ADVERTISEMENT

കൊച്ചി∙ ഉദ്ഘാടനത്തിനു മുൻപ് പാലം തുറന്നവരെ പിന്തുണച്ചതിന്റെ പേരിൽ ഹൈക്കോടതി മുൻ ‍ജഡ്ജി കെമാൽ പാഷയ്ക്കെതിരെ ഫോണിൽ തെറിയഭിഷേകം. ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് അസഭ്യവാക്കുകൾ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ലോക്കൽ ലാൻഡ് നമ്പരിൽ നിന്നു വിളിച്ചും അസഭ്യം പറഞ്ഞത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസഭ്യം പറച്ചിൽ തുടർച്ചയായി ആവർത്തിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കേസെടുത്തതിനെ തുടർന്ന് മൊഴി എടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ വരണമെന്നില്ല പാലം ഉദ്ഘാടനം ചെയ്യാൻ എന്നു പറഞ്ഞതാണ് ചിലരെ പ്രകോപിപ്പിച്ചത്. അസഭ്യം പറഞ്ഞവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടിയിട്ടില്ല. പിണറായിയുടെ പൊലീസിൽ നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.

ജനകീയ മുന്നേറ്റങ്ങളെ അരാഷ്ട്രീയവാദമെന്നു പറയുന്നത് വിവരം കെട്ടവരാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ കൂടെ നിന്നാണെങ്കിൽ ജനങ്ങളുടെ ഇഷ്ടം കൊണ്ടാണ് ഒരാളെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ പാർട്ടിയിൽ ഇല്ലാത്ത ഒരാളും ഇന്ത്യൻ പൗരനാണ്. അയാൾക്ക് മത്സരിക്കാം. ഇങ്ങനെ പറയുമ്പോൾ അരാഷ്ട്രീയവാദം എന്നു പറയുന്നതിൽ യാതൊരു അർഥവുമില്ല. രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാം രാഷ്ട്രീയമാണ്. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നത് രാഷ്ട്രീയമാണ്. അത് കക്ഷി രാഷ്ട്രീയം തന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ല. കക്ഷി രാഷ്ട്രീയമെന്നു പറയുന്നതും രാഷ്ട്രീയമെന്നു പറയുന്നതും രണ്ടാണ്. അതിനെക്കുറിച്ച് കാഴ്ചപ്പാടു വേണം. അതില്ലാത്തതാണ് ഇവിടെ പ്രശ്നം.

ജനങ്ങൾ എന്തെങ്കിലും പറഞ്ഞാലോ പ്രതികരിച്ചാലോ അത് അരാഷ്ട്രീയവാദമാണ് എന്നു പറയുന്നത് ജനത്തെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. ജനങ്ങൾക്ക് പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശമുണ്ട്. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അടിച്ചമർത്താൻ ആർക്കും അവകാശമില്ല. ജനങ്ങളുടെ നിലപാടുകളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ഓമനപ്പേരാണ് അരാഷ്ട്രീയ വാദമെന്നത് എന്നും അദ്ദേഹം പറഞ്ഞു.

English Summary: Obscene against Kemal Pasha: Police registered case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com