ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലയിൽ സ്വാധീനമുള്ള മണ്ഡലങ്ങൾ പിടിക്കാൻ നീക്കവുമായി ബിജെപി. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുവാവായ വി.കെ.പ്രശാന്തിനെ രംഗത്തിറക്കി വട്ടിയൂർക്കാവ് മണ്ഡലം പിടിച്ച എൽഡിഎഫിനെ നേരിടാൻ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെ ഇറക്കാനാണ് ബിജെപി തയാറെടുക്കുന്നത്. എൽഡിഎഫ് വി.കെ.പ്രശാന്തിനെതന്നെ ഇത്തവണയും രംഗത്തിറക്കാനാണ് എല്ലാ സാധ്യതയും.

ജ്യോതി വിജയകുമാറിന്റെയും വിഷ്ണുനാഥിന്റെയുമെല്ലാം പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമായിട്ടില്ല. 2011ൽ രൂപീകൃതമായ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലും 2016ൽ നടന്ന തിരഞ്ഞെടുപ്പിലും കെ.മുരളീധരനിലൂടെ യുഡിഎഫ് മണ്ഡലം നിലനിർത്തി. എന്നാൽ, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിനാണ് മണ്ഡലത്തിൽ ലീഡ് ലഭിച്ചത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിടലക്കം ലീഡ് നേടി കോൺഗ്രസ് സ്ഥാനാർഥി ശശി തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിൽ വിജയിച്ചു. മുരളീധരൻ ലോക്സഭയിലേക്കു മത്സരിക്കാൻ രാജിവച്ച ഒഴിവിലുണ്ടായ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്തിനാണ് അട്ടിമറി വിജയം ലഭിച്ചത്. പാർട്ടികളെ മാറി മാറി പിന്തുണയ്ക്കുന്ന മണ്ഡലത്തിന്റെ ചിത്രം രാഷ്ട്രീയ നേതൃത്വത്തെ കുഴപ്പിക്കുന്നതാണ്.

മേയറായിരുന്ന പ്രശാന്ത് മത്സരിച്ചപ്പോൾ മണ്ഡലത്തിലെ 24 കോർപറേഷൻ വാർഡിൽ 23ലും ഇടതുപക്ഷം ലീഡ് നേടി.  2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 18 ബൂത്തുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ 4 ബൂത്തുകളിലും ലീഡ് കിട്ടിയ എൽഡിഎഫ് 135 ബൂത്തുകളിൽ ലീഡ്  ഉറപ്പിച്ചു. മുരളീധരൻ മത്സരിച്ചപ്പോൾ 82 ബൂത്തുകളിലും ലോക്സഭയിൽ തരൂരിലൂടെ 85 ബൂത്തുകളിലും മുന്നിലെത്തിയ യുഡിഎഫ് 24 ബൂത്തുകളിലൊതുങ്ങി. 2016ൽ കുമ്മനം രാജശേഖരൻ 47 ബൂത്തുകളിൽ ലീഡ് നേടിയത് ലോക്സഭാ തിരഞ്ഞെടുപ്പിൽ 79 ആയി ഉയർത്തി. 

എന്നാൽ ഉപതിരഞ്ഞെടുപ്പിൽ 9 ബൂത്തുകളിലാണ് മേൽകൈ നേടാനായത്. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൻഡിഎ രണ്ടാം സ്ഥാനത്താണ്. എൽഡിഎഫിന് 37,628 വോട്ടുകൾ ലഭിച്ചപ്പോൾ എൻഡിഎയ്ക്ക് ലഭിച്ചത് 34,780 വോട്ടുകൾ, 2848 വോട്ടിന്റെ വ്യത്യാസം. യുഡിഎഫിന് ആകെ 27, 191 വോട്ടുകളാണ് ലഭിച്ചത്. 

പൂജപ്പുര വാർഡിൽ 1053 വോട്ടിനു വിജയിച്ചതിന്റെ തിളക്കവുമായാണ് വി.വി.രാജേഷിനെ കളത്തിലിറക്കാൻ ബിജെപി തയാറെടുക്കുന്നത്. പാർട്ടി പ്രവർത്തകരുമായും ജനങ്ങളുമായുമുള്ള ബന്ധം രാജേഷിനു തുണയാകുമെന്നു കരുതുന്നു. വി.കെ.പ്രശാന്ത് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് എൽഡിഎഫ് കരുതുന്നു. കഴിഞ്ഞ തവണത്തെ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് കരുത്തുറ്റ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചന.

Content Highlights: Kerala Assembly Election, Vattiyoorkavu Constituency, BJP, CPM, Congress, VK Prasanth, VV Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com