നിർമാണം ‘പിഡബ്ല്യുഡി’: വൈറ്റിലയിൽ ലാഭം 6.73 കോടി, കുണ്ടന്നൂരിൽ 8.29; ടോളും വേണ്ട
Mail This Article
കൊച്ചി∙ വൈറ്റിലയിലും കുണ്ടന്നൂരും ഇനി സിഗ്നൽ നോക്കി കാത്തുനിൽക്കേണ്ട. പല വർഷങ്ങൾ നീണ്ട ദുരിതയാത്രകൾക്ക് തിരശീല വീഴുന്നതിന്റെ ആഹ്ലാദത്തിലാണ് വൈറ്റില, കുണ്ടന്നൂർ വഴി യാത്ര ചെയ്യുന്നവർ. ഇഴഞ്ഞു നീങ്ങിയ പണിയും പണി പൂർത്തിയായിട്ടും തുറന്നു നൽകാത്തതും വിമർശനങ്ങൾക്ക് വഴിവച്ച മേൽപാലങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ഡിസംബർ 28ന് നടത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇതു നടന്നില്ലെങ്കിലും ഇന്ന് ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപനം വന്നു. ആംബുലൻസുകൾ ഉൾപ്പെയുള്ള വാഹനങ്ങൾ കടന്നു പോകാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ അടിയന്തരമായി പാലം തുറന്നു നൽകണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മകൾ സമരങ്ങളും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അജ്ഞാതർ പാലം തുറന്നുകൊടുത്തത് വലിയ വിവാദമായിരുന്നു
18 മാസംകൊണ്ട് വൈറ്റില പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെ പ്രളയം, കോവിഡ് തുടങ്ങി പല പ്രതിസന്ധികളുണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്താണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. നിർമാണ വൈദഗ്ധ്യത്തിൽ രാജ്യത്തെ മറ്റ് ഏജൻസികളെക്കാൾ ഒട്ടും പിന്നിലല്ല കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് എന്നു വെളിപ്പെടുത്തുന്നതാണ് ഈ പദ്ധതി. പൂർണമായും സർക്കാർ ഫണ്ട് ഉപയോഗിച്ച് ദേശീയപാതയിൽ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന പാലമാണിത്. കേന്ദ്ര ഏജൻസിയാണ് പാലം നിർമിച്ചിരുന്നതെങ്കിൽ ടോള്‍ പിരിവുണ്ടാകുമായിരുന്നു. അതൊഴിവാക്കാനാണ് സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പാലം നിർമിച്ചാൽ മതിയെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർമാണം പൊതുമരാമത്ത് വകുപ്പ്; വൈറ്റിലയിൽ ലാഭം 6.73 കോടി
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് വൈറ്റിലയിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ വിഭാവനം ചെയ്യപ്പെട്ടത്. ദേശീയ പാതയാണെങ്കിലും ടോൾ ഒഴിവാക്കുന്നതു കൂടി ലക്ഷ്യമിട്ടാണ് രണ്ടു പാലങ്ങളുടെയും നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. നിരവധി പ്രതിസന്ധികള്‍ക്കിടയിൽ ദീര്‍ഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും എന്‍ജിനീയറിങ് മികവോടെയുമാണ് പാലങ്ങളുടെ നിർമാണം പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയിരിക്കുന്നത് എന്നാണ് അവകാശവാദം.
വൈറ്റിലയിൽ എസ്റ്റിമേറ്റ് തുകയേക്കാള്‍ 6.73 കോടി രൂപ ലാഭമുണ്ടാക്കിയാണ് മേൽപ്പാലം നിർമാണം പൂര്‍ത്തീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് 2017 ഓഗസ്റ്റ് 31ന് ലഭിച്ചത്. 2017 സെപ്റ്റംബറില്‍ പദ്ധതിക്ക് ടെൻഡര്‍ ക്ഷണിച്ചു. 2017 നവംബര്‍ 17നാണ് 78.36 കോടി നിര്‍മ്മാണച്ചെലവ് ക്വോട്ട് ചെയ്ത ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ വൈറ്റില മേൽപാലത്തിന്റെ നിര്‍മ്മാണ കരാര്‍ ഏല്‍പ്പിക്കുന്നത്. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉപകരാര്‍ നല്‍കിയ രാഹുല്‍ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല.
