ഡ്രൈ റണ്‍ വിജയം; സംസ്ഥാനം വാക്‌സിനേഷന്‍ സുസജ്ജം: മന്ത്രി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സീന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ജില്ലയിലെ മെഡിക്കല്‍ കോളജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തിയത്.
ഏറ്റവുമധികം കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയില്‍ 5 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. തിരുവനന്തപുരം ജില്ലയില്‍ പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഗവ. എല്‍.പി.എസ്. കളത്തുകാല്‍ (അരുവിക്കര കുടംബാരോഗ്യ കേന്ദ്രം), നിംസ് മെഡിസിറ്റി എന്നീ കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.
സംസ്ഥാനത്ത് വിജയകരമായ ഡ്രൈ റണ്‍ നടത്തിയ ഉദ്യോഗസ്ഥരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തില്‍ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റണ്‍ നടത്തിയത്. വാക്‌സിനേഷന്‍ രംഗത്ത് കേരളത്തിന് വലിയ അനുഭവ സമ്പത്താണുള്ളത്. അതിനാല്‍ തന്നെ കോവിഡ് വാക്‌സീന്‍ എപ്പോള്‍ എത്തിയാലും എത്രയും വേഗം വിതരണം ചെയ്യാന്‍ സംസ്ഥാനം തയാറാണ്. വാക്‌സീന്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം ഡ്രൈ റണ്ണില്‍ പങ്കെടുത്തു. കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു ഡ്രൈ റണ്‍.
കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,54,897 പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യ മേഖലയിലെ 1,87,146 പേരുമാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 570 ഓളം ജീവനക്കാരുടെയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും റജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.
English Summary: Second phase covid vaccine dry run in kerala