കുട്ടികളുടെ അശ്ലീല ദൃശ്യം; 16 മുതൽ 70 വയസ്സ് വരെയുള്ള 500 പേർ നിരീക്ഷണത്തിൽ
Mail This Article
പാലക്കാട് ∙ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്ന 500ലധികം പേർകൂടി സംസ്ഥാന പൊലീസിന്റെ സിസിഎസ്ഇ (കൗണ്ടറിങ് ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ) നിരീക്ഷണത്തിൽ. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് പി ഹണ്ട് എന്ന പേരിൽ 465 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഐടി പ്രഫഷനലുകളും ഡോക്ടറും പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 41 പേരെ അറസ്റ്റ് ചെയ്തിരുന്നു. 392 ഉപകരണങ്ങൾ പിടിച്ചെടുത്തു. പത്തനംതിട്ടയിൽ ഒരു പൊലീസ് ട്രെയിനിയുടെ മൊബൈലും പരിശോധനയിലാണ്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ സജീവമായി രംഗത്തുള്ള വിവിധ സന്നദ്ധസംഘടനകളെ കൂടാതെ, ഇന്റർപോൾ പോലുള്ള രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് കുറ്റവാളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ഇത്തരം ആളുകളുടെ മൊബൈൽ നമ്പരുകൾ ഇന്റർപോൾ അടക്കം ശേഖരിക്കുന്നുണ്ട്. കോവിഡ് ലോക്ഡൗൺ സാഹചര്യത്തിൽ ഇന്റർനെറ്റ് ഉപയോഗവും ഡിജിറ്റൽ ഇടപാടും വർധിച്ചതു സംഘടിതമായും അല്ലാതെയും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവണത വർധിക്കാനും വഴിയൊരുക്കി.
ഇവരുടെ എണ്ണം വർധിച്ചു വരുന്നതിൽ അന്വേഷണ ഏജൻസികളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ ചട്ടങ്ങളുടെ പേരിൽ അശ്ലീല ഫോട്ടോകളും കുട്ടികളുടെ വിഡിയോകളും ഉപയോഗിക്കാനും കൈമാറാനുമാണ് ഇത്തരക്കാർ കൂടുതൽ സമയം ചെലവഴിക്കുന്നത്. ഇവരിൽ ചിലർ ഇതിൽ അടിമകളായതിനാൽ അവർക്ക് മാനസികാരോഗ്യ ചികിത്സ നൽകേണ്ട സ്ഥിതിയുണ്ടെന്ന് പൊലീസ് പറയുന്നു.
കുറ്റം ആവർത്തിക്കാനുള്ള തീവ്രമായ പ്രവണതയുമുണ്ട്. സൈബർഡോം 3 വർഷമായി ഈ വിഷയത്തിൽ തുടർച്ചയായി നടപടികൾ സ്വീകരിച്ചുവരുന്നു. രണ്ടര വർഷത്തിനുളളിൽ നടത്തിയ റെയ്‍ഡുകളിൽ മൊത്തം 525 കേസുകൾ റജിസ്റ്റർ ചെയ്തു. 428 പേർ അറസ്റ്റിലായി. പിടിയിലായവരിൽ 16 മുതൽ 70 വയസ്സ് പ്രായമുളളവർ വരെയുണ്ട്. ഐടി നിയമം, ക്രിമിനൽ നിയമം എന്നിവ കൂടാതെ പോക്സോ നിയമവും ഇവർക്കെതിരെ ചുമത്തും.
മായ്ച്ചു, സൈബർഡോം വീണ്ടെടുത്തു
നടപടികളുണ്ടാകുമെന്ന സൂചനകളെ തുടർന്നു ചിത്രങ്ങൾ സൂക്ഷിച്ചവരും പ്രചരിപ്പിച്ചവരും പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് അവ മായ്ച്ചുകളഞ്ഞെങ്കിലും സൈബർഡോം കൃത്യമായ തെളിവുകൾ ശേഖരിച്ചു. ഇതുവരെ ലഭിച്ച വിവരമനുസരിച്ചു വിവിധ പേരുകളിൽ 9 ഗ്രൂപ്പുകളിലൂടെയാണ് ചിത്രങ്ങളും വിഡിയോകളും ഇവർക്കു ലഭിക്കുന്നത്. പ്രത്യേകം പേരുള്ള ഗ്രൂപ്പുകളായും പൊതുഗ്രൂപ്പ് വഴിയും വിഡിയോകൾ ഷെയർ ചെയ്യുന്നതാണു രീതി. പരസ്പരം കോഡ് ഭാഷ ഉപയോഗിച്ചാണ് ആശയവിനിമയം. അശ്ലീല ചിത്രങ്ങളിലെ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു പിന്നീട് അവരെ തുടർച്ചയായി ചൂഷണം ചെയ്യുന്ന രീതിയുമുണ്ട്.
