കൊച്ചി ‘സ്ഫോടനങ്ങൾക്ക്’ ഒരു വർഷം; ബിൽഡർമാർ നൽകേണ്ടത് 110.14 കോടി!
Mail This Article
കൊച്ചി ∙ ഒരു വർഷം മുൻപാണ്, കേരളക്കര മുഴുവൻ ശ്വാസം പിടിച്ചു കണ്ട ഒരു സ്ഫോടനം. ദക്ഷിണാഫ്രിക്കയിൽ നിന്നു വന്ന ജോ ബ്രിങ്ക്മാനും സംഘവും അണുവിട തെറ്റിക്കാതെ നടത്തിയ സ്ഫോടനം. അതു കണ്ടു നിന്നവർ കയ്യടിച്ചു. ആവേശം കൊണ്ടു. ഒരു തകർച്ച അത്ര കണ്ട് ആഘോഷിച്ചു. പൊടിപടലങ്ങൾ അടങ്ങിയപ്പോൾ കുണ്ടന്നൂരിൽ എച്ച്2ഒ ഹോളിഫെയ്ത്ത് എന്ന ഫ്ലാറ്റ് സമുച്ചയം തകർന്ന് മണ്ണിനോടു ചേർന്നിരുന്നു. ഫ്ലാറ്റുകൾ തകരുന്ന ദൃശ്യങ്ങൾ ഫ്ലാറ്റുടമകളുടെ മനസ്സിൽ നിറച്ചത് ദുഃഖക്കാഴ്ചകളും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കുണ്ടന്നൂർ മേൽപാലത്തിൽ നിന്നു നോക്കിയാൽ കാണുന്നത്ര അടുത്താണ് ഹോളിഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയം നിന്നിരുന്നത്. നെട്ടൂരിലെ ആൽഫ സെറീനും, ജെയിൻ കോറൽ കോവും, കണ്ണാടിക്കാട്ടെ ഗോൾഡൻ കായലോരവുമെല്ലാം അടുത്തടുത്തു തന്നെ. 4 ഫ്ലാറ്റ് സമുച്ചയങ്ങളും ഇപ്പോഴില്ല. അതു നിന്ന സ്ഥലത്ത് അതിന്റെ അവശിഷ്ടങ്ങൾ പോലുമില്ല.
മരടിൽ നിയമം ലംഘിച്ചു പടുത്തുയർത്തിയ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ സുപ്രീം കോടതി നിർദേശ പ്രകാരം പൊളിച്ചിട്ടു ജനുവരി 11 ന് വർഷം ഒന്നാകുന്നു. 2020 ജനുവരി 11 ന് ഹോളിഫെയ്ത്ത്, ആൽഫാ സെറീൻ ഫ്ലാറ്റ് സമുച്ചയങ്ങൾ നിലംപൊത്തിയപ്പോൾ, തൊട്ടടുത്ത ദിവസം ജനുവരി 12 ന് ജെയിൻ കോറൽ കോവും ഗോൾഡൻ കായലോരവും സ്ഫോടനങ്ങളിലൂടെ തകർത്തു. നിയന്ത്രിത സ്ഫോടനം നടത്തി കേരളത്തിൽ ഇത്തരത്തിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ തകർക്കുന്നത് ആദ്യത്തെ സംഭവമായിരുന്നു. കേരളം കണ്ണുമിഴിച്ചു കണ്ടു നിന്ന കാഴ്ച. ആ ഫ്ലാറ്റുകൾ തവിടു പൊടിയായെങ്കിലും ഒരു വർഷത്തിനിപ്പുറവും നിയമ പ്രശ്നങ്ങൾ കോടതിയുടെ മുന്നിലാണ്.
