ADVERTISEMENT

കാബുള്‍∙ അഫ്ഗാനിസ്ഥാനില്‍ ചാരപ്രവര്‍ത്തനം നടത്തിയതിനു പിടിയിലായ 10 ചൈനീസ് പൗരന്മാരെ അതീവരഹസ്യമായി മാപ്പു നല്‍കി വിട്ടയച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാര്‍ അയച്ച പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ഇവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നു പുറത്തുകടന്നു. എന്ത് ഉപാധിയിലാണ് ചൈനീസ് ചാരന്മാരെ മോചിപ്പിച്ചതെന്നു വ്യക്തമല്ല.

പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ അനുവാദം ലഭിച്ചതിനു പിന്നാലെ ശനിയാഴ്ച ഇവരെയും കൊണ്ടു വിമാനം രാജ്യം വിട്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 23 ദിവസം തടങ്കലില്‍ പാര്‍പ്പിച്ച ശേഷമാണ് ഇവരെ മോചിപ്പിച്ചത്. അഫ്ഗാനിസ്ഥാനില്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്ന സ്ത്രീ അടക്കം പത്തംഗ ചൈനീസ് സംഘത്തെയാണു ആഴ്ചകള്‍ക്കു മുൻപ് പിടികൂടിയത്. കാബുളില്‍ ഭീകരസെല്‍ ആയി പ്രവര്‍ത്തിച്ചിരുന്ന പത്തു ചൈനീസ് പൗരന്മാരെയാണു പിടികൂടിയതെന്നും ചൈന മാപ്പ് പറയണമെന്നും അഫ്ഗാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

ഡിസംബര്‍ പത്തു മുതലാണ് ചൈനീസ് ചാരന്മാര്‍ക്കെതിരായ നീക്കം ആരംഭിച്ചത്. അറസ്റ്റിലായ ലീ യാങ്യാങ് ജൂലൈ മുതല്‍ ചൈനീസ് ചാരസംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണ്. കാബുളിന്റെ പ്രാന്തപ്രദേശത്തെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കാബുളിലെ ഷിര്‍പുരില്‍ റസ്റ്ററന്റ് നടത്തിയിരുന്ന ഷാ ഹുങ് എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തിരുന്നു. 

ഏറെ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ചൈനീസ് പൗരന്മാരെ അഫ്ഗാനില്‍ ചാരപ്രവര്‍ത്തനത്തിനു പിടികൂടുന്നത്. ഇവര്‍ക്കു താലിബാന്‍ ബന്ധമുള്ള ഹഖാനി ഗ്രൂപ്പുമായി അടുപ്പമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അമേരിക്ക അഫ്ഗാനില്‍നിന്നു സൈന്യത്തെ പിന്‍വലിച്ചതിനു പിന്നാലെ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനീസ് നീക്കത്തിന്റെ ഭാഗമാണു ചാരപ്രവര്‍ത്തനം എന്നാണു കരുതപ്പെടുന്നത്. 

English Summary: 10 Chinese spies caught in Kabul get a quiet pardon, fly home in chartered aircraft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com