അശ്ലീല വിഡിയോയും മറ്റും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ആവശ്യമായ മുഴുവൻ ഉപകരണങ്ങളും രാജ്യാന്തര അന്വേഷണ ഏജൻസികൾ പൊലീസിന് സൗജന്യമായി നൽകി. കുട്ടികൾക്കെതിരെയുളള ലൈംഗിക ചൂഷണം തടയാൻ എല്ലാവിധ സഹായവും ഏജൻസികൾ വാഗ്ദാനം ചെയ്തതായി സൈബർഡോം മേധാവി കൂടിയായ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സൈബർഡോം ഒാപ്പറേഷൻ ഒാഫിസർ ശ്യാംകുമാർ, അംഗങ്ങളായ ആർ.യു.രഞ്ജിത്, എ.അസറുദ്ദീൻ, എസ്.എസ്.വൈശാഖ്, എസ്.സതീഷ്, ആർ.കെ.രാജേഷ്, എ.പ്രമോദ്, ആർ.പി.രാജീവ്, ശ്യാം ദാമോദരൻ എന്നിവരടങ്ങിയതാണു സൈബർ സംഘം. എല്ലാ ജില്ലകളിലും എസ്പിമാരുടെ കീഴിൽ ഹണ്ട് ടീം സജീവമാണ്.
ഇന്റർപോൾ മുതൽ ഏജൻസികൾ
കുട്ടികളുടെ ലൈംഗികത ചൂഷണം ചെയ്യുന്നവരെ നേരിടാൻ വിവിധ സംഘടനകൾ രംഗത്തുണ്ട്. ഇന്റർപോൾ–ക്രൈം എഗെയ്ൻസ്റ്റ് ചിൽഡ്രൻ യൂണിറ്റ് ആൻഡ് ഇന്റർനാഷനൽ സെന്റർ ഫോർ മിസിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻസ് (ഐസിഎംഇസി), വി പ്രൊട്ടക്റ്റ്, ഇന്ത്യ ചൈൽഡ് പ്രൊട്ടക്‌ഷൻ ഫണ്ട് (ഐസിപിഎഫ്), സൈബർ പീസ് ഫൗണ്ടേഷൻ, പ്രൊജക്റ്റ് വിഐസി, ഒാസ്ട്രേലിയൻ ഇ–സേഫ്റ്റി കമ്മിഷണർ, ചൈൽഡ് റെസ്ക്യൂ കോയിലേഷൻ, ആവിയടോർ, ബോധിനി എന്നിവ അതതു മേഖലകളിലെ സന്നദ്ധ പ്രവർത്തകരെയും സംഘടനകളെയും നീക്കങ്ങളിൽ പങ്കാളികളാക്കുന്നുണ്ട്. സംവിധാനം പ്രാദേശികമായി വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്.
‘അതീവ ഗൗരവമായിട്ടാണ് കുട്ടികൾക്കെതിരെയുള്ള സൈബർ അക്രമങ്ങളെയും ചൂഷണത്തെയും കാണുന്നത്. ഉത്തരവാദികൾക്കെതിരെ ഒരു ദാക്ഷിണ്യവും വിട്ടുവീഴ്ചയും ഉണ്ടാകില്ല. വിവര സാങ്കേതിക വിദ്യയുടെ ഏതുരീതി സ്വീകരിച്ചാലും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാൻ കഴിയില്ല, അനുവദിക്കുകയുമില്ല. നടപടികൾ കൂടുതൽ കർക്കശമായി നടപ്പാക്കുന്നതിന് സംവിധാനം ഒരുക്കിവരികയാണ്. കുട്ടികൾക്ക് സംരക്ഷണം ഒരുക്കാൻ എല്ലാവർക്കും പൊലീസിനെ നേരിട്ടും അല്ലാതെയും സഹായിക്കാനും കഴിയും’– മനോജ് എബ്രഹാം പറഞ്ഞു.
English Summary: Child abuse video sharing, investigation