‘ഇവർക്ക് നാണവും മാനവുമുണ്ടോ? സ്കൂളിൽ പഠിച്ചിട്ടുണ്ടോ? വേല വേലായുധനോടു വേണ്ട’
Mail This Article
കൊച്ചി∙ ഔദ്യോഗിക ഉദ്ഘാടനത്തിനു മുൻപ് പാലം തുറന്നു നൽകിയ വിഫോർ കൊച്ചിയെ കടന്നാക്രമിച്ച് വൈറ്റില മേൽപാലം ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും. മുടങ്ങിക്കിടന്ന പദ്ധതി നടപ്പാക്കിയപ്പോൾ കുത്തിത്തിരിപ്പുമായി ചിലർ ഇറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേവലം ചെറിയ ഒരു ആൾക്കൂട്ടം മാത്രമാണിവർ. ഇത് നാടിന്റെ ജനത, എല്ലാവരുമല്ല, ജനാധിപത്യവാദികൾ എന്നു നടിക്കുന്നതിലെ കുബുദ്ധി നാടിനു മനസിലാക്കാവുന്നതേ ഉള്ളൂ. നീതി പീഠത്തിൽ ഉന്നത സ്ഥാനം വഹിച്ചവർ ഇത്തരം ചെയ്തികൾക്ക് കുടപിടിക്കാൻ ഒരുങ്ങിയാലോ, ഉത്തരവാദിത്തമില്ലാതെ പ്രതികരിച്ചാലോ സഹതപിക്കുക മാത്രമേ നിർവാഹമുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്നു ചിന്തിക്കാൻവേണ്ട വിവേകം അവർക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വീഫോർ അസ്, എന്നു പറയേണ്ട ചിലർ വിഫോർ കൊച്ചി എന്നു പേരു പറയുകയാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. മൂന്നാലു പേർ പറയുകയാണ്, വീഫോർ കൊച്ചിൻ എന്ന്. ഇവർക്ക് നാണവും മാനവുമുണ്ടോ? സ്കൂളിൽ പഠിച്ചിട്ടുണ്ടോ? വിദ്യാഭ്യാസമുണ്ടോ? കൊച്ചിൻ കോർപറേഷനാണ് കൊച്ചിയുടെ അതോറിറ്റി. അവരാണ് കൊച്ചിക്കു വേണ്ടി സംസാരിക്കേണ്ടത്. സംസ്ഥാന സർക്കാരിനാണ്, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കാണ്, നാട്ടിലെ ജനപ്രതിനിധികൾക്കാണ് ഉത്തരവാദിത്തം. നാലുപേർ അർധരാത്രിയിൽ എന്തെങ്കിലും തീരുമാനിച്ചിട്ട് നാട്ടിൽ നടന്ന് കോപ്രായം കാണിക്കുന്നവരല്ല ഇത് തീരുമാനിക്കേണ്ടത് എന്നറിയണം.
ഇത് കൊച്ചിയിലല്ലാതെ മറ്റെങ്ങുമില്ല. ആലപ്പുഴ ബൈപ്പാസ് ഒരു മാസമായി പണി തീർന്നിട്ട്. ആരും എന്താണ് അവിടെ കയറാത്തത്. ഉദ്ഘാടനം എന്നത് നാട്ടുനടപ്പാണ്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതു വരെ കാത്തിരിക്കണം. ഇവിടെ കാത്തിരുന്നില്ല. പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന് പറഞ്ഞപ്പോൾ പ്രശ്നമുണ്ടാക്കിയവർ ഇവിടെയും പ്രശ്നമുണ്ടാക്കുകയായിരുന്നു. വേല വേലായുധനോടു വേണ്ട. വേറെ വല്ലയിടത്തും പോയി നോക്കിയാൽ മതി. അങ്ങനെ ധൃതി പിടിക്കണ്ട കാര്യമില്ല. എല്ലാം ന്യായമായി നടക്കും.
വൈറ്റില പാലത്തിലൂടെ വാഹനങ്ങൾ വരുമ്പോൾ മെട്രോ പാലത്തിൽ തട്ടും എന്നു പറഞ്ഞവർക്ക് നാണമില്ല, അവർക്ക് മുഖമില്ല, കൊഞ്ഞാണൻമാരാണവർ. അറസ്റ്റ് ചെയ്താൽ ഞങ്ങളല്ല ചെയ്തതെന്ന് പറഞ്ഞ് ഒളിച്ചോടുന്ന ഭീരുക്കളാണവർ. പ്രഫഷനൽ മാഫിയ ക്രിമിനൽ സംഘങ്ങൾ. തലയ്ക്കു മീതെ പാറിപ്പറക്കാൻ ശ്രമിക്കുകയാണ് അവർ. ഒരു സർക്കാരിനോടും ഇതു ചെയ്യാൻ പാടില്ല. മാധ്യമങ്ങളും ഇവർക്ക് അമിത പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് നോക്കണം എന്നു പറഞ്ഞ മന്ത്രി വിഫോർ കൊച്ചി ഇത് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പും നൽകി.
English Summary: CM Pinarayi Vijayan inaugurates Vyttila Flyover