ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കലിനിടെ രാജൻ– അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിലെ തർക്ക വസ്തുവായ നാലുസെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു റവന്യൂ വകുപ്പ്. ഇതു സംബന്ധിച്ച് റിപ്പോർട്ട് തഹസിൽദാർ ജില്ലാ കലക്ടർക്ക് കൈമാറി. വസന്തയുടെ പേരിലുള്ള ഭൂമി രാജൻ കൈവശം വയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭൂമി വസന്തയുടെ തന്നെയാണെന്ന് അതിയന്നൂർ വില്ലേജ് ഓഫിസും സ്ഥിരീകരിച്ചിരുന്നു. 

ഈ 4 സെന്റിന്റെ തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകൻ എ.എസ്. ശരത്കുമാറിന്റെ പേരിലാണ്. ഈ രണ്ടു വസ്തുവും വസന്ത വാങ്ങുന്നത് 2007ലാണ്. അന്ന് ശരത്കുമാറിന് എട്ടുവയസ്സ് മാത്രമാണ് പ്രായം. ഈ രണ്ടു വിവരങ്ങളും കാണിച്ച് വില്ലേജ് ഓഫിസിൽനിന്നു വിവരാവകാശ രേഖ ‘മനോരമ’യ്ക്കു ലഭിച്ചിരുന്നു. ഇതേ ഭൂമി മറ്റു മൂന്നു പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽനിന്നു വിവരാവകാശ രേഖ രാജനു നൽകിയത് നേരത്തെ വാർത്തയായിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്കു ഭൂമി സ്വന്തമാക്കാൻ രാജന്റെ നിയമപ്പോരാട്ടം.

വെൺപകൽ പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിൽ ഉടസ്ഥർക്കു പട്ടയം നൽകുന്നത് 1989ലാണ്. പത്തുവർഷത്തിനു ശേഷം മാത്രം നിയമപരമായി കൈമാറ്റം ചെയ്യാവൂ എന്ന നിബന്ധനയോടെയാണ് പട്ടയം നൽകിയത്. ആദ്യ ഉടമകൾ വിറ്റ ഭൂമി പിന്നീട് വസന്ത വിലകൊടുത്തു വാങ്ങി പട്ടയം പേരിലാക്കുകയായിരുന്നു.

അതേസമയം, തെറ്റായ രേഖ നൽകിയ നെയ്യാറ്റിൻകര താലൂക്ക് ഓഫിസ് ഇതോടെ പ്രതിക്കൂട്ടിലായി. രാജൻ–അമ്പിളി ദമ്പതികളുടെ മരണത്തിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം തെറ്റായ വിവരങ്ങൾ ലഭിച്ചതു കൊണ്ടാണെന്നു വ്യക്തമാവുന്നു. ഇപ്പോൾ ലഭിച്ച ഉത്തരങ്ങൾ നേരത്തെ ലഭിച്ചിരുന്നെങ്കിൽ മറ്റൊരാളിന്റെ ഭൂമിയിൽ അച്ഛൻ താമസമാക്കില്ലായിരുന്നുവെന്നാണ് രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്.

vasantha
വസന്ത

ഒഴിഞ്ഞു കിടന്ന ഭൂമിയിൽ രാജൻ ഷെഡ് നിർമിച്ചു കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വർഷം മുൻപായിരുന്നു. മാസങ്ങൾക്കുശേഷം അയൽവാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജൻ സെപ്റ്റംബർ 29ന് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ, വസ്തുവിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുകയായിരുന്നു. ഇതിനുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നത്.

തെറ്റായ വിവരം നൽകിയത് ഉദ്യോഗസ്ഥരാണെന്നും നടപടി വേണമെന്നും രാജന്റെ മക്കൾ പറഞ്ഞു: ‘ഞങ്ങൾ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്പോക്കു ഭൂമിയിലെന്നാണ് അച്ഛൻ കരുതിയിരുന്നത്. ഞങ്ങളും അങ്ങനെ തന്നെ. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തള്ളി വിട്ടത്. അവരുടെ മരണങ്ങളിൽ നേരിട്ടല്ലെങ്കിലും തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. അവർക്കെതിരെയും നടപടി വേണം. സർക്കാരിന്റെ ഇതുവരെയുള്ള നടപടികളിൽ പൂർണ തൃപ്തരാണ്.’ താലൂക്ക് ഓഫിസിൽ നിന്നും തെറ്റായ വിവരം വിവരാവകാശത്തിലൂടെ നൽകിയതു ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇക്കാര്യവും അന്വേഷിക്കുമെന്നും തഹസിൽദാർ പറഞ്ഞു

English Summary: Neyyattinkara Self Immolation: Revenue Department Sumits Report on Disputed Land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com