ബംഗ്ലദേശിൽ കോവാക്സീന്റെ ക്ലിനിക്കൽ ട്രയലിന് അനുമതി തേടി ഭാരത് ബയോടെക്
Mail This Article
ധാക്ക ∙ ബംഗ്ലദേശിൽ കോവിഡ് വാക്സീന്റെ ക്ലിനിക്കൽ ട്രയലിന് അനുമതി തേടി ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സീന്റെ ക്ലിനിക്കൽ ട്രയലിന് അനുമതി തേടിയതായി ബംഗ്ലദേശ് മെഡിക്കൽ റിസർച് കൗൺസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
അപേക്ഷ എത്തിക്സ് കമ്മിറ്റിക്കു മുൻപിലാണെന്നും വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ഭാരത് ബയോടെക് തയാറായില്ല. കോവാക്സീന്റെ ക്ലിനിക്കൽ ട്രയലിന് അനുമതി ലഭിച്ചാൽ ബംഗ്ലദേശിൽ ക്ലിനിക്കൽ ട്രയൽ നടത്തുന്ന ആദ്യ വാക്സീനാകും കോവാക്സീൻ.
സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്കയുടെ കോവിഷീൽഡ് വാക്സീൻ വ്യാപകമായി ലഭ്യമാക്കാൻ മ്യാൻമറും ബംഗ്ലദേശും സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടിരുന്നു. ഈ സാഹചര്യത്തിൽ ക്ലിനിക്കൽ ട്രയലിന് അനുമതി നൽകിയാലും ഉടനെ കോവാക്സീൻ ബംഗ്ലദേശ് വാങ്ങിയേക്കില്ല. ഇന്ത്യയിൽ മൂന്നാം ഘട്ട ട്രയൽ പൂർത്തിയാക്കാതെ അടിയന്തര ഉപയോഗത്തിനായി കോവാക്സീന് അനുമതി നൽകിയത് വിമർശനങ്ങൾക്കു വഴി വച്ചിരുന്നു.
Englsih Summary: India's Bharat Biotech seeks Bangladesh trial for COVID vaccine approved at home