ചൈന ഇനി വിയർക്കും: റഷ്യയിൽ നിന്ന് 33 മിഗ്, സുഖോയ് വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ
Mail This Article
ന്യൂഡല്‍ഹി ∙ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍നിന്ന് 48,000 കോടി രൂപയ്ക്ക് 83 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു അനുമതി നല്‍കിയതിനു പിന്നാലെ റഷ്യയിൽ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പർസോണിക് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 33 അധിക യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതായി ഒൗദ്യോഗിക സ്ഥീരീകരണം. 21 മിഗ്–29 പോർവിമാനങ്ങൾക്കു പുറമേ 12 സുഖോയ്– 30 എംകെഐ വിമാനങ്ങളാണ് വാങ്ങുന്നത്. കൂടാതെ 59 മിഗ് 29 വിമാനങ്ങൾ ആധുനികവൽക്കരിക്കും. പ്രതിരോധ വസ്തുക്കൾ വാങ്ങുന്നതിന് അനുമതി നൽകുന്ന കൗൺസിലാണ് ഇതിന് അനുമതി നൽകിയത്.
നിലവിൽ ഇന്ത്യൻ സൈന്യം മിഗ് -29 യുദ്ധവിമാനത്തിന്റെ നവീകരണത്തെ പിന്തുണയ്ക്കുന്നതിനായി റഷ്യ വ്യോമസേനയുമായി പ്രവർത്തിക്കുന്നുണ്ട്. ഈ നവീകരണങ്ങൾ ജെറ്റ് വിമാനത്തിന്റെ പോരാട്ട ശേഷി മെച്ചപ്പെടുത്തുകയും പുതിയ ആയുധങ്ങളും സാങ്കേതികവിദ്യകളും സമന്വയിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും.
റഷ്യയിൽ നിന്ന് വിമാനഘടകങ്ങൾ ഇന്ത്യയിൽ എത്തിച്ച് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) വച്ചാകും ആധുനികവത്കരിക്കുക. റഷ്യ സാങ്കേതിക വിദ്യ കൈമാറുന്നതിനൊപ്പം ജീവനക്കാർക്ക് പരിശീലനവും നൽകും. ചൈനയ്ക്കെതിരെ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നൽകാൻ തയാറാണെന്ന് റഷ്യ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ മിഗ് 29, സുഖോയ്– 30 എംകെഐ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചിരുന്നു.
English Summary: India set to procure more MiG-29s, Sukhoi-30 MKI aircraft