ADVERTISEMENT

കൊച്ചി ∙ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ വട്ടകപ്പാറ തൈപ്പറമ്പില്‍ ടി.എച്ച്.ഷെഫീഖ് (36) ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കേസ്  ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും സിബിഐക്ക് വിടാന്‍ തയാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കെ, ഷഫീഖ് തലയടിച്ചു വീഴുന്നതു താന്‍ കണ്ടുവെന്നും ചികിത്സ വൈകിയെന്നുമുള്ള വെളിപ്പെടുത്തലുമായി വിഫോര്‍ കേരള കോ–ഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ രംഗത്ത്.

shefeeq
ടി.എച്ച്. ഷെഫീഖ്

കഴിഞ്ഞ ആറാം തീയതി മുതല്‍ ജയിലില്‍ കഴിയുന്നതിനിടെ 12ാം തീയതി 14ാം നമ്പര്‍ സെല്ലിലെ അന്തേവാസി ഷെഫീഖ് നിലത്തു വീണത് തന്റെ കണ്‍മുന്നിലായിരുന്നെന്ന് അദ്ദേഹം പറയുന്നു. മറ്റ് അന്തേവാസികളുമായി സംസാരിച്ചുകൊണ്ടിരിക്കെ നേരെ എതിര്‍വശത്തെ സെല്ലിലൂടെ നടക്കുകയായിരുന്ന ഷെഫീഖ് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി തലതല്ലി നിലത്തേയ്ക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് മറ്റ് തടവുകാര്‍ അടുത്തെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി.

ജയില്‍ അധികൃതര്‍ സെല്ലിലെത്തിയിട്ടും കയ്യില്‍ താക്കോല്‍ കൊടുക്കുന്നതു പോലെയുള്ള അപരിഷ്‌കൃത ചികിത്സകള്‍ക്കാണ് മുതിര്‍ന്നതെന്ന് നിപുണ്‍ പറയുന്നു. ഷെഫീഖ് തലയടിച്ചു വീണത് പറഞ്ഞിട്ടും രക്തം വാര്‍ന്നു കിടക്കുമ്പോഴും ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ അധികൃതര്‍ തയാറായില്ലെന്നും സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം മരിക്കില്ലായിരുന്നെന്നും നിപുണ്‍ പറയുന്നു.

ഷെഫീഖിന്റെ നില ഗുരുതരമായതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. തുടര്‍ന്ന് 13ന് ഉച്ചകഴിഞ്ഞു 3.10നാണ് അദ്ദേഹം മരിച്ചത്. തന്റെ കണ്‍മുന്നില്‍ കണ്ട കാര്യമാണു പറഞ്ഞതെന്നും അതിനു മുമ്പ് പൊലീസ് മര്‍ദിച്ചിരുന്നോ എന്നു വ്യക്തമല്ലെന്നും നിപുണ്‍ മനോരമ ഓണ്‍ലൈനോടു പ്രതികരിച്ചു.

പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിപ്രകാരം ഷെഫീഖിന്റെ തലയ്ക്കു പിന്‍വശത്ത് ഉറച്ച പ്രതലത്തില്‍ വീണതു മൂലമോ എന്തെങ്കിലും വസ്തു തട്ടിയതു കൊണ്ടോ ഉണ്ടാകുന്ന പരുക്ക് സംഭവിച്ചിരുന്നതായാണ് പറയുന്നത്. പരുക്കിന്റെ കാഠിന്യം കൊണ്ട് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും മൊഴിയില്‍ പറയുന്നു.

അതേസമയം, ഷെഫീഖിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങളുമായി ഭാര്യ സെറീന ഉള്‍പ്പടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. തലയ്ക്കു പിന്നിലെ മുറിവിനു കാരണം പൊലീസ് മര്‍ദനമാണെന്നായിരുന്നു പിതാവ് ഷെഫീഖിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്.

ജയിലില്‍ ചികിത്സ വൈകുന്ന അനാസ്ഥ വേറെയും ഉണ്ടായിട്ടുണ്ടെന്നു നിപുണ്‍ പറയുന്നു. 13-ാം സെല്ലിലെ വയോധികനായ കുര്യന്‍ എന്ന അന്തേവാസി വീണു കയ്യൊടിഞ്ഞിട്ടും ചികിത്സ വൈകിപ്പിക്കുകയും ഒടിഞ്ഞ കയ്യുമായി സെല്ലിലടയ്ക്കുകയും ചെയ്തതായും നിപുണ്‍ പറഞ്ഞു. കയ്യൊടിഞ്ഞതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും അദ്ദേഹം പ്രയാസപ്പെടുകയാണ്.

ജയിലില്‍ ഭക്ഷണം വിളമ്പുന്നത് വൃത്തിഹീന സാഹചര്യത്തിലാണെന്നും കോവിഡ് ഫലം വരുന്നതു വരെ പ്രതികളെ താമസിപ്പിക്കുന്ന ഇവിടെ യാതൊരു പ്രോട്ടോക്കോളും പാലിക്കുന്നില്ലെന്നും നിപുണ്‍ പറയുന്നു. ജയിലിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും റിമാന്‍ഡ് ചെയ്യുന്ന മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഉത്തരവാദിത്തമുള്ളവരാണെന്നും നിപുണ്‍ കുറ്റപ്പെടുത്തി.

English Summary: Nipun Cherian on TH Shefeek's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com