ADVERTISEMENT

ബെയ്ജിങ് ∙ ആത്മീയനേതാവായ ദലൈ ലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ടിബറ്റിനുള്ള അവകാശം അടിവരയിടുന്ന ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടതിനു പിന്നാലെ സൈനികാഭ്യാസ പ്രകടനം നടത്തി ചൈനയുടെ മുന്നറിയിപ്പ്. ടിബറ്റിന്റെ തലസ്ഥാനമായ ലാസയ്ക്കു മുകളിലാണു ചൈന ഹെലികോപ്റ്ററുകൾ പറത്തിയതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ചൈനയുടെ ഇടപെടലില്ലാതെ അടുത്ത ദലൈ ലാമയെ തിരഞ്ഞെടുക്കാൻ ടിബറ്റുകാർക്ക് സാഹചര്യമൊരുക്കാൻ രാജ്യാന്തര സഖ്യം രൂപീകരിക്കാനും ടിബറ്റൻ പോളിസി ആൻഡ് സപ്പോർട്ട് ആക്ട് 2020ൽ നിർദേശിക്കുന്നു. ടിബറ്റിൽ യുഎസ് കോൺസുലേറ്റ് സ്ഥാപിക്കാനും ട്രംപ് ഒപ്പിട്ട ബില്ലിൽ നിർദേശമുണ്ട്. പുതിയ നീക്കം യുഎസ് – ചൈന ബന്ധത്തെ മോശമായി ബാധിക്കുമെന്നു ചൈനീസ് സർക്കാർ പ്രതികരിച്ചതിനു പിന്നാലെയാണു സൈനികാഭ്യാസം.

യുഎസ് കൊണ്ടുവന്ന നിയമത്തെ ടിബറ്റ് സ്വാഗതം ചെയ്തിരുന്നു. യുഎസ് നിയമത്തിന്റെ കൂടി പശ്ചാത്തലത്തിൽ ടിബറ്റിനെ മെരുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് തുടരുന്ന ശ്രമത്തിന്റെ ഭാഗമാണു ഹെലികോപ്റ്റർ പ്രകടനമെന്നു ന്യൂഡൽഹിയിലെ ചൈനാ നിരീക്ഷകൻ പറഞ്ഞു. ചൈനീസ് പ്രദേശങ്ങളിൽ മതവിശ്വാസങ്ങളെയും ഇതര പാരമ്പര്യങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമം കാലങ്ങളായി നടക്കുകയാണ്.

‘യുഎസ് നിയമത്തിനുള്ള പിന്തുണയെ കാണിക്കുന്ന ഒന്നും ടിബറ്റിൽ സംഭവിക്കാൻ ചൈന ആഗ്രഹിക്കുന്നില്ല. സൈനികാഭ്യാസം മുൻകരുതൽ നടപടിയാണ്. ഏതെങ്കിലും വിയോജിപ്പുകൾ തടയുന്നതിനുള്ള മറ്റു നടപടികളും പിന്നാലെയുണ്ടാകും’– അദ്ദേഹം ചൂണ്ടിക്കാട്ടി. 2008ലെ ബെയ്ജിങ് ഒളിംപിക്സിനു മുൻപായി ടിബറ്റിലെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തെ അടിച്ചമർത്താനും ഇതുപോലെ സൈനികപ്രകടനം ചൈന നടത്തിയിരുന്നു.

English Summary: China flies choppers over Lhasa in military drill to tame Tibet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com