ADVERTISEMENT

പാലക്കാട് ∙ ജനകീയ ഇന്ത്യൻ നിർമിത വിദേശമദ്യ ബ്രാൻഡായ ജവാന്റെ വ്യാജൻ കേരളത്തിൽ വ്യാപകമായി വിറ്റഴിക്കുന്നതായി പൊലീസിന്റെയും എക്സൈസ് ഇന്റലിജൻസിന്റെയും റിപ്പോർട്ട്. ജവാന്റെ ലേബലിൽ നിലവാരമില്ലാത്ത വ്യാജമദ്യം നിർമിക്കാൻ മലയാളികളുടെ പങ്കാളിത്തത്തിൽ തമിഴ്നാട്ടിൽ മൂന്നിടത്തു ഡിസ്റ്റിലറികൾ പ്രവർത്തിക്കുന്നെന്നും ഈ മദ്യം സംസ്ഥാനത്തെ മദ്യശാലകളിലൂടെയും ചില്ലറ വിൽപനക്കാരിലൂടെയും വൻതേ‍ാതിൽ വിറ്റഴിക്കുന്നതുമൂലം യഥാർഥ ബ്രാൻഡുകളുടെ വിൽപനയിൽ ഇടിവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേ‍ാവിഡ് പ്രതിസന്ധിയിൽ മദ്യവിൽപന കുറഞ്ഞ് ബവ്കേ‍ായുടേത് അടക്കമുള്ള മദ്യവിൽപന സ്ഥാപനങ്ങൾ നഷ്ടത്തിലേ‍ാടുമ്പേ‍ാഴാണ് വ്യാജവിദേശമദ്യത്തിന്റെ സമാന്തര വിൽപന.

ചില ബാറുകാർ ഈ വ്യാജമദ്യ റാക്കറ്റിന്റെ സ്ഥിരം ഇടപാടുകാരാണെന്നു റിപ്പോർട്ട് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പുസമയത്ത് ചില രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ പോലും വാഹനമയച്ച് തമിഴ്നാട്ടിൽനിന്ന് ഈ മദ്യം എത്തിച്ച് ജവാൻ എന്ന പേരിൽ വിതരണം ചെയ്തെന്നും നിയമസഭാ തിരഞ്ഞെടുപ്പു വരുന്നതിനാൽ കൂടുതൽ ഓർഡറിന് ഡിസ്റ്റിലറി നടത്തിപ്പുകാർ പലരെയും സമീപിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണവിഭാഗം സൂചന നൽകുന്നു.

കാങ്കയം, പെ‍ാള്ളാച്ചി, തിരുപ്പൂർ ഭാഗങ്ങളിലുള്ള ഡിസ്റ്റിലറി, ബേ‍ാട്ട്ലിങ് പ്ലാന്റുകളിൽനിന്ന് കുപ്പിക്ക് 40 രൂപ നിരക്കിൽ വാങ്ങുന്ന മദ്യം ജവാന്റെ ലേബലൊട്ടിച്ച് മദ്യവിൽപനശാലകളിലൂടെയും മറ്റും കുപ്പിക്ക് 700 രൂപയ്ക്കു വരെയാണ് സംസ്ഥാനത്തു വിൽക്കുന്നത്. ചില ബാറുകളി‍ൽ തമിഴ്നാട് ജവാൻ വലിയതേ‍ാതിൽ വിറ്റഴിക്കുന്നതായും സൂചനയുണ്ട്. സ്പിരിറ്റ് എത്തിച്ച് കുപ്പിയിലാക്കിയോ മദ്യത്തിൽ കലർത്തിയോ വിൽക്കുന്നതിനുള്ള ബുദ്ധിമുട്ടും അപകടവും ഇല്ലാത്തതിനാൽ ഈ മദ്യം കടത്താൻ ആളുകളും കൂടുതലാണ്.

ജവാൻ ഉൽപാദിപ്പിക്കുന്ന ട്രാവൻകൂർ ഡിസ്റ്റിലറിയിൽ സംസ്ഥാനത്തിന് ആവശ്യമായത്ര മദ്യം ഉൽപാദിപ്പിക്കാൻ സംവിധാനമില്ലാത്തതും വ്യാജന്മാർക്കു കാര്യങ്ങൾ ഏളുപ്പമാക്കിയിട്ടുണ്ട് .മുൻപ് സ്പിരിറ്റ് കടത്തിലും വിൽപനയിലും സജീവമായിരുന്നവരിൽ ചിലർ ഇപ്പേ‍ാൾ വിദേശിയുടെ ഉൽപാദനത്തിൽ പങ്കാളികളാണെന്നാണ് വിവരം. ഇവരിൽ ചിലരുടെ പേരുകളും പെ‍ാലീസ് ഇന്റലിജൻസ് റിപ്പേ‍ാർട്ടിൽ പറയുന്നുണ്ട്.

സ്ഥിരം വിൽപനക്കാർക്കും കൂടുതൽ വിറ്റഴിക്കുന്നവർക്കും മദ്യം നേരിട്ട് എത്തിച്ചുകെ‍ാടുക്കുന്നതാണ് ‘തമിഴ്നാട് ജവാൻ’കാരുടെ രീതി. അല്ലാത്തവർ വാഹനവുമായി ചെന്നാൽ ബേ‍ാട്ടിലിങ് പ്ലാന്റിൽ പ്രവേശനമില്ല. തെ‍ാട്ടടുത്ത സ്ഥലത്ത് വാഹനം നിർത്തിയിട്ടാൽ മതി. മദ്യഉൽപാദകരുടെ ഡ്രൈവർ വന്ന് വാഹനം കെ‍ാണ്ടുപേ‍ായി ലോഡ് നിറച്ച് തിരിച്ചെത്തിക്കും. ഇന്ത്യൻനിർമിത വിദേശമദ്യത്തിന്റെ പേരിലുള്ള കടത്തും ഇടപാടുകളും സംബന്ധിച്ച് എക്സൈസിന് സൂചന ലഭിക്കാറുണ്ടെങ്കിലും അതിർത്തി ജില്ലകളിലെ മുതിർന്ന ഉദ്യേ‍ാഗസ്ഥരിൽ ചിലർ ഉൾപ്പെടെ കണ്ണടയ്ക്കുകയാണെന്ന് ആരോപണമുയരുന്നുണ്ട്.

English Summary: Illegal liquor sale in the name of 'Jawan'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com