അയോധ്യയിൽ പള്ളി നിർമാണം 26ന്; ദേശീയ പതാക ഉയർത്തും, മരത്തൈകൾ നടും
Mail This Article
ലക്നൗ∙ അയോധ്യയിൽ മുസ്‌ലിം പള്ളി നിർമാണത്തിന് ജനുവരി 26ന് തുടക്കമാകും. മരത്തൈകൾ നട്ടും ദേശീയ പതാക ഉയർത്തിയുമായിരിക്കും നിർമാണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തുക. രാമക്ഷേത്രം നിർമിക്കുന്നതിന്റെ 25 കിലോമീറ്റർ മാറിയുള്ള അഞ്ച് ഏക്കറിലാണ് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും വരിക.
ഇന്തോ – ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) ട്രസ്റ്റിനാണ് നിർമാണ ചുമതല. റിപ്പബ്ലിക് ദിനത്തിൽ രാവിലെ 8.30നാണ് ഉദ്ഘാടനം. പള്ളി കൂടാതെ, ആശുപത്രി, മ്യൂസിയം, ലൈബ്രറി, സാമൂഹിക അടുക്കള, ഇന്തോ – ഇസ്‌ലാമിക് കൾച്ചറൽ റിസർച് സെന്റർ, പബ്ലിക്കേഷൻ നിലയം തുടങ്ങിയവയാണ് ഈ അഞ്ച് ഏക്കറിൽ വരുന്നത്.
വിദേശ സംഭാവന ഉൾപ്പെടെ ആദായനികുതി വിഭാഗത്തിൽനിന്നു ലഭിക്കേണ്ട ക്ലിയറൻസുകൾ വൈകുന്നതിനെക്കുറിച്ചും പദ്ധതിയുടെ മറ്റു വശങ്ങളെക്കുറിച്ചും ഒൻപതു ട്രസ്റ്റിമാർ ചേർന്ന യോഗത്തിൽ ഇന്നലെ ചർച്ച ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ജനങ്ങൾക്കു ബോധവത്കരണം എന്ന നിലയിലാണ് മരത്തൈ നടീലിനെ കാണുന്നതെന്ന് ഐഐസിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
English Summary: Flag Hoisting, Tree Planting For Ayodhya Mosque Ceremony On Republic Day