വൈറ്റില മേൽപാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; മുന്‍പേ തുറന്നവര്‍ക്ക് വിമര്‍ശനം
Mail This Article
കൊച്ചി∙ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി വൈറ്റില മേൽപാലം പൊതുഗതാഗതത്തിന് തുറന്നുകൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പാലത്തിന്റെ നിർമാണം പൂർത്തീകരിച്ച പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നിര്‍മാണവൈദഗ്ധ്യത്തില്‍ പിഡബ്ല്യുയുഡി രാജ്യത്തെ മുന്‍നിര ഏജന്‍സിയാണെന്നും അദ്ദേഹം പറഞ്ഞു.
മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാവാം. ഫണ്ടില്ലാതെ പണി മുടങ്ങിയപ്പോഴും ഒരു പാലം തകരാറിലായപ്പോഴും ഇവരെ കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുൻപേ പാലം തുറന്നവരെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ചെറിയ ആൾക്കൂട്ടമാണിവരെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവൃത്തിയെ പിന്തുണച്ച ജസ്റ്റിസ് ബി.കെമാൽ പാഷയെയും മുഖ്യമന്ത്രി വിമർശിച്ചു. ഉത്തരവാദിത്വമില്ലാതെ വിമർശനം പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു. മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു.
വൈറ്റിലയിൽ 10 മുതൽ 45 മിനിറ്റ് വരെയാണു വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ടിരുന്നത്. അത് ഇടറോഡുകളിലേക്കും വ്യാപിക്കുന്നതോടെ ഗതാഗതം സാധാരണ നിലയിലാകാൻ ചിലപ്പോൾ ഒരു മണിക്കൂറോളം വേണ്ടി വരുമായിരുന്നു. ഇന്ധന നഷ്ടവും വാഹനങ്ങളുടെ തേയ്മാനവും പരിസ്ഥിതി മലിനീകരണവും വേറെ. ഇതിൽനിന്നാണ് ഏറെനാളുകൾക്കുശേഷം മോചനം ഉണ്ടാകുന്നത്.
വൈറ്റിലയിൽ മേൽപാലത്തിന് 2016 ഫെബ്രുവരി 28ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടെങ്കിലും പണമില്ലാതിരുന്നതിനാൽ നിർമാണം നടന്നില്ല. 2017 ഡിസംബർ 11നു മുഖ്യമന്ത്രി പിണറായി വിജയൻ വൈറ്റില പാലത്തിനു വീണ്ടും തറക്കല്ലിട്ടു. 18 മാസം കൊണ്ടു പാലം തീർക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും വിവിധ കാരണങ്ങളാൽ നിർമാണം നീണ്ടു. ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച ശേഷമാണു സംസ്ഥാന സർക്കാർ വൈറ്റില മേൽപാലം കമ്മിഷൻ ചെയ്യുന്നത്. അപ്രോച്ച് റോഡ് അടക്കം 717 മീറ്ററാണ് ആറ് വരി പാലമായ വൈറ്റിലെ ഫ്ലൈഓവറിന്റെ നീളം. നിര്‍മാണച്ചെലവ് 85 കോടി രൂപ.
English Summary: Vyttila Flyover Inauguration