∙ ബിൽഡർമാർ നൽകണം 110 കോടി
പൊളിച്ചു നീക്കിയ ഫ്ലാറ്റുകൾ നിർമിച്ച ബിൽഡർമാർ ഒന്നും രണ്ടുമല്ല 110.14 കോടി രൂപയാണു ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള നഷ്ടപരിഹാര നിർണയ സമിതിയിൽ ഇനിയും കെട്ടിവയ്ക്കാനുള്ളത്. അത് ഫ്ലാറ്റ് വാങ്ങിയവർക്ക് നഷ്ടപരിഹാരം നൽകാൻ മാത്രം. ഫ്ലാറ്റ് പൊളിക്കാനുള്ള ചെലവ്, നഷ്ടപരിഹാര നിർണയ സമിതിയുടെ പ്രവർത്തന ചെലവ് തുടങ്ങിയവയെല്ലാം വേറെ നൽകണം.
ഫ്ലാറ്റ് പൊളിക്കുന്നതിനു മുൻപു തന്നെ 4 ബിൽഡർമാരും ചേർന്ന് 20 കോടി രൂപ കെട്ടിവയ്ക്കാൻ 2019 ഒക്ടോബർ 25നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഗോൾഡൻ കായലോരം നിർമിച്ച വിച്ചൂസ് കൺസ്ട്രക്‌ഷൻസ് 2.90 കോടി രൂപയും, ജെയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻസ് 2 കോടി രൂപയും കെട്ടിവച്ചു. എച്ച്2ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളുടെ ബിൽഡർമാർ ഒരു രൂപ പോലും ഇതുവരെ കെട്ടിവച്ചിട്ടില്ല.
ഫ്ലാറ്റുടമകൾ നൽകിയ രേഖകൾ പരിശോധിച്ചു ഫ്ലാറ്റ് വാങ്ങാനായി ഓരോരുത്തരും നൽകിയ തുക കമ്മിറ്റി തിട്ടപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് 115.04 കോടി രൂപയാണു ബിൽഡർമാർ കെട്ടിവയ്ക്കേണ്ടിയിരുന്നത്. ഇതിൽ 2 ബിൽഡർമാർ ചേർന്ന് 4.90 കോടി രൂപ കെട്ടിവച്ചു. ഇനിയും കിട്ടാനുള്ളത് 110.14 കോടി രൂപ.
എച്ച്2ഒ ഹോളിഫെയ്ത്ത്– 41.03 കോടി, ആൽഫ സെറീൻ– 32.10 കോടി, ജെയിൻ കോറൽ കോവ്– 26.54 കോടി, ഗോൾഡൻ കായലോരം– 10.47 കോടി എന്നിങ്ങനെയാണ് ഓരോ ബിൽഡർമാരും ഇനി കെട്ടിവയ്ക്കാനുള്ള തുക.
∙ എങ്ങനെ ഈടാക്കും ഈ പണം?
ഫ്ലാറ്റ് ഉടമകൾക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം കമ്മിറ്റി അനുവദിച്ചിരുന്നു. ഇതു സംസ്ഥാന സർക്കാർ നൽകുകയും ചെയ്തു. 61.50 കോടി രൂപയാണ് ഇത്തരത്തിൽ ഇടക്കാല നഷ്ടപരിഹാരം നൽകാൻ സർക്കാരിനു വന്ന ചെലവ്. ഈ പണം സർക്കാരിനു കിട്ടണമെങ്കിലും ബിൽഡർമാർ നൽകാനുള്ള തുക കെട്ടിവയ്ക്കണം.
ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഈ പണം ഈടാക്കാനായി 3 കാര്യങ്ങളാണു മുന്നോട്ടു വച്ചിരുന്നത്.
1. നിശ്ചിത സമയത്തിനുള്ളിൽ പണം അടയ്ക്കാനുള്ള കർശന നിർദേശം ബിൽഡർമാർക്കു നൽകുക. ഈ പണം അടയ്ക്കാനുള്ള ആസ്തി ബിൽഡർമാർക്കുണ്ട്.
2. നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഫ്ലാറ്റ് ഉടമകൾ സിവിൽ ഹർജികൾ ഫയൽ ചെയ്യുകയെന്നതാണു മറ്റൊരു മാർഗം. എന്നാൽ ഇതു വളരെയധികം കാലതാമസമുണ്ടാക്കുന്ന പ്രക്രിയയാണ്.
3. കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾക്കു സിവിൽ കോടതിയുടേതിനു തുല്യമായ സാധുത നൽകി സുപ്രീം കോടതി ഉത്തരവിടുക. അങ്ങനെ വന്നാൽ കമ്മിറ്റി ഉത്തരവ് നടപ്പാക്കാനായി ഫ്ലാറ്റ് ഉടമകൾക്കു കോടതിയെ സമീപിക്കാനാവും. സംസ്ഥാന സർക്കാരിനു ചെലവായ തുക റവന്യു റിക്കവറി നിയമ പ്രകാരവും ബിൽഡർമാരിൽ നിന്ന് ഈടാക്കാം.
ബിൽഡർമാരുടെ ആസ്തികൾ മരവിപ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതി അനുമതി നൽകിയാൽ അതു വിറ്റു പണം ഈടാക്കാനും സമിതിക്കു കഴിയും. ജനുവരി മൂന്നാം വാരത്തിൽ മരട് കേസ് വിശദമായ വാദം കേൾക്കാനായി സുപ്രീം കോടതി മുൻപാകെ വരുന്നുണ്ട്. ബിൽഡർമാരിൽ നിന്നു പണം ഈടാക്കുന്നതു സംബന്ധിച്ചു വ്യക്തമായ നിർദേശം സുപ്രീം കോടതിയിൽ നിന്നുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
∙ തുടരും നിയമ വഴികൾ
ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി നിർദേശ പ്രകാരം 115.04 കോടി രൂപ ബിൽഡർമാർ കെട്ടിവച്ചാലും നിയമ പ്രശ്നങ്ങൾ അവസാനിക്കില്ല. ഫ്ലാറ്റ് ഉടമകൾ കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയിൽ പോകാനുള്ള സാധ്യത നിലനിൽക്കുന്നു. ഫ്ലാറ്റ് വാങ്ങിയത് വർഷങ്ങൾക്കു മുൻപായതിനാൽ അതിന്റെ മൂല്യം ഇപ്പോൾ വർധിച്ചിട്ടുണ്ടെന്നും അതിന് ആനുപാതികമായ രീതിയിൽ നഷ്ടപരിഹാരം വേണമെന്നും ഫ്ലാറ്റ് ഉടമകൾക്കു വാദിക്കാം.
ഫ്ലാറ്റ് നിന്നിരുന്ന ഭൂമി സംബന്ധിച്ചും നിയമ പ്രശ്നങ്ങൾക്കു സാധ്യതയുണ്ട്. നിലവിൽ ഭൂമി ഓരോ ഫ്ലാറ്റ് ഉടമയുടെയും പേരിൽ അൺഡിവൈഡഡ് ഷെയർ എന്ന രീതിയിലാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. അതായത് ഫ്ലാറ്റ് വാങ്ങുമ്പോൾ 2 കാര്യങ്ങളാണു വാങ്ങിയിട്ടുള്ളത്.
1. ഭൂമിയിൽ നിർമിച്ച കെട്ടിടത്തിലെ അപാർട്ട്മെന്റ്.
2. ആ ഫ്ലാറ്റ് നിർമിച്ച സ്ഥലത്തിൽ അർഹതപ്പെട്ട വിഹിതം.
ഫ്ലാറ്റ് പൊളിച്ചു നീക്കിയപ്പോൾ കെട്ടിടം മാത്രമാണ് ഇല്ലാതായത്. ഭൂമി ഇപ്പോഴും അവിടെ നിലനിൽക്കുന്നു, അതിൽ ഉടമകൾക്കുള്ള അവകാശവും. ഫ്ലാറ്റ് വാങ്ങാനായി മുടക്കിയ മുഴുവൻ പണവും നഷ്ടപരിഹാരമായി തിരികെ നൽകിയാൽ പിന്നീട് ഈ അവകാശം നിലനിൽക്കുമോയെന്ന ചോദ്യം പ്രസക്തം. ഭൂമി ഫ്ലാറ്റ് ഉടമകളുടെ പേരിൽ റജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അതിലുള്ള അവകാശം അവർക്കു നിലനിൽക്കുമെന്നു വിദഗ്ധർ പറയുന്നു.
