങള്‍ക്കു വേണ്ടത്, മറിച്ച് ചെറിയ, പറഞ്ഞാല്‍ കേള്‍ക്കുന്ന കമ്പനികള്‍ മതി എന്നാണ് സർക്കാർ നിലപാട്. ഇതോടെയാണ് കുത്തക കമ്പനികളുടെ അടിത്തറ തകർക്കുന്ന നടപടികളുമായി ചൈനീസ് സർക്കാർ മുന്നോട്ടു പോകുന്നത്.
Content Highlights: Alibaba vs Chinese Govt