ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗം ഉദ്യോഗസ്ഥനായ എം.എസ്.ഹരികൃഷ്ണനെ ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് മർദിച്ചെന്നാരോപിച്ച് രൂക്ഷ വിമർശനവുമായി സെക്രട്ടേറിയറ്റ് ഇടതു അനുകൂല സംഘടനായ എംപ്ലോയീസ് അസോസിയേഷൻ. കേന്ദ്രത്തിലെ ‘മോട്ടാഭായി’യുടെയും ‘ഛോട്ടാഭായി’യുടെയും പാദസേവകരായ ഏതെങ്കിലും പടുജൻമങ്ങൾ സെക്രട്ടേറിയറ്റ് ജീവനക്കാരെ മൂക്കിൽ കയറ്റാമെന്നു കരുതുന്നെങ്കിൽ അത്തരക്കാരോട് ‘പോ മോനേ ലാലൂ’ എന്നേ പറയാനുള്ളെന്ന് സംഘടന പുറത്തിറക്കിയ നോട്ടിസിൽ പറയുന്നു.

കസ്റ്റംസ് അസി.കമ്മിഷണർ ലാലുവിനെതിരെയാണ് വിമർശനം. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനിലിരിക്കട്ടെയെന്നതാണ് ലാലുവിന്റെ രീതിയെന്നും നോട്ടിസിൽ പറയുന്നു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടാണ് ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വികസനക്കുതിപ്പിൽ കേരളം മുന്നേറുമ്പോൾ സംഘപരിവാരങ്ങളുടെയും കോർപറേറ്റുകളുടെയും ഷൂ നക്കി അന്വേഷണ ഏജൻസികൾ വക്കാലത്തുമായി സെക്രട്ടേറിയറ്റ് ജീവനക്കാരുടെ മേൽ കുതിരകയറാൻ ഇറങ്ങിയിരിക്കുകയാണ്. 

വലിയ വലിയ കുതിരകൾ മണ്ണുതിന്ന ചരിത്രം കസ്റ്റംസ് ഞൊണ്ടി കുതിരകൾ ഓർക്കുന്നത് നന്ന്. വിവിധ അന്വേഷണ ഏജൻസികൾ മാറി മാറി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനാകാതെ രാഷ്ട്രീയലക്ഷ്യംവച്ച് സർക്കാരിനെതിരെ പറയാൻ ജീവനക്കാരെ പീഡിപ്പിക്കുകയാണ്. എൻഐഎ പോലുള്ള ലോകമറിയുന്ന അന്വേഷണ ഏജൻസിപോലും ചോദ്യം ചെയ്തിട്ടും യാതൊന്നും കണ്ടെത്താനായിട്ടില്ല. നോട്ടിസ് കൈപ്പറ്റിയാൽ നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കുകയെന്നത് ഏതൊരാളിന്റെയും ബാധ്യതയാണ്. 

കസ്റ്റംസ് നോട്ടിസ് പ്രകാരം ഉദ്യോഗസ്ഥർ ഹാജരാകുമ്പോൾ പൂരപ്പാട്ട് പാടിയും മേശമേൽ ഇടിച്ചും പേപ്പർ വെയിറ്റ് എറിഞ്ഞും ഭീഷണിപ്പെടുത്തി നിരപരാധികളെ കുറ്റക്കാരാക്കാമെന്നാണ് കസ്റ്റംസ് കരുതുന്നത്. വിശുദ്ധ പശുവല്ലാത്ത കസ്റ്റംസിലെ ലാലുമോൻ കൂട്ടിലടച്ച വെറുമൊരു ചാവാലിയാണ്. സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെ അന്യായമായി ഉയരുന്ന കൈകൾ പീന്നീട് അവിടെ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ കരുത്തുള്ള പ്രസ്ഥാനമാണ് എംപ്ലോയിസ് അസോസിയേഷൻ. ജീവനക്കാരുടെ ആത്മാഭിമാനത്തെ തകർക്കുന്ന അന്വേഷണ ഏജൻസകളുടെ ഏത് നടപടിയെയും സംഘടന ചെറുക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു.

English Summary: Left Wing Organization's Notice Against Customs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com