വിടാതെ കസ്റ്റംസ്: വീട്ടിലേക്ക് നോട്ടിസ്; സ്പീക്കറുടെ അനുമതി വേണ്ടെന്ന് വാദം
Mail This Article
കൊച്ചി∙ ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വീണ്ടും നോട്ടിസ് അയച്ചു. അയ്യപ്പന്റെ വീട്ടിലെ മേൽവിലാസത്തിലേക്കാണ് പുതിയ നോട്ടിസ് നൽകിയിരിക്കുന്നത്. നേരത്തെ ഒന്നിലധികം തവണ അദ്ദേഹത്തിന്റെ ഓഫിസ് വിലാസത്തിലായിരുന്നു നോട്ടിസ് നൽകിയത്.
ആദ്യം നോട്ടിസ് കിട്ടിയിട്ടില്ലെന്നും രണ്ടാം തവണ നിയമസഭ ചേരുന്നതിനാൽ തിരക്കുണ്ടെന്നും അറിയിച്ച് അയ്യപ്പൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. നടപടി ക്രമങ്ങൾ അനുസരിച്ച് സ്പീക്കറുടെ അനുമതി വാങ്ങിയാൽ മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്ന നിലപാടാണ് ഇന്ന് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് വീട്ടിലെ വിലാസത്തിലേയ്ക്ക് നോട്ടിസ് അയച്ചത്.
കസ്റ്റംസിന് ഒരാളെ ചോദ്യം ചെയ്യാൻ വിളിക്കാൻ അധികാരമുണ്ടെന്നും നിയമസഭാ പരിധിക്കുള്ളിൽ പൊലീസിനൊ, അന്വേഷണ ഉദ്യോഗസ്ഥർക്കൊ പ്രവേശിക്കണമെങ്കിൽ മാത്രമേ സ്പീക്കറുടെ അനുമതി ആവശ്യമുള്ളൂ എന്നുമാണ് വിദഗ്ധർ പറയുന്നത്. എന്നാൽ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ നടപടിക്രമങ്ങൾ പാലിക്കണമെന്നാണ് സ്പീക്കറുടെ നിലപാട്.
അതേ സമയം, ചോദ്യം ചെയ്യൽ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്നു വ്യക്തമാക്കുന്നതാണ് കസ്റ്റംസ് നടപടി. വീട്ടിലേയ്ക്ക് നോട്ടീസ് അയച്ച് ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല എന്ന് കസ്റ്റംസും വ്യക്തമാക്കുന്നു.
Content Highlights: Customs send notice again to speaker's assi. private secretary K.Ayyappan