∙ സർക്കാരിനു ചെലവ് 66 കോടിയിലേറെ
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയപ്പോൾ സംസ്ഥാന സർക്കാരിന്റെ കൈയിൽ നിന്ന് ചെലവായത് 66 കോടിയിലേറെ രൂപയാണ്. പൊളിക്കാൻ ചെലവ് 3.60 കോടി രൂപ, ഫ്ലാറ്റ് ഉടമകൾക്ക് ഇടക്കാല നഷ്ടപരിഹാരമായി നൽകിയത് 61.50 കോടി രൂപ, ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതിയുടെ പ്രവർത്തനങ്ങൾക്കു ചെലവായ 1.20 കോടി രൂപ. ഈ പണം പിന്നീട് കമ്മിറ്റി തിരിച്ചു നൽകി.
പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ വിറ്റ് 35 ലക്ഷം രൂപയാണു സംസ്ഥാന സർക്കാരിന് ആകെ കിട്ടിയത്. ബിൽഡർമാർ തുക തിരിച്ചടച്ചാൽ മാത്രമേ സർക്കാരിനു പണം കിട്ടുകയുള്ളൂ. അല്ലെങ്കിൽ റവന്യു റിക്കവറി നിയമ പ്രകാരം ബിൽഡർമാരുടെ ആസ്തികളിൽ നിന്നു പണമീടാക്കണം. അതിനു കോടതിയുടെ അനുമതി വേണം.
∙ നിയമക്കുരുക്കുകൾ വേറെയും
തിരദേശ നിയമം ലംഘിച്ചു ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച്, വിജിലൻസ് കേസുകൾ നടക്കുന്നുണ്ട്. ബിൽഡർമാർക്കു പുറമേ മരട് പഞ്ചായത്ത് മുൻ ജീവനക്കാരും പ്രതികളാണ്. കേസിൽ പഞ്ചായത്ത് മുൻ അംഗങ്ങൾ മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി നൽകിയിരുന്നു. രാഷ്ട്രീയക്കാർക്കു നേരെ കൂടി സംശയമുന നീണ്ടതോടെ അന്വേഷണം പിന്നീട് ഏറെയൊന്നും മുന്നോട്ടു നീങ്ങിയിട്ടില്ല.
ഫ്ലാറ്റുകൾ പൊളിച്ചപ്പോഴുണ്ടായ അവശിഷ്ടങ്ങൾ നീക്കിയപ്പോൾ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണ മേഖല ബെഞ്ച് സ്വമേധയാ റജിസ്റ്റർ ചെയ്ത കേസും തീർപ്പാക്കിയിട്ടില്ല. ഹരിത ട്രൈബ്യൂണൽ സംസ്ഥാന തല മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ട്രൈബ്യൂണൽ ഇടപെടൽ.
തുടർന്നു മേൽനോട്ട സമിതിയുടെ നിരീക്ഷണത്തിലായിരുന്നു അവശിഷ്ടം നീക്കം ചെയ്തത്. കായലിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ അവശിഷ്ട നീക്കം പൂർത്തിയായെന്നു റിപ്പോർട്ടു നൽകിയ മരട് നഗരസഭയ്ക്കെതിരെ ശക്തമായ വിമർശനമാണു ട്രൈബ്യൂണൽ നടത്തിയത്. തുടർന്ന് കായലിലെ അവശിഷ്ടങ്ങൾ വീണ്ടും കോരി നീക്കേണ്ടി വന്നു. 13ന് ഈ കേസ് ട്രൈബ്യൂണൽ ദക്ഷിണ മേഖല ബെഞ്ച് വീണ്ടും പരിഗണിക്കും.
English Summary: Legal battle continues in Maradu Flat Demolition anniversary