ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്തുകേസിലെ പ്രതികളുമായി ബന്ധമുള്ള സ്പീക്കറെ നീക്കണമെന്ന എം.ഉമ്മർ എംഎൽഎയുടെ നോട്ടിസ് ചർച്ച ചെയ്ത് യുക്തമായ തീരുമാനമെടുക്കുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. അസി.പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്തില്ലെന്നും സ്പീക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ഏജൻസികൾ നടപടിക്രമങ്ങൾ പാലിച്ചാൽ ഒരു അന്വേഷണത്തെയും തടസപ്പെടുത്തില്ല. അതാണ് നിയമസഭാ സെക്രട്ടറിയും അന്വേഷണ ഏജൻസിയെ അറിയിച്ചത്. 

നിയമസഭാ ചട്ടം 165 അനുസരിച്ച് സ്പീക്കറുടെ അനുമതിയില്ലാതെ സഭയുടെ അധികാരപരിധിയിലുള്ള സ്ഥലത്തുള്ള ആളുടെമേൽ നിയമ നടപടി സാധ്യമല്ലെന്നു സ്പീക്കർ പറഞ്ഞു. ഇത് സാമാജികർക്കു മാത്രമല്ല എല്ലാവർക്കും ബാധകമാണ്. അന്വേഷണ ഏജൻസികൾ നടപടിക്രമം പാലിച്ച് നോട്ടിസ് നൽകിയാൽ തുടർനടപടി സ്വീകരിക്കുമെന്ന് സ്പീക്കർ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഇക്കാര്യത്തിൽ ഭയക്കേണ്ട കാര്യമില്ല. തനിക്ക് അന്വേഷണ ഏജൻസികളിൽനിന്ന് നോട്ടിസ് ലഭിച്ചിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.

സ്വർണക്കടത്തു വിഷയത്തിൽ തന്റെ ഭാഗത്ത് തെറ്റില്ലെന്നു നൂറു ശതമാനം വിശ്വാസമുണ്ട്. 40 വർഷമായി പൊതുപ്രവർത്തനരംഗത്തുണ്ട്. ആരുടെയെങ്കിലും കയ്യിൽനിന്ന് പൈസ വാങ്ങുകയോ അതിൽനിന്ന് നിക്ഷേപമുണ്ടാക്കുകയോ ചെയ്തു എന്നു തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം. അല്ലാതെ ആരുടെ മുന്നിലും തലകുനിക്കില്ല. സ്വർണക്കടത്തുകേസിൽ സ്പീക്കറുടെ ഓഫിസിനെതിരെ തെളിവുണ്ടോ ഇല്ലയോ എന്നുള്ള കാര്യമൊന്നും തനിക്കു പറയാൻ കഴിയില്ല. ഏജൻസികൾ അഡീ.പ്രൈവറ്റ് സെക്രട്ടറിയെ എന്തിനാണ് വിളിക്കുന്നതെന്ന് അവർക്കേ അറിയൂ. അദ്ദേഹത്തിൽനിന്ന് വിവരം തേടാനുണ്ടെങ്കിൽ അങ്ങനെ ചെയ്യട്ടെയെന്നും സ്പീക്കർ പറഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നാളെ സഭാസമ്മേളനം ആരംഭിക്കും. 11ന് സഭ പിരിയും. 12,13,14 തീയതികളിൽ നയപ്രഖ്യാപനത്തിൽമേലുള്ള നന്ദിപ്രമേയ ചർച്ച. 15ന് ബജറ്റ് അവതരിപ്പിക്കും. 18,19, 20 തീയതികളിൽ ബജറ്റ് ചർച്ച നടക്കും. 4 മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കും. 28ന് സമ്മേളനം അവസാനിക്കുന്ന രീതിയിലാണ് നടപടിക്രമങ്ങൾ തയാറാക്കിയിരിക്കുന്നത്. കടലാസ്​രഹിത സഭയായിരിക്കും ഇത്തവണത്തേത്.

Content Highlights: Speaker P.Sreeramakrishnan's press meet

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com