ADVERTISEMENT

കാസർകോട് ∙ എം.സി.കമറുദ്ദീന്‍ എംഎല്‍‌എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അഞ്ചു കമ്പനികളില്‍ പങ്കാളിത്തമുള്ള ഇരുപതിലധികം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കാണു നോട്ടിസയച്ചത്. കമറുദ്ദീന്‍ ജയിലിലായതിനാല്‍ ചോദ്യംചെയ്യുന്ന തീയതി നിശ്ചയിച്ചിട്ടില്ല.

അഞ്ചു കമ്പനികള്‍ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പാണ് ഇഡിയുടെ അന്വേഷണപരിധിയിലുള്ളത്. ഇരുപതിലധികം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കു സ്ഥാപനങ്ങളുമായി നേരിട്ടു ബന്ധമുണ്ട്. അടുത്തയാഴ്ച മുതൽ ചോദ്യംചെയ്യലിനു ഹാജരാകണം. ഇവരുടെ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനെ കുറിച്ചു തീരുമാനിക്കുക. ജയിലിലുള്ള കമറുദ്ദീന്‍ ഒഴികെ ഒളിവിലുള്ള പൂക്കോയ തങ്ങൾക്കടക്കം നോട്ടിസയച്ചിട്ടുണ്ട്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ എണ്ണൂറിലധികം നിക്ഷേപകരില്‍നിന്നായി 150 കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണു പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. നൂറിലധികം കേസുകളാണ് ഇതിനകം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പണം തട്ടിച്ചതും കള്ളപ്പണ ഇടപാടെന്ന പരാതിയും പരിശോധിക്കും. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഇതിനകം ഇഡിക്കു ലഭിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയെ നേരില്‍ക്കണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണസംഘം ശേഖരിച്ച വിവരങ്ങളും ഇഡി വാങ്ങിയിട്ടുണ്ട്. ഏറെ വിവാദങ്ങളുയര്‍ത്തിയ തട്ടിപ്പ് കേസായതിനാല്‍ കൃത്യമായ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാകും തുടര്‍ ഇടപെടലുകള്‍. ഒളിവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഇഡിക്കു മുന്നിലെത്തിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടിയിലേക്കും നീങ്ങും. 

English Summary: ED to quiz Fashion Gold board members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com