ഗോവൻ രാജ്യാന്തര ചലച്ചിത്ര വേദിയെ കീഴടക്കി താരമായി മാർ ക്രിസോസ്റ്റം
Mail This Article
പത്തനംതിട്ട ∙ ഒടുവിൽ ആ കിരീടവും ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കയ്യടക്കി. ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏറ്റവും പ്രായമേറിയ ആത്മീയ വ്യക്തിത്വം എന്ന അപൂർവ പദവിയാണ് മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്തയായ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ 103–ാം വയസ്സിൽ തേടിയെത്തിയത്.
പ്രശസ്ത സംവിധായകൻ ബ്ലെസി തയാറാക്കിയ ‘മാർ ക്രിസോസ്റ്റത്തിന്റെ നൂറു വർഷങ്ങൾ’ എന്ന 48 മണിക്കൂർ 10 മിനുട്ട് ദൈർഘ്യമുള്ള ഇതിഹാസ ചലച്ചിത്രം 70 മിനുട്ടാക്കി ചുരുക്കിയാണ് 51–ാമതു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലെ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ എപിക് – ഡോക്യൂമെന്ററിയായി അവതരിപ്പിച്ചത്.
ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ക്രൈസ്തവ മേലധ്യക്ഷ്യൻ, ഏറ്റവും പ്രായമേറിയ വ്യക്തി, ലോകത്തെ സ്വാധീനിച്ച മഹാൻ തുടങ്ങിയ നിലകളിൽ ഇതു റെക്കോർഡാകാനാണു സാധ്യത. ഒന്നാം ലോകമഹായുദ്ധം മുതൽ കൊറോണ വരെ നേരിട്ടു കണ്ട ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമുള്ള ക്രൈസ്തവ ബിഷപ്പുമായി രാജ്യത്തെ 100 പ്രമുഖ വ്യക്തികൾ നേരിട്ടു സംവദിക്കുന്ന ഈ ഡോക്യൂമെന്ററി ഏകദേശം 5 വർഷം കൊണ്ടാണ് ചിത്രീകരിച്ചത്. ഏറ്റവും ദൈർഘ്യമേറിയ ഡോക്യൂമെന്ററി എന്ന നിലയിൽ ഗിന്നസ് റെക്കോർഡിലും ഇതു ഇടം പിടിച്ചു.
കൊറോണ വൈറസ് ബാധയില്ലായിരുന്നെങ്കിൽ ലോകചലച്ചിത്രവേദിയിലെ ഈ അപൂർവ അവസരത്തിനു സാക്ഷ്യം വഹിക്കാൻ മാർ ക്രിസോസ്റ്റം ഗോവയിൽ എത്തുമായിരുന്നുവെന്ന് സംവിധായകൻ ബ്ലെസി ഗോവയിൽ പറഞ്ഞു. അങ്ങനെയെങ്കിൽ കുപ്പായമിട്ട് ഫെസ്റ്റിവൽ വേദിയിൽ എത്തുന്ന ആദ്യ ബിഷപ്പ് എന്ന പദവിയും അദ്ദേഹത്തെ അണിയിക്കാമായിരുന്നു. 2018 ൽ പത്മഭൂഷൺ ബഹുമതിയും മാർ ക്രിസോസ്റ്റത്തെ തേടിയെത്തി.
ഈ ഏപ്രിൽ 27 ന് 103 വയസ്സു പിന്നിടാൻ ഒരുങ്ങുന്ന മാർ ക്രിസോസ്റ്റം ഇപ്പോൾ സഭയുടെ വക കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിലെ പ്രത്യേക വാർഡിൽ സഹബിഷപ്പുമാരുടെയും വൈദികരുടെയും ആശുപത്രിയുമായ ബന്ധപ്പെട്ട ജീവനക്കാരുടെയും സ്നേഹപരിചരണത്തിലാണ്.
ഫിലിം സെൻസർ ബോർഡ് ഏഴു ദിവസം കൊണ്ട് ഏഴു തവണ ചേർന്നാണ് ഹണ്ട്രഡ് ഇയേഴ്സ് ഓഫ് മാർ ക്രിസോസ്റ്റം, എ ബയോഗ്രാഫിക്കൽ സ്കെച്ച് എന്ന ഈ ഡോക്യൂമെന്ററിക്ക് അനുമതി നൽകിയതെന്ന് ബ്ലെസി ഐപ് തോമസ് ഗോവയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
English Summary: Documentary on Philipose Mar Chrysostom screened in goa film festival