ADVERTISEMENT

ന്യൂഡൽഹി∙ പ്രമുഖ കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചു. 1995ല്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയത് ഈ ചുമതലയിലിരിക്കേയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

അഭിഭാഷകനായ സോളങ്കിയെ രാജീവ് ഗാന്ധിയാണു കേന്ദ്രത്തിലേക്കു കൊണ്ടുവന്നത്. 1976 മുതല്‍ നാല് തവണ സോളങ്കി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നു. ആസൂത്രണവകുപ്പു സഹമന്ത്രിയായിട്ടാണു രാജീവ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിയമിച്ചത്. പിന്നീട് നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായി. ബോഫോഴ്സ് കേസില്‍ ഇടപെട്ടതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടും വിദേശകാര്യമന്ത്രി സ്ഥാനം മാധവ് സിംഗ് സോളങ്കി രാജിവച്ചിരുന്നു.

ഗുജറാത്തിലെ ഖേദ ജില്ലയില്‍ ഭദ്രാനിലെ ദരിദ്രനായ പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിച്ച സോളങ്കിക്ക് കുടുംബ പാരമ്പര്യം വട്ടപ്പൂജ്യമായിരുന്നു്. ഭൂരഹിത പിന്നോക്ക ക്ഷത്രിയ കുടുംബം. ബാല്യകാലം അര്‍ധപ്പട്ടിണിക്കാലമായിരുന്നു. ബോംബെ സര്‍വകലാശാലയില്‍ നിന്ന് ഇരട്ട മെയിന്‍ (ഇക്കണോമിക്സ്- പോളിറ്റിക്സ് ) ഡിഗ്രിയും എല്‍എല്‍ബിയുമെടുത്ത സോളങ്കി രാഷ്ട്രീയത്തിലെത്താന്‍ അല്‍പം വൈകി. ഖേദയിലെ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനായ ഈശ്വര്‍സിംഗ് ചൗഢ എം.പിയുടെ മകളാണ് സോളങ്കിയുടെ ഭാര്യ. ഭാര്യാപിതാവാണ് മരുമകനെ കൈപിടിച്ചു രാഷ്ട്രീയത്തിലിറക്കുന്നത്. 1957 ല്‍.

രാഷ്ട്രീയത്തില്‍ വരുംമുമ്പു സോളങ്കി ജീവിക്കാന്‍ വേണ്ടി മൂന്നു വേഷങ്ങള്‍ കെട്ടിയിട്ടുണ്ട്. ആദ്യം അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ജി.ആര്‍ഒ പിന്നെ ഗുജറാത്ത് സമാചാറിന്റെ ലോകനാഥ് എന്ന സായാഹ്ന പത്രത്തില്‍ സീനിയര്‍ സബ് എഡിറ്റര്‍ ഒടുവില്‍ അഹമ്മദാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകന്റെ ഗൗണുമിട്ടു.

കാപട്യം തൊട്ടുതീണ്ടാത്ത സോളങ്കിക്കു മുന്‍ മുഖ്യമന്ത്രി ഡോ. ജീവരാജ് മേത്തയായിരുന്നു രാഷ്ട്രീയത്തില്‍ ഹീറോ. യുവാവായ മാധവ് സിംഗിനെ ഡോ.മേത്ത ഡെപ്യൂട്ടി മന്ത്രിയാക്കി. പിന്നീട് 1976ല്‍ ആറുമാസം മുഖ്യമന്ത്രിയായി. 80-85 കാലത്ത് വീണ്ടും മുഖ്യമന്ത്രിപദത്തില്‍. 85ല്‍ മൂന്നാം തവണ മുഖ്യമന്ത്രിയായി അധികം കഴിയും മുമ്പ് സംവരണ പ്രക്ഷോഭം അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചു.

പിന്നോക്ക വിഭാഗക്കാര്‍ക്ക് 10%സംവരണം ഏര്‍പ്പെടുത്തിയതാണ് സോളങ്കിക്ക് അന്നു വിനയായത്. ക്ഷത്രിയ ഹരിജന്‍, ആദിവാസി, മുസ്ലിം വിഭാഗങ്ങള്‍ക്കും നിലവിലുള്ള 10 സംവരണം 28 ആക്കി. ന്യായമായും സവര്‍ണര്‍ എതിര്‍ത്തു. ഗുജറാത്തില്‍ തീകത്തി സോളങ്കിയെ മാറ്റി അമര്‍സിംഗ് ചൗധരിയെ പാര്‍ട്ടി മുഖ്യമന്ത്രിയാക്കി. 

അന്നു മുഖ്യമന്ത്രിപദം പോയ സോളങ്കി രണ്ടു ബൈനോക്കുലറും ഒരു ബ്രീഫ് കേസുമെടുത്ത് ഇന്ത്യവിട്ടുപോയി. നേരെ യൂറോപ്പിന് ലോക സഞ്ചാരജീവിതചര്യയാക്കി മാറ്റിയ ഈ പ്രകൃതി സ്നേഹി അന്നു യൂറോപ്പിലെ സകല നാച്വറല്‍ പാര്‍ക്കുകളും ചുറ്റി നടന്നു കണ്ടു. മതിവരുവോളം പക്ഷികളെ നിരീക്ഷിച്ചു.

ആ യാത്രയ്ക്കു വേണ്ടി ഒരു യൂറോറെയില്‍ ടിക്കറ്റും ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടും വാങ്ങിക്കൊടുത്തത് ഒരു വിശ്വസ്ത സനേഹിതനായിരുന്നു-രാജീവ് ഗാന്ധി. ലാറ്റിനമേരിക്കയില്‍ ആറു മാസത്തെ പ്രകൃതി പഠനത്തിനു പോകാനിരിക്കുമ്പോഴാണ് 1989 ല്‍ നാലാം തവണയും മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി പറഞ്ഞത്. അതനുസരിച്ചു. പ്രകൃതിപഠനക്കാര്‍ക്കു വേണ്ടി എവറസ്റ്റ് കൊടുമുടിയെപ്പറ്റി 'ദ മൗണ്ട് എവറസ്റ്റ്' എന്ന പേരില്‍ മാധവ് സിംഗ് സോളങ്കി പുസ്തകം രചിച്ചിരുന്നു.

English Summary: Madhav Singh Solanki passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com