2 വാക്സീൻ: ഇന്ത്യയെയും മോദിയെയും പ്രശംസിച്ച് ഡബ്ല്യുഎച്ച്ഒ, ബിൽ ഗേറ്റ്സ്
Mail This Article
ന്യൂഡൽഹി ∙ കോവിഡിനെ പ്രതിരോധിക്കാൻ കോവിഷീൽഡ്, കോവാക്സീൻ എന്നീ രണ്ടു വാക്സീനുകൾക്ക് അനുമതി നൽകിയ ഇന്ത്യയെ അഭിനന്ദിച്ച് ലോകം. ഏറ്റവും വലിയ വാക്സീൻ ഉത്പാദകരെന്ന നിലയിൽ മഹാമാരി അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം പ്രശംസനീയമാണെന്നു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
‘കോവിഡ് മഹാമാരി അവസാനിപ്പിക്കാൻ ഇന്ത്യ തുടർച്ചയായി നിർണായക നടപടികൾ കൈക്കൊള്ളുകയും ദൃഢനിശ്ചയം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ നിർമാതാവ് എന്ന നിലയിൽ ഇക്കാര്യം മികച്ചതാണ്.’– ടെഡ്രോസ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച അദ്ദേഹം, നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചാൽ എല്ലായിടത്തും ദുർബലരായവരെ രക്ഷിക്കുന്നതിനു ഫലപ്രദമായ വാക്സീനുകൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനാകുമെന്നും ചൂണ്ടിക്കാട്ടി.
കോവിഡിനെ തുരത്താൻ ലോകം പ്രവർത്തിക്കുമ്പോൾ, ശാസ്ത്രീയ കണ്ടുപിടിത്തത്തിലും വാക്സീൻ നിർമാണശേഷിയിലും ഇന്ത്യയുടെ നേതൃത്വം കാണുന്നതു വളരെ സന്തോഷകരമാണെന്നു മൈക്രോസോഫ്റ്റ് സ്ഥാപകനും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയറുമായ ബിൽ ഗേറ്റ്സ് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഇന്ത്യയെ നേരത്തെയും ബിൽ ഗേറ്റ്സ് പ്രശംസിച്ചിട്ടുണ്ട്.
കോവിഡ് വിവരങ്ങൾ ട്രാക്ക് ചെയ്യുന്ന ആരോഗ്യസേതു ആപ്പ് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങളെയും വാക്സീൻ ഉൽപാദനം നടത്തുന്ന മരുന്നു കമ്പനികളെയും ഗേറ്റ്സ് അഭിനന്ദിച്ചിരുന്നു. ഏറ്റവും വലിയ വാക്സീൻ നിർമാതാവായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ ലോകത്തിലെ വമ്പൻ വാക്സീൻ ഉൽപാദന കമ്പനികൾ ഇന്ത്യയിലാണ്. ആദ്യ ഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ള 30 കോടി പേർക്ക് വാക്സിനേഷൻ നൽകാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
English Summary: WHO Chief, Bill Gates, World Leaders Praises India's "Decisive Action, Resolve" To End COVID-19