വൈറ്റില മേൽപാലത്തിന്റെ നിർമാണ ഉദ്ഘാടനം 2017 ഡിസംബര്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അന്നേദിവസം തന്നെ നിർമാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 440 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. ആലപ്പുഴ ഭാഗത്തെ അപ്രോച്ച് റോഡിന് 150 മീറ്ററും ആലുവ ഭാഗത്തെ അപ്രോച്ച് റോഡിന് 120 മീറ്ററാണ് നീളം. അപ്രോച്ച് റോഡ് ഉള്‍പ്പടെ മേല്‍പ്പാലത്തിന്റെ ആകെ നീളം 720 മീറ്റര്‍ വരും. 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളും പാലത്തിനുണ്ട്. ഓരോ പാലത്തിലും മൂന്നു വരി വീതം ആറുവരിപ്പാതയായാണ് നിർമാണം.
വൈറ്റില മേൽപാലവും മെട്രോ റെയിലുമായി 5.5 മീറ്റര്‍ ഉയര വ്യത്യാസമാണുള്ളത്. ഇതു സംബന്ധിച്ച് ഇടക്കാലത്ത് ആരോപണം ഉയർന്നെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ഇന്ത്യൻ റോഡ് കോൺഗ്രസ്, ദേശീയപാത അതോറിറ്റി ഉള്‍പ്പടെയുള്ള ഏജൻസികൾ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത് എന്നായിരുന്നു വിശദീകരണം. നിയമ വിധേയമായി ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരമാവധി ഉയരം 4.7 മീറ്ററാണ്. അതിനാല്‍ തന്നെ ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാപാലത്തിലൂടെ കടന്നുപോകാം.
പൈല്‍ ഫൗണ്ടേഷന്‍ നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ഫ്ലൈഓവറിന് 34 പിയര്‍, പിയര്‍ ക്യാപ്പുകള്‍ എന്നിവ വീതവും 116 പ്രീസ്‌ട്രെസ്ഡ് ഗര്‍ഡറും നല്‍കിയിട്ടുണ്ട്. ഇതിന് മുകളില്‍ ആര്‍സിസി ഡെക്ക് സ്ലാബ് ആണുള്ളത്. ഇതിന് മുകളില്‍ മസ്റ്റിക് അസ്ഫാള്‍ട്ട് നല്‍കി ഉപരിതലം ബലപ്പെടുത്തിയ ശേഷം ബിറ്റുമിനസ് കോണ്‍ക്രീറ്റ് നല്‍കി ഉപരിതലം ഗതാഗത യോഗ്യമാക്കി. രണ്ട് അപ്രോച്ച് റോഡുകളും ബിഎംബിസി നിലവാരത്തില്‍ ആവശ്യമായ ഫിനിഷിങ്ങും നല്‍കിയിട്ടുണ്ട്. ഫ്ലൈഓവറിന് ഇരുവശത്തും ഓട്ടോമാറ്റിക് ലൈറ്റിങ്ങും ട്രാഫിക് സേഫ്റ്റി സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഫ്ലൈഓവറിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളും ബിഎംബിസി നിലവാരത്തില്‍ നിര്‍മ്മിച്ച് ടൈല്‍ പാകി ഗതാഗതയോഗ്യമാക്കി.
ഫ്ലൈഓവറിന്റെ ഇടപ്പള്ളി ഭാഗത്ത് 7.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തും സർവീസ് റോഡുകള്‍ പുതുതായി നിര്‍മ്മിച്ചിട്ടുണ്ട്. പൊന്നുരുന്നി ഭാഗത്തുനിന്ന് ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്കായി സര്‍വീസ് റോഡിന് താഴെ ഇരുവശവും സ്ലിപ്പ് റോഡുകളും നിർമിച്ചിട്ടുണ്ട്. ഫ്ലൈഓവറിന് താഴെ കടവന്ത്ര-തൃപ്പൂണിത്തുറ, ആലപ്പുഴ-തൃപ്പൂണിത്തുറ, ആലപ്പുഴ-വൈറ്റില ഹബ്ബ് എന്നീ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ സിഗ്നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഏഴര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി രണ്ട് സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആലുവ ഭാഗത്തുനിന്നു മൊബിലിറ്റി ഹബ്ബ്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് ഇടതുഭാഗത്തെ സര്‍വീസ് റോഡ്. കടവന്ത്ര, പൊന്നുരുന്നി ഭാഗങ്ങളില്‍നിന്നും ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് വലതുഭാഗത്തെ സര്‍വീസ് റോഡ്. പൊന്നുരുന്നി ഭാഗത്തുനിന്നു ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് വേണ്ടി ഈ സര്‍വീസ് റോഡിന് താഴെയായി സ്ലിപ്പ് റോഡ് നിര്‍മിച്ചിട്ടുണ്ട്. മേല്‍പ്പാലത്തിന് താഴെ കടവന്ത്ര - തൃപ്പൂണിത്തുറ, ആലപ്പുഴ - തൃപ്പൂണിത്തുറ, ആലപ്പുഴ - ഹബ്ബ് എന്നീ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
