ADVERTISEMENT

കോഴിക്കോട്∙ 16ാം വയസിൽ പ്രേംനസീറിന്റെ നായികയാകാൻ അവസരം ലഭിച്ച പെൺകുട്ടി അന്ന് അതു നിരസിച്ചു. ഇപ്പോൾ അതോർത്തു കുറ്റബോധമുണ്ടെന്നു പറയുകയാണ് അന്നത്തെ ആ പെൺകുട്ടി, ഇന്നത്തെ കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ്. 

1974ൽ പ്രേംനസീറിന്റെ നായികയാകാൻ അവസരം ലഭിച്ചതിനെ കുറിച്ചുള്ള ഓർമകൾ ബീന ഫിലിപ്പ് തന്നെ പറയുന്നു.  16 വയസുള്ളപ്പോഴാണു സംഭവം. അന്ന് മലബാർ ക്രിസ്ത്യൻ കോളജിൽ  പഠിക്കുന്ന കാലത്ത് സർവകലാശാല കലോത്സവത്തിൽ നാടകത്തിൽ അഭിനയിച്ചിരുന്നു. നാടകം കാണാൻ ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരിയും ഉണ്ടായിരുന്നു. നാടകത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 

അദ്ദേഹത്തിന്റെ അന്നത്തെ സിനിമ വനദേവതയ്ക്കായി പുതുമുഖ നായികയെ അന്വേഷിക്കുന്ന സമയമായിരുന്നു. നല്ല പൊക്കമുള്ള ഒരു പെൺകുട്ടിയെ ആയിരുന്നു അവർക്ക് വേണ്ടത്. ‌ സിനിമയിൽ അഭിനയിക്കുക എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ച് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. അതെന്തോ മോശം കാര്യമാണെന്നായിരുന്നു കരുതിയത്.  എനിക്കു പഠിച്ചാൽ മതിയെന്നു ഞാൻ ശക്തിയായി ഉറച്ചുനിന്നു. 

ദിലീപ് കുമാറിന്റെ ഹിന്ദി സൂപ്പർഹിറ്റ് സിനിമ മധുമതിയുടെ മലയാളം റീമേക്ക് ആയിരുന്നു വനദേവത. കലാകാരനായ ചന്ദ്രൻ ആദിവാസി യുവതി ദേവിയുമായി പ്രണയത്തിലാകുന്നു. പണക്കാരനും ദുഷ്ടനുമായ ബിസിനസുകാരൻ ദേവിയെ കൊലപ്പെടുത്തുന്നു.  ദേവിയുടെ മരണത്തിൽ ചന്ദ്രൻ പ്രതികാരം തീർക്കുന്നതാണു വനദേവതയുടെ കഥ. 

1976ൽ റിലീസ് ചെയ്ത വനദേവതയിൽ മധുശാല എന്ന നടിയാണ് നായികയായി എത്തിയത്.  പ്രേംനസീറിനെ കൂടാതെ അടൂർഭാസി, കെ.പി.ഉമ്മർ, കെപിഎസി ലളിത എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ. എന്തായാലും അന്ന് ആ അവസരം വേണ്ടെന്നുവച്ചതിൽ വലിയ കുറ്റബോധമുണ്ട്. കലാകാരൻമാർ എല്ലാക്കാലത്തും ആളുകളുടെ ഓർമകളിൽ ഉണ്ടാകുമെന്നു തിരിച്ചറിയുമ്പോൾ ആ അവസരം നഷ്ടപ്പെടുത്തിയതോർത്ത് ദുഃഖം തോന്നാറുണ്ട്.– ബീന ഫിലിപ്പ് പറയുന്നു. 

English Summary: Kozhikode Corporation Mayor Beena Philip Refused Chance for Acting in Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com