അന്ന് നിയമസഭയിൽ ഉമ്മൻ ചാണ്ടിക്കൊപ്പം ഞാനും; ഓര്‍ത്തെടുത്ത് മുഖ്യമന്ത്രി പിണറായി
Mail This Article
തിരുവനന്തപുരം ∙ നിയമസഭാംഗമെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അഭിനന്ദിച്ച് സംസ്ഥാന നിയമസഭ. 1970ലെ നാലാം കേരള നിയമസഭയിലാണ് ഉമ്മൻ ചാണ്ടി അംഗമായി എത്തുന്നതെന്നും ആ സഭയിൽ താനും അംഗമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ 14–ാം നിയമസഭയിൽ രണ്ട് അംഗങ്ങളെ 50 വർഷം പിന്നിട്ട വേളയിൽ അഭിനന്ദിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും ജനങ്ങളുടെ അംഗീകാരം നേടി പൊതുരംഗത്ത് കർമനിരതനാകാൻ ഉമ്മൻ ചാണ്ടിക്ക് പൂർണ ആരോഗ്യം ഉണ്ടാകട്ടെയെന്നും ആശംസിച്ചാണ് മുഖ്യമന്ത്രി വാക്കുകൾ നിർത്തിയത്.
അടി മുതൽ മുടി വരെ പ്രവർത്തന സന്നദ്ധതയും ജനങ്ങൾക്കിടയിൽ സവിശേഷവും അപൂർവവുമായ ലഹരിയോടെ ജീവിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി, പാഠപുസ്തകം പോലെ പഠനാർഹമാണെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്വന്തം ശരീരത്തിലേക്ക് കല്ലു വലിച്ചെറിഞ്ഞ വ്യക്തിയെ പോലും ചേർത്തു പിടിക്കുന്ന മനോനിലയാണ് അദ്ദേഹത്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
English Summary: CM Pinarayi Vijayan about Oommen Chandy