8.29 കോടി രൂപ ലാഭിച്ച കുണ്ടന്നൂർ മേൽപാലം
2018 മാര്‍ച്ച് 26നാണ് കുണ്ടന്നൂരിൽ മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്ക് 88.77 കോടി രൂപയുടെ ഭരണാനുമതിയും 82.74 കോടി രൂപയുടെ സാങ്കേതിക അനുമതിയുമാണ് ലഭിച്ചത്. എന്നാൽ 74.45 കോടി രൂപയ്ക്കാണ് മേരി മാതാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി കരാര്‍ ഉറപ്പിച്ചത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനായിരുന്നു നിർമാണച്ചുമതല. മേല്‍നോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിനും. 8.29 കോടി രൂപ ലാഭിച്ചാണ് പാലത്തിന്റെ നിർമാണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വില്ലിങ്ടണ്‍ ഐലൻഡ് ഭാഗത്തുനിന്നു ബിപിസിഎല്ലിലേയ്ക്ക് ഭീമന്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ പോകുന്നതിനുള്ള വഴി കൂടിയാണ് ഇത്. വിശദമായ പദ്ധതിരേഖ പ്രകാരം ആറുവരിപ്പാതയ്ക്ക് അനുയോജ്യമായ രീതിയില്‍ 24.1 മീറ്റര്‍ വീതിയിലാണ് മേല്‍പ്പാലം വിഭാവനം ചെയ്തിരിക്കുന്നത്. മേല്‍പ്പാലത്തിന്റെ നിര്‍മാണ സമയത്തു തന്നെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് ഇരുവശത്തുമായി ഡൈവേര്‍ഷന്‍ റോഡുകളും, തൃപ്പൂണിത്തുറ, വില്ലിങ്ടണ്‍ ഐലന്‍ഡ് ഭാഗത്തുനിന്ന് അരൂര്‍ ഭാഗത്തേക്ക് പോകാന്‍ മേല്‍പ്പാലത്തിന് ഇരുവശത്തും സ്ലിപ് റോഡുകളും നല്‍കിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളില്‍ വൈദ്യുതി വിളക്കുകള്‍, ഓട എന്നിവയുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്ളതാണ്. മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലൂടെ ഗതാഗതം സുഗമമാക്കുന്നതിന് സിഗ്‌നല്‍ സ്ഥാപിക്കുന്നതിനും, കോണ്‍ക്രീറ്റ് പേവിങ് ടൈല്‍ വിരിച്ച് മോടി കൂട്ടുന്നതിനും വഴിവിളക്കുകള്‍ ക്രമീകരിച്ച് ജംക്‌ഷനിലെ വികസനവും എല്ലാം പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ മധ്യഭാഗത്തുള്ള ഉയരം 5.50 മീറ്ററില്‍ നിന്നും 6.50 മീറ്ററായി ഉയര്‍ത്തണമെന്ന ബിപിസിഎല്‍ അധികാരികളുടെ നിര്‍ദ്ദേശം പൊതുമരാമത്ത് വകുപ്പ് അംഗീകരിക്കുകയായിരുന്നു. ഐലൻഡ് ഭാഗത്തു നിന്നുള്ള 5.50 മീറ്ററിലധികം ഉയരം വരുന്ന ഭീമന്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോകുന്നതിനു വേണ്ടിയാണ് ഉയരം കൂട്ടാന്‍ നിർദേശമുണ്ടായത്. അതിനായി നിലവിലെ ഡിസൈനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി 30 മീറ്റര്‍ നീളമുള്ള ഒരു സ്പാന്‍ കൂടി അധികമായി നിര്‍മ്മിച്ചു.
450 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. ഇരുഭാഗത്തെയും അപ്രോച്ച് റോഡുകളുടെ നീളം 281 മീറ്ററാണ്. അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ നിലവിലെ പാലത്തിന്റെ ആകെ നീളം 731 മീറ്ററാണ്. ഇപ്പോള്‍ 30 മീറ്റര്‍ നീളമുള്ള 15 സ്പാനുകളാണ് മേല്‍പ്പാലത്തില്‍ ഉള്ളത്. പാലത്തിലെ ടാറിങ്ങും സ്ലിപ് റോഡുകളിലെയും സര്‍വീസ് റോഡുകളിലെയും ബിസി വര്‍ക്കും പെയിന്റിങ് ജോലികളും പൂര്‍ത്തിയാക്കിയ ശേഷമാണ് പാലത്തിന്റെ സമർപ്പണം.
Content Highlights: PWD, Vyttila Flyover, Kundannoor Flyover