ADVERTISEMENT

ആലപ്പുഴ∙ കൈനകരിയില്‍ മുട്ടക്കോഴികളും താറാവുകളും ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രദേശത്തെ വളർത്തുപക്ഷികളെ നശിപ്പിക്കുന്നത് (കള്ളിങ്) ഉടൻ തുടങ്ങും. കൈനകരി തോട്ടുവാത്തലയിൽ അഞ്ഞൂറോളം  പക്ഷികളാണ് എട്ടാം തീയതി മുതൽ ചത്തത്. 

ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ ഇവയുടെ സാംപിൾ പരിശോധിച്ചതിന്റെ ഫലം ലഭിച്ചു. എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് കണ്ടെത്തിയത്. പക്ഷിപ്പനി സാധ്യത കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ എ.അലക്സാണ്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ നശിപ്പിക്കും.700 താറാവുകളെയും 1,600 കോഴികളെയും നശിപ്പിക്കേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. 

ഇതിനായി 10 അംഗ ദ്രുത പ്രതികരണ സംഘം രൂപീകരിച്ചു. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ 2 ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, 2 അറ്റന്‍ഡര്‍മാര്‍, ഒരു റവന്യൂ ഉദ്യോഗസ്ഥന്‍, ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥന്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, 2 പണിക്കാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും.

കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം പിപിഇ കിറ്റ് ഉള്‍പ്പടെ ധരിച്ചാണ് കള്ളിങ് നടത്തുന്നത്. ഇതിനായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസഡിയര്‍ ‍ നിലവിലുണ്ട്. പക്ഷികളെ കൊന്ന് മാര്‍ഗനിര്‍ദ്ദേശ പ്രകാരം കത്തിക്കും. ഇതിനുള്ള വിറക്, ഡീസല്‍, പഞ്ചസാര തുടങ്ങിയവ കൈനകരി പഞ്ചായത്ത് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

English Summary: Bird flu scare revisits Alappuzha, conformed cases reported in kainakary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com