ആന്തരികാവയവങ്ങള്‍ ചുരുങ്ങി; പൊടിയന്റെ മരണം പട്ടിണി കിടന്നെന്ന് സൂചന
Mail This Article
മുണ്ടക്കയം∙ ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ പൊടിയൻ (80) മരിച്ചതെന്ന് സൂചന നൽകി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്‍റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു.
ഏറെ ദിവസം പൊടിയന്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൂടുതൽ രാസപരിശോധന നടത്തുന്നതിലൂടെ പൊടിയൻ ഭക്ഷണം കഴിക്കാവുന്ന അവസ്ഥിയിലായിരുന്നോ എന്നും വ്യക്തമാകും. ചൊവ്വാഴ്ചയാണ് പൊടിയനെയും ഭാര്യ അമ്മിണിയെയും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്.
ഇളയ മകന്‍ റെജിയോടൊപ്പമാണ് വൃദ്ധ മാതാപിതാക്കള്‍ താമസിച്ചിരുന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പൊടിയന്‍ മരിച്ചു. അവശനിലയിലായ അമ്മിണി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മകന്‍ റെജി മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
സഹായമായി എത്തുന്നവരെ വിരട്ടിയോടിക്കാന്‍ പട്ടിയെ വീട്ടില്‍ കെട്ടിയിട്ടിരുന്നു. ചൊവ്വാഴ്ച മാതാപിതാക്കളെ ആശുപത്രിയിലേക്കു മാറ്റുമ്പോള്‍ റെജി വീട്ടിലുണ്ടായിരുന്നു. വിശദമായ ഫൊറൻസിക് പരിശോധനയ്ക്കു ശേഷമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം. നാട്ടുകാരുടെയും ചികിത്സയിൽ കഴിയുന്ന അമ്മിണിയുടെയും വിശദമായ മൊഴികൾ ശേഖരിക്കും.
English Summary: Postmortem report of 80 year old man death in Mundakayam