ADVERTISEMENT

ന്യൂഡല്‍ഹി∙ അനധികൃത മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും നടപ്പാക്കിയ നിയമത്തിന്റെ സാധുത സുപ്രീംകോടതി പരിശോധിക്കും. രണ്ടു സര്‍ക്കാരുകള്‍ക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു. ഈ നിയമങ്ങള്‍ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട നിരവധി ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതി നടപടി.

നിയമം ഭരണഘടനയുടെ അടിസ്ഥാനഘടനയെ ബാധിക്കുന്നതാണെന്നും മതേതരത്വം, തുല്യത എന്നിവയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

വിവാഹത്തിനു വേണ്ടിയുള്ള നിര്‍ബന്ധ മതപരിവര്‍ത്തനം കുറ്റകരമാക്കിക്കൊണ്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സും ഉത്തരാഖണ്ഡില്‍ മതസ്വാതന്ത്ര്യ നിയമവും നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ വിമുഖത കാട്ടിയ സുപ്രീംകോടതി അതത് ഹൈക്കോടതികളെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് ആവശ്യപ്പെടുകയായിരുന്നു. അലഹാബാദ്, ഉത്തരാഖണ്ഡ് ഹൈക്കോടതികള്‍ വിഷയം പരിഗണിക്കുന്നില്ലേ എന്നും എന്താണ് അവിടെ സമീപിക്കാത്തതെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ചു. കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇത്തരം നിയമം നടപ്പാക്കുന്നുണ്ടെന്നും അതുകൊണ്ടു പരമോന്നത കോടതി തന്നെ വിഷയം പരിഗണിക്കണമെന്നും ഹര്‍ജിക്കാരായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ അഭിഭാഷകനായ സി.യു സിങ് പറഞ്ഞു. മധ്യപ്രദേശും ഹിമാചല്‍ പ്രദേശും നിയമം പാസാക്കിയ കാര്യം സിങ് ചൂണ്ടിക്കാട്ടി. നിയമപ്രകാരം പത്തുവര്‍ഷമാണു തടവുശിക്ഷയെന്നും തെളിവു ഹാജരാക്കേണ്ട ബാധ്യത കുറ്റാരോപിതനാണെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ ചില വകുപ്പുകള്‍ ഭീതിപ്പെടുത്തുന്നതാണെന്നും വിവാഹത്തിന് മുന്‍കൂര്‍ അനുമതി നേടണമെന്നത് നിന്ദ്യമാണെന്നും സിങ് ചൂണ്ടിക്കാട്ടി. 

ഹൈക്കോടതികളിലുളള എല്ലാ കേസുകളും വിളിപ്പിച്ച് പരിശോധിക്കാന്‍ സുപ്രീംകോടതി തയാറാകണമെന്ന് മറ്റൊരു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനേ നിയമം ഉപകരിക്കുകയുള്ളു. ഒരു വിഭാഗത്തെ സ്ഥിരമായി സംശയത്തോടെ കാണുന്ന നിലപാട് ശരിയല്ല. മതവിഭാഗങ്ങളെ ശത്രുതയിലാക്കി മതമൈത്രി നശിപ്പിക്കുന്ന നിയമങ്ങളാണിവയെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു. സ്വകാര്യത നശിപ്പിച്ച് പൊലീസിനു കൂടുതല്‍ ഭരണഘടനാ അധികാരങ്ങള്‍ നല്‍കുന്ന ആശങ്കാജനമാണെന്നും അഭിഭാഷകര്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് സംസ്ഥാനങ്ങള്‍ക്കു നോട്ടിസ് അയയ്ക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. നാലാഴ്ചയ്ക്കു ശേഷം വിഷയം വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Englih Summary: Top Court To Examine Laws Against Unlawful Conversion In UP, Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com