വൈറ്റില: ഒന്നര ലക്ഷം രൂപയുടെ നഷ്ടമെന്ന് പൊലീസ്; രേഖാമൂലം മറുപടി തേടി കോടതി
Mail This Article
കൊച്ചി∙ വൈറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് വാഹനങ്ങൾ കടത്തി വിട്ടതിലൂടെ വി4 കേരള പ്രവർത്തകർ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് പൊലീസ് കോടതിയിൽ. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മരട് കോടതിയിലാണ് ഇവരെ ഓൺലൈനായി ഹാജരാക്കിയത്. എന്തു നഷ്ടമാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിനു രേഖാമൂലമുള്ള മറുപടി ഇല്ലാതെ വന്നതോടെ നാളെ മഹസർ റിപ്പോർട്ട് സഹിതം പ്രതികളെ ഹാജരാക്കാനായിരുന്നു മജിസ്ട്രേറ്റിന്റെ നിർദേശം.
പ്രതികൾ പാലത്തിലെ ലൈറ്റുകൾക്കും വയറിങ്ങിനും ടാറിങ്ങിനുമെല്ലാം വലിയ നാശനഷ്ടമുണ്ടാക്കി എന്നാണ് പൊലീസ് കോടതിയിൽ അറിയിച്ചത്. പൊതുമരാമത്ത് വകുപ്പിൽനിന്ന് ഇതുകാണിച്ച് പൊലീസിനു പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. വാഹനം കടന്നു പോയാൽ നാശനഷ്ടമുണ്ടായത് എങ്ങനെയാണെന്നു ചോദിച്ചാണ് മഹസർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. പാലത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന പൊലീസ് വാദം വ്യാജമാണെന്ന നിലപാടാണ് വി4 കേരള പ്രവർത്തകരും സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രതികളെ റിമാൻഡ് ചെയ്തതായി പനങ്ങാട് സിഐ അനന്തലാൽ മനോരമ ഓൺലൈനോടു പറഞ്ഞു. കോടതിയിൽനിന്നുള്ള രേഖകൾ ലഭിക്കുന്ന മുറയ്ക്ക് ഇവരെ ജയിലിൽ അയയ്ക്കുമെന്നും നാളെ പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കി മഹസർ റിപ്പോർട്ടു നൽകുമെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. പ്രതികൾ ഇപ്പോഴും മരട് പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്.
ഇന്നലെ അർധരാത്രിയോടെയാണ് പാലത്തിൽ വാഹനം കയറ്റിവിട്ടെന്നു പറഞ്ഞ് വി4 കേരള കോ–ഓർഡിനേറ്റർ നിപുൻ ചെറിയാന്റെ വീട്ടിലെത്തി പൊലീസ് പിടികൂടുന്നത്. ഇദ്ദേഹത്തോടൊപ്പം മൂന്നു പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയിൽ തന്നെ ഇവരെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
English Summary : Police on Vytila flyover issue