ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികളെച്ചൊല്ലി റിപ്പബ്ലിക്കൻ പാർട്ടിയിൽ വിള്ളൽ. പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യണമെന്ന ആവശ്യത്തെ ചില റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധികൾ പിന്തുണയ്ക്കുന്നതു ട്രംപിനു സ്വന്തം കൂടാരത്തിൽനിന്നുള്ള തിരിച്ചടിയായി. യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിനുനേരെ ആക്രമണം നടത്താൻ കലാപകാരികൾക്കു പ്രോത്സാഹനം നൽകിയെന്നാരോപിച്ചാണു ട്രംപിനെതിരെ കുറ്റവിചാരണ (ഇംപീച്ച്‌മെന്റ്).

കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളിലും മറ്റുമായി ട്രംപിനെതിരെ ഉരുത്തിരിഞ്ഞ പ്രതിഷേധമാണ് അപ്രതീക്ഷിതമായി ഇംപീച്ച്മെന്റ് സമയത്തു ചില റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ പുറത്തെടുക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന്റെ വിജയം അംഗീകരിക്കാതിരിക്കുകയും കോടതി നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തതും അസംതൃപ്തരെ സൃഷ്ടിച്ചു.

ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സഭ ചേർന്ന വേളയിൽ കാപ്പിറ്റോൾ മന്ദിരം ആക്രമിക്കാൻ അനുയായികൾക്ക് പരോക്ഷ പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രത്യക്ഷ ചേരിതിരിവുണ്ടായി. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ഇതിനകംതന്നെ ഏതാനും റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുമ്പോൾ കൂടുതൽ പേർ പിന്തുണയ്ക്കാനും സാധ്യതയുണ്ടെന്നു വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

‘മുറിവിന്റെയും തടസ്സത്തിന്റെയും അവിചാരിത സന്ദർഭത്തിലാണു നാമിപ്പോൾ. രാജ്യദ്രോഹം, കലാപം, മരണം അങ്ങനെയെല്ലാം നടന്നിരിക്കുന്നു.’– ട്രംപിന്റെ വരവോടെ റിപ്പബ്ലിക്കൻ പാർട്ടി വിട്ട നേതാവ് സ്റ്റീവ് ഷിമിത് പറഞ്ഞു. റിപ്പബ്ലിക്കൻ നേതാവ് ലിസ് ഷെനെയും ട്രംപിനെതിരെയാണു നിൽക്കുന്നത്. യുഎസ് പ്രസിഡന്റിന്റെ ഓഫിസിനോടും സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയോടും ഇത്രയും വലിയ ചതി നടത്തിയ പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നു ലിസ് ഷെനെ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് പദവിയിൽനിന്നു ട്രംപിനെ പുറത്താക്കാനുള്ള ശ്രമത്തിനൊപ്പം പാർട്ടിയിൽനിന്നു പടികടത്താനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണെന്നാണു റിപ്പോർട്ട്. ട്രംപിനെ പ്രസിഡന്റ് പദത്തിൽനിന്നു പുറത്താക്കാൻ ഭരണഘടനയുടെ 25–ാം ഭേദഗതി പ്രയോഗിക്കണമെന്ന ആവശ്യത്തിനു യുഎസ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം കിട്ടി. എന്നാൽ ഈ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വ്യക്തമാക്കി.

English Summary: Trump's Republican wall eroding ahead of impeachment vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com