ADVERTISEMENT

ഇംഫാല്‍∙ മണിപ്പുരില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണയ്ക്കാന്‍ ബംബി ബക്കറ്റ് ഓപ്പറേഷനുമായി ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്ടറുകള്‍.

ഒരു തടാകത്തില്‍നിന്ന് ഹെലികോപ്ടര്‍ നീണ്ട കേബിളില്‍ തൂക്കിയിട്ട വലിയ ബക്കറ്റില്‍ വെള്ളം കോരിയെടുത്ത് തീ പടരുന്ന പ്രദേശങ്ങളില്‍ ഒഴിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു. മണിപ്പുരിലും നാഗാലാന്‍ഡിലും പടര്‍ന്നു കിടക്കുന്ന സുകൗ താഴ്‌വരയില്‍ പടരുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിലാണ് നാല് വ്യോമസേനാ ഹെലികോപ്ടറുകള്‍. സൈന്യവും അസം റൈഫിള്‍സുമാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. 

നാല് എംഐ-17 ഹെലികോപ്ടറുകളാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നതെന്നും സുകൗ താഴ്‌വരയിലെ തീ അണയ്ക്കാന്‍ ബംബി ബക്കറ്റ് ഓപ്പറേഷന്‍ നടത്തുകയാണെന്നും വ്യോമസേന ട്വീറ്റ് ചെയ്തു. കേബിളുകളില്‍ തൂക്കിയിട്ട ബക്കറ്റുകളിലാണു വെള്ളം ശേഖരിക്കുന്നത്. ലോകമെമ്പാടും അഗ്നിശമന സേനകള്‍ ഉപയോഗിക്കുന്ന രീതിയാണിത്. 

പ്രകൃതിഭംഗി നിറഞ്ഞ, രാജ്യാന്തര ട്രക്കിങ് കേന്ദ്രമായ സുകൗ താഴ്‌വരിയിലെ 200 ഏക്കര്‍ വനം കാട്ടുതീയില്‍ ചാരമായി കഴിഞ്ഞതായി സര്‍ക്കാര്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന നിരവധി സസ്യജാലങ്ങള്‍ നശിച്ചു. സമുദ്രനിരപ്പില്‍നിന്ന് 2452 മീറ്റര്‍ ഉയരത്തിലാണു താഴ്‌വര. 

ഇരുന്നൂറിലേറെ അഗ്നിശമന സേനാംഗങ്ങളാണു തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. കിഴക്കന്‍ ഭാഗത്ത് തീ നിയന്ത്രണവിധേയമായതായി മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് അറിയിച്ചു. ശനിയാഴ്ച എന്‍ഡിആര്‍എഫ് സംഘവും താഴ്‌വരയില്‍ എത്തിയിട്ടുണ്ട്. 

നാഗാലാന്‍ഡിലെ സുകൗ റേഞ്ചിലാണ് ചൊവ്വാഴ്ച കാട്ടുതീ ആദ്യം പടര്‍ന്നത്. അവിടെനിന്ന് മണിപ്പുരിലെ സേനാപതി ജില്ലയിലേക്കു വ്യാഴാഴ്ച തീ പടരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com