രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനാവരുത്: പ്രതിപക്ഷം
Mail This Article
തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി.തോമസ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്.
പിണറായി ധൃതരാഷ്ട്രരെപ്പോലെ പുത്രിവാല്‍സല്യത്താല്‍ അന്ധനായെന്നു പി.ടി.തോമസ് ആരോപിച്ചു. സ്വപ്നസുന്ദരിക്കൊപ്പം ശിവശങ്കര്‍ കറങ്ങിയപ്പോള്‍ തടയാന്‍ മുഖ്യമന്ത്രിക്കു ഉളുപ്പില്ലായിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹത്തില്‍ സ്വപ്ന പങ്കെടുത്തിരുന്നോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
സ്വര്‍ണക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രിയാണ് അധികാരത്തിൽ. ഏതു ഫയലിലും ഒപ്പിടുന്നയാളാണ് മുഖ്യമന്ത്രിയെന്ന് എം.ശിവശങ്കര്‍ പറഞ്ഞു. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറാതിരിക്കട്ടേയെന്ന് ആശംസിക്കുന്നു. ലാവ്‍ലിൻ കേസിൽ അന്വേഷണം നടക്കുന്ന കാലത്ത് ഫയലുകൾ ചോർത്തി നൽകിയതാണ് ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിനു കാരണം.
കേരളത്തിൽ ആദ്യം ജയിലിൽ കിടന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായിയായിരിക്കും. മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരിൽനിന്ന് േകന്ദ്ര ഏജൻസികൾ വിവരങ്ങൾ തേടിയുണ്ടെങ്കിൽ അക്കാര്യം മുഖ്യമന്ത്രി തുറന്നു പറയണം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിൽ യു.വി.ജോസ് പ്രതിയെങ്കിൽ മുഖ്യമന്ത്രിയും പ്രതിയാകേണ്ടതാണ്.
ഐടി വകുപ്പിന്റെ മറവിൽ ശിവശങ്കർ ഉലകം ചുറ്റും വാലിബൻ ആയി നടന്നു. മുഖ്യമന്ത്രിയെ മറയാക്കി പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും തട്ടിപ്പ് നടത്തി. സ്വപ്നയെ മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തിയത് ആരാണെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രി പറയാതെ ആരെങ്കിലും ശിവശങ്കറിനും സ്വപ്നയ്ക്കും പണം നൽകുമോ? പ്രളയകാലം സ്വർണക്കടത്തുകാർ കൊയ്ത്തുകാലം ആക്കിയെന്നും പി.ടി.തോമസ് ആരോപിച്ചു.
English Summary: CM should not turn an underworld don’, says P T Thomas