ഡോളർ കടത്തുകേസിൽ പ്രവാസി മലയാളി ലഫീർ മുഹമ്മദിനെ കസ്റ്റംസ് ചോദ്യം ചെയ്തു
Mail This Article
കൊച്ചി∙ ഡോളർ, സ്വർണക്കടത്തു കേസുകളിൽ സ്പീക്കറുടെ സുഹൃത്തിനെയും വിദേശ വ്യവസായി ഉൾപ്പെടെയുള്ളവരെയും കസ്റ്റംസ് കൊച്ചി ഓഫിസിൽ ചോദ്യം ചെയ്തു. വിദേശ വ്യവസായി ലഫീർ മുഹമ്മദ് 12 മണിക്കു ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. പൊന്നാനി സ്വദേശിയായ ഇദ്ദേഹമാണ് വിദേശത്തേയ്ക്കു കടത്തിയ ഡോളർ പ്രതിപ്പട്ടികയിലുള്ള ഈജിപ്ഷ്യൻ പൗരനിൽ നിന്നു വാങ്ങിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇയാളുടെ സ്ഥാപനത്തിൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ജോലിക്ക് അപേക്ഷിച്ചിരുന്നെന്നും ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ എം. ശിവശങ്കർ ഒപ്പമുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. സ്പീക്കർ ആവശ്യപ്പെട്ട പ്രകാരം സ്വന്തം പേരിൽ സിംകാർഡ് എടുത്തു നൽകിയത് കണ്ടെത്തിയതിനെ തുടർന്നാണ് നാസറിനോട് ചോദ്യം ചെയ്യലിന് രാവിലെ പത്തുമണിക്ക് എത്താൻ ആവശ്യപ്പെട്ടത്. ഇദ്ദേഹം രാവിലെ ഒമ്പതുമണിയോടെ തന്നെ കസ്റ്റംസ് ഓഫിസിൽ എത്തിയിരുന്നു. മലപ്പുറത്തു നിന്നു രാവിലെ കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
അതേ സമയം സ്പീക്കർക്ക് ഇദ്ദേഹം എടുത്തു നൽകിയ സിംകാർഡ് സ്വർണക്കടത്ത് കേസ് പുറത്തു വന്ന ജൂലൈക്കു ശേഷം സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹം മന്ത്രി കെ.ടി. ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇവരുടെ അടുത്ത സൗഹൃദവലയത്തിൽ പെട്ടയാളാണെന്നും തിരിച്ചറിഞ്ഞിരുന്നു.
English Summary: Dollar smuggling case: Customs quiz friends of Speaker P Sreeramakrishnan