‘എന്റെ ഭാഗ്യസ്ഥലം, സുവേന്ദുവിന്റെ നന്ദിഗ്രാമിൽ മത്സരിക്കും’; പ്രഖ്യാപനവുമായി മമത
Mail This Article
നന്ദിഗ്രാം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നു ജനവിധി തേടുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞ മാസം ബിജെപിയിലേക്ക് കൂടുമാറിയ വിമതനേതാവ് സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിനെ പ്രതിനിധീകരിച്ചിരുന്നത്. ‘നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാൻ ഇവിടെനിന്നും മത്സരിക്കും’– പൊതുയോഗത്തിൽ മമത പറഞ്ഞു.
കൊൽക്കത്തയിലെ ഭവാനിപുർ ഉൾപ്പെടെ രണ്ട് നിയോജക മണ്ഡലങ്ങളിൽനിന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മമത വ്യക്തമാക്കി. നന്ദിഗ്രാമിലെ കർഷക സമരത്തെ പിന്തുണച്ചതാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്തി 2011ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ മമതയെ സഹായിച്ചത്.
2007ൽ, നന്ദിഗ്രാമിലെ സെസ് പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. പാർട്ടിയിലെ ജനകീയ നേതാവായ സുവേന്ദു അധികാരി, ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നതിനുള്ള രാഷ്ട്രീയ മറുപടി കൂടിയാണ് നന്ദിഗ്രാമിൽ മത്സരിക്കാനുള്ള മമതയുടെ തീരുമാനമെന്നാണു കരുതുന്നത്.
English Summary: "Will Contest From Nandigram": Mamata Banerjee's Big Bengal Announcement