50, 100 രൂപ മുദ്രപ്പത്രമില്ല; പകരം 500, 1000 രൂപയുടെ വാങ്ങേണ്ട ഗതികേടില്‍ ജനം
Mail This Article
തിരുവനന്തപുരം∙ കോട്ടയം ഉൾപ്പെടെയുള്ള ചില ജില്ലകളിൽ 50, 100 രൂപയുടെ മുദ്രപ്പത്രങ്ങൾക്കു ക്ഷാമം. മറ്റു ജില്ലകളിൽനിന്ന് മുദ്രപ്പത്രമെത്തിച്ച് ക്ഷാമം താൽക്കാലികമായി പരിഹരിക്കാൻ ട്രഷറി അധികൃതർ നിർദേശിച്ചു. നാസിക്കിൽനിന്ന് മുദ്രപ്പത്രം എത്തിക്കേണ്ട സെൻട്രൽ സ്റ്റാംപ് ഡിപ്പോയോട് സ്റ്റോക്കിന്റെ കണക്കും ആവശ്യപ്പെട്ടു. റിപ്പോർട്ട് കിട്ടിയശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുദ്രപ്പത്ര വിതരണത്തിന്റെ ചുമതലയുള്ള ട്രഷറി ഡയറക്ടേറ്റ് അറിയിച്ചു.
50,100രൂപ വിലയുള്ള മുദ്രപ്പത്രത്തിനു പകരം 500 രൂപയ്ക്കു മുകളിലുള്ള മുദ്രപ്പത്രങ്ങൾ വാങ്ങാനാണ് ആളുകളെ നിർബന്ധിക്കുന്നത്. റജിസ്ട്രേഷനുള്ള മുദ്രപ്പത്ര കച്ചവടക്കാർ കമ്മിഷനുവേണ്ടി ഇത് പൂഴ്ത്തിവയ്ക്കുന്നതായും ആക്ഷേപമുണ്ട്. 1 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകളിൽ ഇപ്പോൾ ഇ സ്റ്റാംപിങാണ്. ആർക്കുവേണമെങ്കിലും ട്രഷറിയിൽ പണം അടച്ച് മുദ്രപ്പത്രങ്ങൾ ഡൗൺലോഡ് ചെയ്യാം. 1 ലക്ഷം രൂപയിൽ താഴെയുള്ള ഇടപാടുകളിലും ഇ സ്റ്റാംപിങ് കൊണ്ടുവരണമെന്ന് ശുപാർശയുണ്ടായിരുന്നു. നടപടികൾ അന്തിമഘട്ടത്തിലെത്തിയങ്കിലും ഉദ്യോഗസ്ഥതലത്തിൽ അട്ടിമറിച്ചു.
മുദ്രപ്പത്ര അച്ചടിയുടെ ചുമതല ലാൻഡ് റവന്യൂ കമ്മിഷണർക്കാണ്. ധനമന്ത്രിയുടെ നിര്‍ദേശപ്രകാരം നികുതി വകുപ്പാണ് മുദ്രപ്പത്രം വാങ്ങാൻ അനുമതി നൽകുന്നത്. ഉദ്യോഗസ്ഥ സംഘം പൊലീസ് സുരക്ഷയിൽ നാസിക്കിലെത്തി വലിയ കണ്ടെയ്നറിൽ മുദ്രപ്പത്രം വാങ്ങി തിരികെയെത്തിക്കാൻ ലക്ഷങ്ങൾ ചെലവാകും.
English Summary: Stamp paper scarcity ar Kerala