വടിയും ഇരുമ്പുദണ്ഡും ഉപയോഗിച്ച് ഡോൾഫിനെ തല്ലിക്കൊന്നു; 3 പേർ അറസ്റ്റിൽ – വിഡിയോ
Mail This Article
ലക്നൗ∙ ഉത്തർപ്രദേശിൽ ഒരു സംഘമാളുകൾ ചേർന്ന് ഡോൾഫിനെ തല്ലിക്കൊന്നു. ഇരുമ്പുദണ്ഡുകളും വടിയുമുപയോഗിച്ച് ഡോൾഫിനെ തല്ലിക്കൊല്ലുന്നതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സമൂഹമാധ്യമങ്ങളിലടക്കം വിഡിയോ പ്രചരിച്ചിരുന്നു.
ഡിസംബർ 31നാണ് ഒരു കൂട്ടമാളുകൾ ചേർന്ന് ഒരു ഗംഗാ ഡോൾഫിനെ തല്ലിക്കൊന്നത്. ചിലർ ഡോൾഫിനെ പിടിച്ചുവെച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കരയിലുള്ള ചിലർ ഡോൾഫിനെ ആക്രമിക്കരുതെന്ന് പറയുന്നുണ്ടായിരുന്നെങ്കിലും അവർ കേട്ടിരുന്നില്ല. അടിയേറ്റു കിടക്കുന്ന ഡോൾഫിന്റെ ശരീരത്തിൽനിന്ന് രക്തം വാർന്നൊഴുകുന്നതും വിഡിയോയിൽ കാണാം. സംരക്ഷിത വിഭാഗത്തിൽപെട്ടതാണ് ഗംഗ ഡോൾഫിനുകൾ.
രക്തമൊഴുകുന്നതിനിടെയും ഡോൾഫിനെ കോടാലിവച്ച് ആക്രമിക്കുകയും ശരീരം തല്ലിത്തകർക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും ഡോൾഫിന്റെ ജീവനറ്റ ശരീരമാണ് കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തു കൂടിനിന്നവരോട് വിവരങ്ങൾ തേടിയെങ്കിലും തുറന്നുപറയാൻ ആരും തയാറായില്ല.
English Summary: Gangetic Dolphin Beaten To Death In UP, 3 Arrested As Video Goes Viral