ADVERTISEMENT

വാഷിങ്ടൻ∙ ട്രംപിനെതിരെ രണ്ടാമതും ഇംപീച്ച്മെന്റ് കൊണ്ടുവരാൻ ഡെമോക്രാറ്റുകൾ നീക്കം നടത്തുമ്പോൾ രാജ്യത്തെങ്ങും 50 സ്റ്റേറ്റുകളിലും പ്രതിഷേധം ഉണ്ടായേക്കാമെന്ന എഫ്ബിഐയുടെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെ സമാധാന ആഹ്വാനവുമായി ഐക്യരാഷ്ട്ര സംഘടന (യുഎൻ) രംഗത്ത്. യാതൊരു തരത്തിലുള്ള അക്രമസംഭവങ്ങളെ പ്രോത്സാഹിപ്പിക്കുകയോ അക്രമത്തിനു ആഹ്വാനം നൽകുകയോ ചെയ്യരുതെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കളോടു ഐക്യരാഷ്ട്ര സംഘടന അഭ്യർഥിച്ചു. ജനുവരി 20ന് നടക്കുന്ന ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്കോ അതിനു ശേഷമോ യാതൊരു തരത്തിലുള്ള അക്രമസംഭവങ്ങൾ ഉണ്ടാകില്ലെന്നു തന്നെയാണ് പ്രതീക്ഷയെന്നു യുഎൻ വക്താവ് സ്റ്റീഫൻ ഡുജാറിക് സന്ദേശത്തിൽ പറഞ്ഞു. 

ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന് അക്രമമുണ്ടാകുമെന്ന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിങ്ടൻ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 24 വരെയാണ് വാഷിങ്ടൻ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജനാധിപത്യത്തിൽ വിയോജിപ്പുകൾ ഉണ്ടാകുന്നത് സാധാരണയാണെങ്കിലും അക്രമത്തിനു സ്ഥാനമില്ലെന്നും ജനാധിപത്യ പ്രക്രിയയുടെ സുഗമമായ നടത്തിപ്പു സാധ്യമാക്കണമെന്നും സ്റ്റീഫൻ ഡുജാറിക് അഭ്യർഥിച്ചു. 

അതേസമയം, ഭരണഘടനയിലെ 25ാം ഭേദഗതി ഉപയോഗിച്ച് ഡോണള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കി. ഇംപീച്ച്മെന്റ് നടപടി ഒഴിവാക്കാനും അധികാരകൈമാറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പെന്‍സ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 

കഴിഞ്ഞ ആറിനാണ് ലോകത്തെ ഞെട്ടിച്ച് ട്രംപ് അനുയായികൾ യുഎസ് പാർലമെന്റായ കാപിറ്റോൾ മന്ദിരം കയ്യേറി അട്ടിമറി നീക്കം നടത്തിയത്. യുഎസ് സമയം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് (ഇന്ത്യൻ സമയം ബുധനാഴ്ച അർധരാത്രിയോടെ) അമേരിക്കൻ ജനാധിപത്യത്തിനു തീരാക്കളങ്കമായ സംഭവങ്ങൾ ഉണ്ടായത്. പ്രകടനമായെത്തിയ നൂറുകണക്കിനു ട്രംപ് അനുകൂലികൾ പാർലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു.

ബാരിക്കേഡുകൾ തകർത്ത് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച പ്രതിഷേധക്കാരെ തടയാൻ പൊലീസിനു കഴിഞ്ഞില്ല. ഇരച്ചെത്തിയ സംഘത്തെ കണ്ട് കാവൽനിന്ന പൊലീസുകാർ പിന്തിരിഞ്ഞോടി. അക്രമികൾ സഭാ ഹാളിലെത്തിയതോടെ സുരക്ഷ കാറ്റിൽപറന്നു. സ്പീക്കർ നാൻസി പെലോസിയുടെ ഓഫിസിലടക്കം കടന്നുകയറിയ പ്രതിഷേധക്കാർ ഓഫിസ് സാധനങ്ങൾ കേടുവരുത്തി. ജനാലച്ചില്ലുകൾ അടിച്ചുതകർത്തു. പലരും കയ്യിൽ കിട്ടിയതെല്ലാം പോക്കറ്റിലാക്കി. അക്രമസംഭവങ്ങളിൽ അഞ്ചുപേരാണ് മരിച്ചത്. അതേസമയം കാപിറ്റോൾ മന്ദിരത്തിൽ നടത്തിയ ആക്രമണത്തിൽ 70 പേർക്കെതിരെ എഫ്ബിഐ കേസ് എടുത്തതായി ആക്ടിങ് അറ്റോർണി മൈക്കിൾ ഷെർവിൻ വ്യക്തമാക്കി. 

English Summary: Don't Encourage Followers To...": UN Message Ahead Of Biden Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com