ആരും നിയമത്തിന് അതീതരല്ല, അമേരിക്കൻ പ്രസിഡന്റും; ട്രംപിനെതിരെ നാൻസി പെലോസി
Mail This Article
വാഷിങ്ടൻ ∙ ആരും നിയമത്തിന് അതീതരല്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ രണ്ടാം തവണയും തീരുമാനമായതിനു പിന്നാലെയാണ് പെലോസിയുടെ പരാമർശം. ‘ആരും നിയമത്തിന് അതീതരല്ല, അമേരിക്കൻ പ്രസിഡന്റ് പോലും’– അവർ പറഞ്ഞു.
ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ഒപ്പിടുന്ന ചടങ്ങിലായിരുന്നു പെലോസിയുടെ പ്രസ്താവന. അതേസമയം, ഐക്യപ്പെടണമെന്നും അക്രമം ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎസ് ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടടെടുപ്പിൽ ഇംപീച്ച് ചെയ്യാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഇംപീച്ച്മെന്റിനെക്കുറിച്ച് പരാമർശിക്കാതെയായിരുന്നു ട്രംപിന്റെ വിഡിയോ സന്ദേശം. ‘ഈ നിമിഷത്തിന്റെ അഭിനിവേശങ്ങളെ മറികടന്ന് അമേരിക്കൻ ജനതയായി ഒന്നിക്കാൻ എല്ലാ അമേരിക്കക്കാരോടും ആഹ്വാനം ചെയ്യുന്നു. നമ്മുടെ കുടുംബങ്ങളുടെ നന്മയ്ക്കായി ഐക്യത്തോടെ മുന്നോട്ട് പോകാം’– ട്രംപ് വിഡിയോ സന്ദേശത്തിൽ പറയുന്നു.
രാജ്യത്തെ നടുക്കിയ കാപ്പിറ്റോൾ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് ട്രംപിനെതിരെ നടപടി. യുഎസ് ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 197നെതിരെ 232 വോട്ടുകൾക്കാണ് പ്രമേയം പാസായത്.
English Summary: Trump Urges Americans To Be "United" But Doesn't Mention Impeachment