വൈറ്റില: പൊതുമുതൽ നശിപ്പിച്ചതിന് കേസ്; ആദ്യം കയറിയ വാഹനങ്ങൾ കണ്ടെത്താൻ നീക്കം
Mail This Article
കൊച്ചി∙ വൈറ്റില മേൽപാലം ഉദ്ഘാടനം കഴിയുന്നതിനു മുൻപു തുറന്നുകൊടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനും കേസ്. ഔദ്യോഗിക ഉദ്ഘാടനവും പരിശോധനാ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിനു മുന്നേ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടതിനാണ് കേസ്. പാലം തുറന്നിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനും പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് തൈക്കൂടം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കു വൈറ്റില മേൽപാലത്തിൽ പ്രവേശിക്കാൻ സാധിക്കും വിധം ബാരിക്കേഡുകൾ എടുത്തു മാറ്റുകയായിരുന്നു. വിഫോർ കേരളയുടെ ഏതാനും പ്രവർത്തകരുടെ വാഹനങ്ങളാണ് ആദ്യം പാലത്തിൽ കയറിയതെന്നും ഇതു കണ്ടു പിന്നാലെ വന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും പാലത്തിലേക്കു കയറുകയായിരുന്നെന്നും പൊലീസ് പറയുന്നു. മറുഭാഗത്ത് ബാരിക്കേഡുകൾ മാറ്റിയിട്ടില്ലാതിരുന്നതിനാൽ വാഹനങ്ങൾ കടന്നു പോകാനാകാതെ കുരുക്കിലായി. ഇതോടെ വിമാനത്താവളത്തിലേക്കു ഉൾപ്പെടെ പോകേണ്ടിയിരുന്ന വാഹനങ്ങൾ ഇവിടെ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ 31ന് മേൽപാലം വിഫോർ കേരള പ്രവർത്തകർ തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇവിടെ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബാരിക്കേഡ് എടുത്തു മാറ്റിയ സമയം സ്ഥലത്ത് പൊലീസ് ഇല്ലാതിരുന്നതാണ് വിനയായത്. പാലത്തിനു താഴെയുണ്ടായിരുന്ന പൊലീസുകാർ എത്തി വാഹനങ്ങൾ തിരികെ ഇറക്കിവിടുകയായിരുന്നു. തിരക്കിട്ട് വിമാനത്താവളത്തിലേത്തു പോകാനിരുന്ന ആളുകൾ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാലത്തിൽ ആദ്യം കയറിയ വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
സംഭവത്തിൽ അറസ്റ്റിലായ വിഫോർ കേരള കോ–ഓർഡിനേറ്റർ നിപുൻ ചെറിയാൻ ഉൾപ്പടെ നാലുപേരെ മരട് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. ഇവരെ അറസ്റ്റു ചെയ്ത് ബുധനാഴ്ച തന്നെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് നീക്കം. ഇതിനിടെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി വിഫോർ കേരള പ്രവർത്തകർ മരട് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. ഈ സമയം ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തുകയും വിഫോർ പ്രവർത്തകരെ തടയുകയും ചെയ്തതു സംഘർഷത്തിന് ഇടയാക്കിയിരുന്നു. പൊലീസ് എത്തിയാണ് ഇരു കൂട്ടരെയും അനുനയിപ്പിച്ച് തിരിച്ചയച്ചത്.
English Summary: Vyttila Flyover Police Case